അഞ്ചുതെങ്ങിലെ പ്രണയത്തിന് ദുല്‍ക്കര്‍, കൂട്ടുവരാന്‍ മാധവന്‍, ‘രജനികാന്തിന്‍റെ മകള്‍’ നായിക !
വെള്ളി, 29 ജനുവരി 2016 (15:29 IST)
ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ ചിത്രത്തിന് ‘ലവ് ഇന്‍ അഞ്ചുതെങ്ങ്’ (Love In Anjengo) എന്ന് പേരിട്ടു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് അഞ്ജലി മേനോനാണ്.
ഒരു പ്രണയകഥ പറയുന്ന സിനിമയ്ക്ക് രാജീവ് മേനോനാണ് ക്യാമറ ചലിപ്പിക്കുന്നത്. ‘കബാലി’യില്‍ രജനികാന്തിന്‍റെ മകളായി അഭിനയിക്കുന്ന ധന്‍സികയാണ് ലവ് ഇന്‍ അഞ്ചുതെങ്ങില്‍ ദുല്‍ക്കറിന്‍റെ നായിക. തമിഴ് - ഹിന്ദി താരം മാധവന്‍ ഈ സിനിമയില്‍ ഒരു അതിഥിവേഷത്തിലെത്തും. അതിഥി വേഷമാണെങ്കിലും കഥയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായിരിക്കും മാധവന്‍റേത്.
നെടുമുടി വേണു, മണിയന്‍പിള്ള രാജു, ജേക്കബ് ഗ്രിഗറി, ലാലു അലക്സ്, സൌബിന്‍ ഷാഹീര്‍ തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. ദുല്‍ക്കറിന് ഉസ്താദ് ഹോട്ടലും ബാംഗ്ലൂര്‍ ഡെയ്സും സമ്മാനിച്ച അഞ്ജലി മേനോന്‍ ലവ് ഇന്‍ അഞ്ചുതെങ്ങിലൂടെ മറ്റൊരു മെഗാഹിറ്റ് സൃഷ്ടിക്കുമെന്ന് കരുതാം.
ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളും മീണ്ടും ഒരു കാതല്‍ കഥൈ, ജീവ, വെട്രിവിഴ, മൈഡിയര്‍ മാര്‍ത്താണ്ഡന്‍, മകുടം, ആത്മ, സീവലപ്പേരി പാണ്ടി, ലക്കി മാന്‍ എന്നീ തമിഴ് ചിത്രങ്ങളും ചൈതന്യ എന്ന തെലുങ്ക് ചിത്രവും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തിട്ടുണ്ട്.