ദുല്‍ഖറും നിവിന്‍ പോളിയുമൊന്നുമല്ല... ബിജു മേനോനാണ് താരം !

തിങ്കള്‍, 31 ജൂലൈ 2017 (12:46 IST)
വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ശക്തമായ സഹനടനായി മാറിയ വ്യക്തിയാണ് ബിജു മേനോന്‍. തുടര്‍ന്നാണ് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നായകനായി അദ്ദേഹം വളര്‍ന്നത്. തുടര്‍ന്ന് ബിജു മേനോന്‍ നായകനായി എത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാനും ആ ചിത്രങ്ങള്‍ക്കായി. 
 
കേരളത്തില്‍ മാത്രമല്ല ഓവര്‍ സീസിലും മികച്ച നേട്ടമുണ്ടാക്കാന്‍ ബിജു മേനോന്‍ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു. ബിജു മേനോന് നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് രക്ഷാധികാരി ബൈജു. കേരളത്തില്‍ 100 ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ച ഈ ചിത്രം യുഎഇ ബോക്‌സ് ഓഫീസില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളെയെല്ലാം പിന്നിലാക്കി ഇപ്പോളും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. 
 
വിഷു റിലീസ് ചിത്രമായി തിയറ്ററുകളിലെത്തിയ സിനിമകളില്‍ രണ്ട് കോടി രൂപയാണ് യുഎഇ ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം ഇതുവരെ കളക്ട് ചെയ്തത്. ഈ ചിത്രത്തിന് തൊട്ടുപിന്നിലുള്ളത് ദുല്‍ഖര്‍ നായകനായ ചിത്രം സിഐഎയും ടൊവിനോയുടെ ചിത്രം ഗോദയുമാണ്. ഇരുചിത്രങ്ങളും യഥാക്രമം 1.92 കോടിയും 1.91 കോടിയുമാണ് നേടിയത്. അതേസമയം, 1.26 കോടിയാണ് നിവന്‍ പോളി ചിത്രമായ സഖാവിന് നേടാന്‍ കഴിഞ്ഞത്.
 
അതേസമയം, മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ക്കാണ് യുഎഇയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്ത് ചിത്രം പുത്തന്‍പണം 52 ലക്ഷം നേടിയപ്പോള്‍ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് 50 ലക്ഷം കടക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. മലയാളാത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ നായികയായി എത്തിയ കെയര്‍ ഓഫ് സൈറബാനു യുഎഇയില്‍ നിന്നും നേടിയത് 50 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക