നവരാത്രി ഭാരതത്തില്‍ എല്ലായിടത്തും ആഘോഷിക്കുന്ന ഉത്സവമാണ്. പക്ഷേ, അതിന് വെവ്വേറെ പേരുകളാണ് എന്ന് മാത്രം. ബംഗാളില്‍ ദുര്‍ഗ്ഗയെ ആരാധിക്കുമ്പോള്‍ കേരളത്തില്‍ വാഗ്‌ദേവതയായ സരസ്വതിയെയാണ് പൂജിക്കുക.
ദുര്‍ഗ്ഗാപൂജ, ആയുധപൂജ, ദേവീപൂജ, കന്യാപൂജ, സരസ്വതീപൂജ, ദസ്സറ എന്നിങ്ങനെ പല പേരുകളിലാണ് നവരാത്രി പൂജ അറിയപ്പെടുന്നത്. ഋഗ്വേദത്തില്‍ ദേവീ സങ്കല്‍പ്പത്തിന്‍റെ ആദിമ രൂപത്തെ പറ്റി പറയുന്നുണ്ട്.
ശക്തിയുടെ പ്രതീകമാണ് ദേവി. ശക്തിയുടെ ഇരിപ്പിടമാവട്ടെ, പുണ്യനദിയായ സരസ്വതിയാണ്. ‘പ്രാണോ ദേവീ സരസ്വതീ...’ എന്ന് തുടങ്ങുന്ന ദേവീസ്തുതി സരസ്വതീ സൂക്തമെന്ന പേരില്‍ പൂജാദി കാര്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്.
സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നത് ശങ്കരാചാര്യരുടെ കേനോപനിഷത്തിന്‍റെ ഭാഷ്യത്തിലാണ്. വിദ്യാദേവതയെ സാവിത്രി, സരസ്വതി, ശതരൂപ, ബ്രഹ്മാണി, ഗായത്രി എന്നീ പേരുകളിലും ആരാധിക്കാറുണ്ട്.
ജ്ഞാന ചേതനയുടെ രണ്ട് ഭാവങ്ങളാണ് പ്രജ്ഞയും ബുദ്ധിയും. പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൌതിക മുന്നേറ്റത്തിനും സഹായിക്കുന്നു. പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്. അതുകൊണ്ടാണ് ഈ രണ്ട് ദേവതമാരെയും നവരാത്രിക്കാലത്ത് ഒരുമിച്ച് പൂജിക്കുന്നത്.
സരസ്വതീ ദേവി ആവിര്‍ഭവിച്ചത് വസന്തപഞ്ചമിയിലാണ് എന്നാണ് വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്‍റെ ഭാര്യയായും മകളായും സങ്കല്‍പ്പിച്ചു കാണാം. ബ്രഹ്മാവിന്‍റെ ഭാര്യമാരായി സാവിത്രി, സരസ്വതി, ഗായത്രി എന്നീ മൂന്നു പേരെ പറയുന്നുണ്ട്. ഇത് മൂന്നും ഒരേ ദേവി തന്നെയാണ് എന്ന് മത്സ്യ പുരാണം പറയുന്നു.
സരസ്വതീ ദേവി ശരീരത്തില്‍ രണ്ട് സ്ഥലങ്ങളില്‍ സൂക്ഷ്മ രൂപത്തില്‍ വസിക്കുന്നു. ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും. ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട് സ്ഥാനങ്ങളാണവ. സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും അക്ഷമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു.