ഈ ഷാജി കൈലാസ് എന്തൊരു മനുഷ്യനാണ് ! - പൃഥ്വിരാജ്

തിങ്കള്‍, 18 ജൂണ്‍ 2012 (16:27 IST)
PRO
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘സിംഹാസനം’ റിലീസിന് തയ്യാറായി. പൃഥ്വിരാജ് നായകനായ ഈ ചിത്രം മരിയോ പുസോയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന ക്ലാസിക്കിന്‍റെ മലയാളം പതിപ്പാണ്. ‘നാടുവാഴികള്‍’ എന്ന മലയാള ചിത്രവുമായും സിംഹാസനത്തിന് സാദൃശ്യമുണ്ട്.

പൃഥ്വിരാജ് ആദ്യമായല്ല ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുമ്പ് ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ആ ചിത്രം പൂര്‍ത്തിയായില്ല. എന്തായാലും ഷാജി കൈലാസ് എന്ന സംവിധായകനെക്കുറിച്ച് പറയുമ്പോള്‍ പൃഥ്വിരാജിന് നൂറുനാവാണ്.

“ഷാജി കൈലാസ് ഒരു ഫന്‍റാസ്റ്റിക് ടെക്നീഷ്യനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അദ്ദേഹത്തിന് സിനിമയോടുള്ള ആവേശം, അത് കണ്ടറിയേണ്ടതു തന്നെയാണ്. ഞാന്‍ ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യാനായി രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കുമ്പോള്‍ അന്നത്തെ സീനുകള്‍ പ്ലാന്‍ ചെയ്യാനായി അദ്ദേഹവും ഉണ്ടര്‍ന്നിട്ടുണ്ടാകും” - പൃഥ്വിരാജ് പറയുന്നു.

“എന്താണ് തനിക്ക് വേണ്ടത് എന്നതിനെക്കുറിച്ച് ഷാജി കൈലാസിന് നല്ല ബോധ്യമുണ്ട്. സെറ്റിലെത്തിയ ശേഷം കാര്യങ്ങള്‍ തീരുമാനിച്ച് സമയം പാഴാക്കുന്ന ആളല്ല അദ്ദേഹം. ഈ സ്വഭാവമാണ് അദ്ദേഹത്തെ ഒരു എഫിഷ്യന്‍റ് ഡയറക്ടറാക്കുന്നത്” - പൃഥ്വി വ്യക്തമാക്കുന്നു.

“സിംഹാസനം ഗോഡ്ഫാദറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ചതാണ്. ഇക്കാലത്തെ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ‘നമുക്ക് നാടുവാഴികള്‍ റീമേക്ക് ചെയ്യാം’ എന്ന ഷാജി സാറിന്‍റെ ചോദ്യത്തില്‍ നിന്നാണ് സിംഹാസനത്തിന്‍റെ തുടക്കം. നാടുവാഴികളും ഗോഡ്ഫാദറില്‍ നിന്ന് ഉണ്ടായതുതന്നെ. എന്നാല്‍ സിംഹാസനം നാടുവാഴികളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ചിത്രമാണ്” - പൃഥ്വിരാജ് അറിയിക്കുന്നു.

വെബ്ദുനിയ വായിക്കുക