വീണു, വീണ്ടും വീണു, ഒടുക്കം ഗോൾ!- നെയ്മറാണ് കളിയിലെ താരം

ശനി, 23 ജൂണ്‍ 2018 (10:35 IST)
റഷ്യൻ ലോകകപ്പിന്റെ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനായ താരമാണ് ബ്രസീൽ നെയ്മർ. കളിക്കളത്തിലെ വീഴ്ചകൾ നെയ്മറിനെ താരമാക്കി. ആദ്യ മൽസരത്തിൽ പത്തു തവണയിലേറെ ഫൗളേറ്റു വീണ നെയ്മറിനെ കളിയാക്കി ട്രോളുകൾ ഒരുപാട് വന്നിരുന്നു.
 
വീഴ്ചയുടെ കാര്യത്തിൽ പക്ഷേ രണ്ടാം മൽസരത്തിലും താരം മോശമാക്കിയില്ല. കോസ്റ്ററിക്കയ്ക്കെതിരായ മൽസരത്തിലും പതിവു കാഴ്ചയായിരുന്നു. മൽസരത്തിലുടനീളം പരിഹാസ്യനായി മാറിയ നെയ്മർ പക്ഷേ അവസാനം ഗോൾ വല ചലിപ്പിച്ചു.  
 
ഇത്തവണത്തെ കളിയിലും ഗോളടിക്കാനായില്ലെങ്കിൽ അത്രമേൽ പരിഹാസ്യനായെനെ ഈ ബ്രസീലിയൻ താരം.  പരിശീലനത്തിനിടെ ഏറ്റ പരുക്കാണ് നെയ്മറിന്റെ വീഴ്ചയ്ക്ക് പിന്നിലെന്നാണ് ആരാധകർ പറയുന്നത്. ഇടയ്ക്കിടെ നിലംപതിക്കുന്ന നെയ്മറിനെ കണ്ട് ബ്രസീൽ ആരാധകർക്കുപോലും കലിവന്നു. 
 
കോസ്റ്ററിക്കൻ പ്രതിരോധം പിളർത്താനാകാതെ ബ്രസീൽ പരുങ്ങി. വമ്പൻ താരങ്ങൾക്ക് മേൽ സമ്മർദ്ദം വന്നു തുടങ്ങിയതോടെ ആരാധകർ കലിപൂണ്ടു. ഇതിനിടെ 77–ആം മിനിറ്റിൽ കോസ്റ്ററിക്കയുടെ പെനൽറ്റി ബോക്സിൽ ജിയൻകാർലോ ഗൊൺസാലസ് നെയ്മറെ ഫൗൾ ചെയ്തെന്നു ചൂണ്ടിക്കാട്ടി റഫറി ബ്യോൺ കുയ്പ്പേഴ്സ് സ്പോട്ടിലേക്കു വിരൽ ചൂണ്ടി. 
 
പക്ഷേ, കോസ്റ്ററിക്ക താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഈ തീരുമാനം വിഎആർ ഉപയോഗിച്ച് പുനഃപരിശോധിച്ചപ്പോൾ ഫൗൾ അല്ലെന്നു കണ്ടെത്തി. ഇതോടെ പെനൽറ്റി നിഷേധിച്ചു. പെനൽറ്റി എടുക്കാൻ ഒരുങ്ങിനിന്ന നെയ്മർ ഒരിക്കൽക്കൂടി പരിഹാസ്യനായി. പെനൽറ്റിക്കായി നെയ്മർ കളിച്ച നാടകമാണെന്ന് വരെ മറ്റ് ഫാൻസ് പറഞ്ഞ് തുടങ്ങി. 
 
ഇടയ്ക്ക് സമയം കളയാൻ കോസ്റ്ററിക്കൻ താരങ്ങൾ പരുക്ക് അഭിനയിച്ച് വീണതോടെ നെയ്മറിന്റെ നിയന്ത്രണം വിട്ടു. ക്രുദ്ധനായി പന്തിൽ ആഞ്ഞിടിച്ച് പ്രതിഷേധിച്ച നെയ്മറിനെ റഫറി മഞ്ഞക്കാർഡ് കാട്ടി മെരുക്കി. മൽസരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ ബ്രസീലിന്റെ കഷ്ടകാലം തീർന്നു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമായി അനുവദിക്കപ്പെട്ടത് ആറു മിനിറ്റ്. ആ ആറു മിനിറ്റിൽ രണ്ട് ഗോൾ. ഒന്ന് കുട്ടീഞ്ഞോയുടെ വക, മറ്റൊന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ നെയ്മറിന്റെ വക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍