കോളിവുഡില്‍ താരത്തിളക്കം ഏറെക്കാലം നിലനിര്‍ത്തിയ അസിന്‍ ഇപ്പോള്‍ ബോളിവുഡ് താരമായിരിക്കുന്നു, അതോടൊപ്പം അസിനെ പിന്തുടര്‍ന്ന് ഗോസിപ്പുകളുടെ പ്രവാഹവുമാണ്. എന്നാല്‍, ഇവയൊന്നും സത്യമല്ല എന്നാണ് അസിന്‍റെ പക്ഷം.
ജിമ്മില്‍ പോയി ജോലിചെയ്ത് മസില്‍ വച്ചാണ് ഗജിനിക്കു വേണ്ടി ആമിര്‍ ഖാന്‍ ഒരുങ്ങിയിറങ്ങിയത്. അസിന്‍ ഗജിനിയില്‍ വെട്ടിത്തിളങ്ങിയതോടെ സ്വതേ മസിലുള്ള സല്‍മാനും അസിനൊപ്പം ലണ്ടന്‍ ഡ്രീമില്‍ അഭിനയിക്കാന്‍ പറ്റി. ഗോസിപ്പൊന്നും ഏശാതിരുന്ന അസിനെയും സല്ലുവിനെയും ചേര്‍ത്ത് കഥകളും പ്രചരിച്ചു. എന്നിട്ടും ഈ താരസുന്ദരി കുലുങ്ങിയില്ല.
ഗോസിപ്പുകാര്‍ക്ക് അസിനോട് നേരിട്ട് ഒന്ന് ഏറ്റുമുട്ടിയാലെന്തെന്ന് തോന്നി. അവര്‍ നേരിട്ടൊരു ചോദ്യമെറിഞ്ഞു, സല്ലുവിന്‍റെ ശരീരപ്രകൃതമോ ആമിറിന്‍റെ ശരീരപ്രകൃതമോ ഇഷ്ടം? കുഴഞ്ഞില്ലേ. അസിന്‍ പക്ഷേ അതിനെയും വിദഗ്ധമായി മറികടന്നു...സല്‍മാന് സ്വതേ നല്ല മസിലുള്ള ശരീരമല്ലേ, ഗജിനിക്കു വേണ്ടി പരിശ്രമിച്ചു നേടിയെടുത്ത ശരീരമാണ് ആമിറിന്‍റേത്. അസിന്‍റെ ഈ മറുപടി കേട്ടാല്‍ ആരും പിണങ്ങില്ല സ്വതേ പിണക്കക്കാരനായ സല്ലു പോലും !
മുമ്പ് ഗജിനിയിലെ രണ്ടാം നായികയായ ജിയ തന്നെക്കാള്‍ തിളങ്ങുന്നോ എന്നാലോചിച്ചായിരുന്നു അസിന്‍ വിഷമിച്ചിരുന്നത് എന്നൊരു വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍, ജിയയുടെ വീട്ടുകാരുമായി പോലും തനിക്ക് നല്ല അടുപ്പമാണെന്നാണ് ഈ തെക്കന്‍ സുന്ദരിയുടെ ഇപ്പോഴത്തെ പറച്ചില്‍!