മുന്‍കാല നായിക ജൂഹിചൌളയ്‌ക്ക് അമീഷപട്ടേലിന്‍റെ പകരക്കാരിയാകാന്‍ കഴിയുമോ, അതും സൂപ്പര്‍താരം ഷാരൂഖിന്‍റെ കൂടെയാകുമ്പോള്‍.? ഇതറിയണമെങ്കില്‍ ഷാരൂഖിന്‍റെ പുതിയ ചിത്രം ബില്ലൂ ബാര്‍ബറിന്‍റെ സെറ്റിലെത്തണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ബില്ലൂ ബാര്‍ബറില്‍’ ഇപ്പോള്‍ അമീഷയ്‌ക്ക് പകരം ജൂഹിയാണെന്ന് കേള്‍ക്കുന്നു.
ഇക്കാര്യം തന്നെയാണ് ഇപ്പോള്‍ ബോളീവുഡിന്‍റെയും സംസാരം. വിലപ്പെട്ട സൌഹൃദങ്ങള്‍ സൂക്ഷിക്കാറുള്ള ഷാരൂഖിന്‍റെ രക്ഷയ്‌ക്ക് പലപ്പോഴും ചങ്ങാതി ജൂഹി എത്തിയ കഥകള്‍ ഇതിനു മുമ്പും കേട്ടിട്ടുണ്ട്. ഇത്തവണയും ജൂഹി ഷാരൂഖിനെ രക്ഷിക്കാന്‍ എത്തുകയായിരുന്നത്രേ. ആദ്യം കേട്ടിരുന്ന നായിക അമീഷ പട്ടേല്‍ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നും പോയപ്പോള്‍ പകരമെത്തിയത് ജൂഹി ചൌളയും. സിനിമയില്‍ കാര്യമായി ശ്രദ്ധിക്കാത്ത ജൂഹിക്ക് ഇത് മികച്ച അവസരമാകും.
മലയാള ചിത്രം ‘കഥ പറയുമ്പോള്‍’ ആണ് ബില്ലൂ ബാര്‍ബറാകുന്നത്. ഇതില്‍ മീനയുടെ വേഷമാണ് അമീഷയിലൂടെ പറന്ന് ജൂഹിയില്‍ എത്തിയിരിക്കുന്നത്. ഇര്‍ഫാന്‍ ഖാനാണ് ശ്രീനിവാസന്‍ ചെയ്ത ബാര്‍ബര്‍ വേഷത്തില്‍. ചെറിതെങ്കിലും അഭിനയപ്രധാന്യമുള്ള വേഷമാണിത്. എന്തായാലും ജൂഹിയുടെ സൌഹൃദം ഇത്തവണയും ഷാരൂഖിനു തുണയായി.
ചിത്രങ്ങളുടെ കാര്യത്തില്‍ പരസ്പര സഹായം ഇരുവരും ചെയ്യുന്നുണ്ട്. അടുത്ത കാലത്ത് ഷാരൂഖ് നിര്‍മ്മിച്ച ചില ചിത്രങ്ങളില്‍ ജൂഹി വന്നുപോയി. ഷാരൂഖിന്‍റെ പഹേലിയില്‍ ജൂഹി അതിഥിവേഷം ചെയ്തിരുന്നു. ഇതിനു മറുപടി എന്നവണ്ണം ജൂഹി പ്രധാന വേഷം ചെയ്യുന്ന രവി ചോപ്രയുടെ ഭൂത് നാഥില്‍ ഷാരൂഖ് അതിഥി വേഷം ചെയ്യുന്നുണ്ട്.