അസിന് മറുപടി, നയന്‍സും ഹിന്ദിയില്‍!

തിങ്കള്‍, 20 ജൂലൈ 2009 (19:30 IST)
PROPRO
അസിന്‍ തോട്ടുങ്കലും തിരുവല്ലക്കാരിയായ നയന്‍‌താരയും തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരാണ്. സത്യന്‍ അന്തിക്കാടിന്റെ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന സിനിമയിലൂടെയാണ് അസിന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ സത്യന്റെ തന്നെ ‘മനസിനക്കരെ’ എന്ന ചിത്രമാണ് നയന്‍‌താരയുടെ ആദ്യ സിനിമ.

അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും കോടമ്പാക്കത്ത് എത്തുന്നത്. ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’യിലൂടെ അസിന്‍ തന്റെ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ‘അയ്യ’ എന്ന സിനിമയിലൂടെയാണ് നയന്‍‌താര തമിഴില്‍ കസേരയുറപ്പിച്ചത്. മിനിറ്റുകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ളവരാണ് ഇപ്പോള്‍ ഈ താരങ്ങള്‍.

വിജയ്, അജിത്, സൂര്യ തുടങ്ങിയ മിക്ക യുവതാരങ്ങളോടൊപ്പവും ഇരുവരും അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ ‘ശിവകാശി’ എന്ന സിനിമയിലും സൂര്യ നായകനായ ‘ഗജിനി’ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. പരസ്പരം നല്ല സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്ന ഇവര്‍ തമ്മില്‍ ആരോഗ്യകരമായൊരു മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അത് കളവാകില്ല.

മികച്ച താരങ്ങളോടൊപ്പം ഇരുവരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മുപ്പതോളം സിനിമകള്‍ ചെയ്തിട്ടുള്ള നയന്‍‌താര തന്നെയാണ് എണ്ണത്തിന്റെ കാര്യത്തില്‍ മുന്‍‌പന്തിയില്‍. എന്നാല്‍ ഹിറ്റുകളുടെ കാര്യത്തില്‍ അസിനാണ് ഒന്നാം സ്ഥാനം. സൂപ്പര്‍ സ്റ്റാര്‍ രജനിയോടൊപ്പം നയന്‍‌താര ചന്ദ്രമുഖിയിലും ശിവാജിയിലും അഭിനയിച്ചപ്പോള്‍ ദശാവതാരത്തില്‍ ഉലകനായകന്‍ കമലാസാഹന്റെ നായികയായി അസിന്‍ മധുരപ്രതികാരം ചെയ്തത് നമ്മള്‍ കണ്ടതാണ്.

രണ്ടുപേരുടെയും കരിയര്‍ ഗ്രാഫ് പരിശോധിക്കുമ്പോള്‍ അസിന് തന്നെയാണ് ചെറിയ മുന്‍‌തൂക്കമെന്ന് കാണാം. കാരണം, മല്ലുവുഡും കോളിവുഡും വിട്ട് ബോളിവുഡിലാണല്ലോ അസിനിപ്പോള്‍. ഹിന്ദി ‘ഗജിനി’യുടെ വന്‍ വിജയത്തോടെ ബോളിവുഡ് വന്‍‌കിട നായികമാരുടെ പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അസിന്‍. ഒപ്പം ‘ലണ്ടന്‍ ഡ്രീം‌സ്’ എന്ന സിനിമയില്‍ സല്‍മാന്‍ ഖാന്‍, അജയ് ദേവ്‌ഗണ്‍ എന്നിവരോടൊപ്പം അഭിനയിച്ച് കൊണ്ടിരിക്കുകയുമാണ്.

അസിന്റെ ബോളിവുഡ് പ്രവേശനം നയന്‍‌താരയെ അല്‍‌പം വിഷമത്തിലാക്കി എന്നത് ശരി തന്നെ. എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ കക്ഷി ഒരുക്കമല്ല. അസിന് പിന്നാലെ ബോളിവുഡിലേക്ക് കടക്കാന്‍ നയന്‍‌താര പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. പ്രഭുദേവ സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയിലൂടെയാണ് ബോളിവുഡിലേക്ക് നയന്‍‌താര പ്രവേശിക്കുന്നത്. വന്‍ ബജറ്റില്‍ നിര്‍മിക്കുന്ന ഈ സിനിമയില്‍ സല്‍‌മാന്‍ ഖാനാണ് നായകന്‍.

ഇനിയിപ്പോള്‍ എന്തുചെയ്യും എന്നാണ് അസിന്റെ ചിന്ത. ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറിയാലോ എന്ന് അസിന്‍ ചിന്തിച്ചാലും അതിശയിക്കാനില്ല! കൊഴുക്കട്ടെ, മത്സരം കൊഴുക്കട്ടെ!

വെബ്ദുനിയ വായിക്കുക