പ്രഭുദേവ - നയന്‍താര വിവാഹം ഉടന്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ തന്നെ ഒരു വ്യക്തതയില്ലായ്മ നില നിന്നിരുന്നു. ‘പ്രഭുദേവയുടെ മതംമാറ്റം നടക്കുമോ?’ എന്നതായിരുന്നു സംശയം. പ്രഭുദേവ മതം മാറി വന്നാല്‍ മാത്രമേ നയന്‍താരയുമായുള്ള വിവാഹം നടക്കൂ എന്ന് നയന്‍സിന്‍റെ മാതാപിതാക്കള്‍ ശഠിച്ചതിനെ തുടര്‍ന്നാണ് ആശയക്കുഴപ്പം നിലനിന്നത്.
എന്നാല്‍, പ്രഭുദേവയ്ക്ക് പകരം നയന്‍താര മതം മാറി എന്ന വാര്‍ത്തയാണ് പുതിയതായി ലഭിക്കുന്നത്. ക്രിസ്ത്യാനിയായ നയന്‍താര ഞായറാഴ്ച ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍സിന്‍റെ യഥാര്‍ത്ഥ പേര്. ഇനി മുതല്‍ ഹിന്ദു പേരായ ‘നയന്‍താര’ എന്നത് ഔദ്യോഗിക നാമമായി സ്വീകരിക്കും.
കൊച്ചിയില്‍ നിന്ന് ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്‍റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
ചടങ്ങിന് ശേഷം, ഹിന്ദുവായി മതം മാറിയതിന്‍റെ സര്‍ട്ടിഫിക്കേറ്റ് ക്ഷേത്രം ഭാരവാഹികള്‍ നയന്‍താരയ്ക്ക് നല്‍കി. ഞായറാഴ്ച വൈകുന്നേരത്തെ വിമാനത്തിന് നയന്‍സ് കൊച്ചിയിലേക്ക് പറക്കുകയും ചെയ്തു.
നയന്‍താര ഹിന്ദുമതം സ്വീകരിച്ചതോടെ പ്രഭു - നയന്‍സ് വിവാഹത്തിനുള്ള അവസാന തടസവും നീങ്ങി. ഓണത്തോടനുബന്ധിച്ച് മുംബൈയില്‍ വിവാഹം നടത്താനാണ് തീരുമാനം. വിവാഹത്തിന് മുമ്പ് നയന്‍സിന്‍റെ അവസാന സിനിമയായ തെലുങ്ക് ചിത്രം ‘ശ്രീരാമരാജ്യം’ റിലീസ് ചെയ്യും. ഈ ചിത്രത്തില്‍ ശ്രീരാമ പത്നിയായ സീതാദേവിയായാണ് നയന്‍താര അഭിനയിച്ചിരിക്കുന്നത്.