എന്നെ പീഡിപ്പിക്കാന്‍ സച്ചിന്‍ ശ്രമിച്ചിട്ടില്ല: പ്രിയാമണി

വ്യാഴം, 17 ഏപ്രില്‍ 2014 (18:01 IST)
PRO
മുംബൈ ഹീറോസുമായുള്ള സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിന് ശേഷം നടന്ന പാര്‍ട്ടിക്കൊടുവില്‍ നടി പ്രിയാമണിയെ മുംബൈ ഹീറോസ് താരം സച്ചിന്‍ ജോഷി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത സിനിമാലോകത്ത് കത്തിപ്പടര്‍ന്നിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് പ്രിയാമണി രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രിയാമണിയുടെ ട്വിറ്റര്‍ കുറിപ്പിലൂടെയാണ് ഈ സംഭവത്തിന്‍റെ സൂചനകള്‍ ലോകമറിഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് പ്രിയാമണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് പ്രിയ പറയുന്നത്. “എങ്ങനെ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല. ഇത് എന്‍റെയും സച്ചിന്‍ ജോഷിയുടെയും ഇമേജിനെ പ്രതികൂലമായി ബാധിക്കും” - പ്രിയ വ്യക്തമാക്കുന്നു.

“ക്രിക്കറ്റ് മത്സരത്തിന് ശേഷം നടന്ന പാര്‍ട്ടിയില്‍ സച്ചിന്‍ ജോഷിയെ പരിചയപ്പെടുത്തിയത് ഞാന്‍ ആണ്. എനിക്ക് മുംബൈ ഹീറോസിലെ പല താരങ്ങളെയും നേരത്തേ പരിചയമുണ്ട്. ഞങ്ങള്‍ പരസ്പരം പരിചയം പുതുക്കുക മാത്രമാണ് ഉണ്ടായത്” - പ്രിയ പറയുന്നു.

“എന്‍റെ ഇമേജിന് ദോഷമുണ്ടാകുമെന്ന് കരുതുന്നതുകൊണ്ടല്ല ഇത് നിഷേധിക്കുന്നത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നതാണ് സത്യം. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ തന്നെ പറയുമായിരുന്നു” - പ്രിയാമണി വിശദീകരിച്ചു.

ക്രിക്കറ്റ് മത്സരത്തിന് ശേഷം പുലര്‍ച്ചെ നാലുമണി വരെ നീണ്ട പാര്‍ട്ടിക്ക് ശേഷം താരങ്ങള്‍ മുറികളിലേക്ക് മടങ്ങുമ്പോഴായിരുന്നു സച്ചിന്‍ ജോഷി പ്രിയാമണിയെ അപമാനിക്കാന്‍ ശ്രമിച്ചത് എന്നായിരുന്നു നേരത്തേ ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഇത് കണ്ടുകൊണ്ടുവന്ന ശ്രീശാന്ത് സച്ചിന്‍ ജോഷിയെ തടയുകയായിരുന്നുവത്രെ. പ്രിയ ഇക്കാര്യം നിഷേധിച്ചതോടെ വിവാദം കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക