ഒടുവില്‍ പ്രിയദര്‍ശന്‍ ഇറങ്ങുന്നു, മണിച്ചിത്രത്താഴ് 2, മോഹന്‍ലാല്‍ ഡോ.സണ്ണി!

ശനി, 20 ഏപ്രില്‍ 2013 (10:02 IST)
PRO
‘മറ്റൊരു മണിച്ചിത്രത്താഴ് എന്തുകൊണ്ട് ഉണ്ടാകുന്നില്ല?’ എന്ന ടൈറ്റിലില്‍ കഴിഞ്ഞ ദിവസം മലയാളം വെബ്‌ദുനിയ ഒരു റിപ്പോര്‍ട്ട് എഴുതിയത് ഓര്‍മ്മ കാണുമല്ലോ. ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. മണിച്ചിത്രത്താഴിന് തുടര്‍ച്ച ഉണ്ടാകുകയാണ്. ‘എന്തുകൊണ്ടാണ് മണിച്ചിത്രത്താഴ് പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ ഇപ്പോള്‍ പിറക്കാത്തത്?’ എന്ന ചോദ്യം ഉന്നയിച്ച പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ഡോ.സണ്ണി തന്നെയാണ് പുതിയ ചിത്രത്തിലെയും കേന്ദ്ര കഥാപാത്രം. ഒരിക്കല്‍ക്കൂടി മോഹന്‍ലാല്‍ ഡോ.സണ്ണിയാകുന്നു എന്ന ആവേശകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നത്. മനസിന്‍റെ ഭ്രാന്തമായ സഞ്ചാരപഥങ്ങളില്‍ തന്‍റെ പുതിയ പരീക്ഷണങ്ങളുമായി ഡോ.സണ്ണി വീണ്ടും എത്തുന്നു.

സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മണിച്ചിത്രത്താഴിലെ മറ്റ് താരങ്ങള്‍ അണിനിരക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു കോമഡി സൈക്കോ ത്രില്ലറായിത്തന്നെ പുതിയ സിനിമ ഒരുക്കാനാണ് പ്രിയദര്‍ശന്‍റെ തീരുമാനം. മണിച്ചിത്രത്താഴില്‍ സെക്കന്‍റ് യൂണിറ്റ് സംവിധായകനായിരുന്നു പ്രിയന്‍. ആ സിനിമയുടെ ഹിന്ദി റീമേക്കായ ഭൂല്‍ ഭൂലയ്യ സംവിധാനം ചെയ്തതും പ്രിയനായിരുന്നു.

അടുത്ത പേജില്‍ - പ്രിയദര്‍ശനും മോഹന്‍ലാലിനും ഫാസിലിന്‍റെ ആശീര്‍വാദം!

PRO
മണിച്ചിത്രത്താഴിലെ ഡോ.സണ്ണിയെ കേന്ദ്രമാക്കി പുതിയ സിനിമയൊരുക്കുന്നതിന് മോഹന്‍ലാലിനും പ്രിയദര്‍ശനും ഫാസിലിന്‍റെ ആശീര്‍വാദവുമുണ്ട്. യാദൃശ്ചികമായാണ് പ്രിയനും ലാലിനും ഇങ്ങനെ ഒരാശയം തോന്നിയത്. അത് വര്‍ക്കൌട്ട് ആകുമെന്ന് തോന്നിയപ്പോള്‍ ഫാസിലുമായി ചര്‍ച്ച ചെയ്തു. ഫാസില്‍ പച്ചക്കൊടി കാട്ടിയതോടെ പ്രിയന്‍ ധൈര്യമായി കളത്തിലിറങ്ങുകയായിരുന്നു.

മണിച്ചിത്രത്താഴ് പോലെ ഒരു ക്ലാസിക്കിന് തുടര്‍ച്ചയൊരുക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. രണ്ടാം ഭാഗം ആദ്യഭാഗത്തിന് മുകളില്‍ നിന്നില്ലെങ്കിലും അതിനൊപ്പമെങ്കിലും നില്‍ക്കണമെന്ന നിര്‍ബന്ധം പ്രേക്ഷകര്‍ക്കുണ്ടാകും. അതുകൊണ്ടുതന്നെ പ്രിയനും ലാലിനും ഇത് ഭാരിച്ച ഉത്തരവാദിത്തം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.

1993 ഡിസംബര്‍ 25നാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. അന്ന് ആ ചിത്രം വിതരണക്കാരുടെ ഷെയറായി നേടിയത് അഞ്ചുകോടി രൂപയാണ്. ഏഷ്യാനെറ്റ് ഒരു വര്‍ഷം 12 തവണയില്‍ കൂടുതല്‍ ആ സിനിമ സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ തവണയും പരമാവധി ടി ആര്‍ പി റേറ്റിംഗ്!
PRO


ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്നാണ് മണിച്ചിത്രത്താഴ് വിലയിരുത്തപ്പെടുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ മധു മുട്ടമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാം‌കൂറിലെ ആലുമ്മൂട്ടില്‍ തറവാട്ടില്‍ ഉണ്ടായ ഒരു ദുരന്തമായിരുന്നു മണിച്ചിത്രത്താഴ് എന്ന കഥയായി മധു മുട്ടം രൂപപ്പെടുത്തിയത്.

കേരളക്കരയില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച ഈ സിനിമ ആ വര്‍ഷത്തെ ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളില്‍ അനായാസ സഞ്ചാരം നടത്തിയ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

മണിച്ചിത്രത്താഴ് മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. നിര്‍മ്മിക്കപ്പെട്ടിട്ട് 20 വര്‍ഷമാകുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. എല്ലാ ഭാഷകളിലും വലിയ ഹിറ്റുകളായി മാറുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക