ഇടവേള ബാബുവിന്‍റെ രാജിയില്‍ ഗണേഷ് ഇടപെട്ടെന്ന് കരുതുന്നില്ല, ബാബുവിന്‍റെ കളി മ്ലേച്ഛം, ‘അമ്മ’ മറുപടി പറയണം: വിനയന്‍
ഇടവേള ബാബു കെ എസ് എഫ് ഡി സിയില്‍ നിന്ന് രാജിവച്ചതിന് പിന്നില്‍ കെ ബി ഗണേഷ്കുമാറാണെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍. ഗണേഷിന്‍റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു വിലകുറഞ്ഞ നടപടി ഉണ്ടാകുമെന്ന് കരുതാനാവില്ലെന്നും വിനയന്‍ പറഞ്ഞു. കെ എസ് എഫ് ഡി സിയില്‍ തിരിച്ചുകയറാനുള്ള ഇടവേളബാബുവിന്‍റെ കളികള്‍ മ്ലേച്ഛമാണെന്നും ബാബു പക്വതയില്ലായ്മ കാണിക്കുകയാണെന്നും വിനയന്‍ ആക്ഷേപിച്ചു.
ഇടവേള ബാബു രാജിവച്ചതുകൊണ്ട് ഗണേഷിന് ഗുണമൊന്നുമില്ല. ബാബുവിന്‍റെ കളികള്‍ കാണുമ്പോള്‍ അതൊരു കോമഡി സിനിമയുടെ സ്ക്രിപ്റ്റ് പോലെ തോന്നുന്നു. ബാബു അത്ര വലിയൊരു സംഘാടകനൊന്നുമല്ല. രാജ്മോഹന്‍ ഉണ്ണിത്താന് ബാബു പോയതുകൊണ്ട് പ്രശ്നമൊന്നുമില്ല. ഉണ്ണിത്താന്‍ മോശമല്ല. ഞങ്ങള്‍ക്കൊക്കെ നല്ല ബന്ധമുള്ളയാളാണ് - വിനയന്‍ വ്യക്തമാക്കി.
ഗണേഷ് പറഞ്ഞിട്ടാണ് താന്‍ രാജിവച്ചതെന്ന് ഇടവേള ബാബു പറയുന്ന ഓഡിയോ ടേപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. “ഗണേഷനാണ് എന്നെ അവിടെ വച്ചത്. ഗണേഷന്‍ മാറാന്‍ പറയുമ്പോള്‍ ഞാന്‍ എന്തു ചെയ്യും. എല്ലാവരും രാജിവയ്ക്കുമ്പോള്‍ ഞാന്‍ മാത്രം രാജിവച്ചില്ലെങ്കില്‍ ഞാന്‍ കരിങ്കാലിയാകും. ഞാന്‍ സി എമ്മിന്‍റെ കൂടെയിരിക്കാനും തയ്യാറാണ്. നരേന്ദ്രമോഡി ചെയര്‍മാനായാലും ഞാന്‍ ഒപ്പം ജോലി ചെയ്യാന്‍ തയ്യാറാണ്” - ഇങ്ങനെയാണ് ആ ഓഡിയോ ടേപ്പില്‍ ബാബുവിന്‍റെ വാക്കുകള്‍.