കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. വഞ്ചിനാടിന്റെ പ്രതീകമാണത്. ഓരോ ജോഡി വീതം 12 വില്ലുകള്‍ നിര്‍മ്മിക്കും.
ദശാവതാരം വില്ല്, അനന്തശയനം വില്ല്, ശ്രീരാമ പട്ടാഭിഷേകം വില്ല്, കൃഷ്ണലീല വില്ല്, ശാസ്ത വില്ല്, വിനായക വില്ല് എന്നിങ്ങനെയാണ് വില്ലുകള്‍. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഉപയോഗിക്കുക. 41 ദിവസം വൃതമെടുത്താണ് കുടുംബക്കാര്‍ ഇതിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. പുലര്‍ച്ചെ 5 മണിക്കാണ് ഓണവില്ല് സമര്‍പ്പണം. വലിയ സ്വീകരണമാണ് ക്ഷേത്ര നടയില്‍ സംഘത്തിന് നല്കുന്നത്. തുടര്‍ന്ന് ഓരോ ജോഡി വില്ലുകളും അതാത് ദേവ വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കും. ഓണവില്ലെന്ന പേരില്‍ പണ്ട് ഒരു വാദ്യവും നിലവിലുണ്ടായിരുന്നു. തെങ്ങിന്‍ തടിയുടെ പാത്തി വളച്ചു കെട്ടി അതിന്റെ ഞാണിലാണ് ഈ വാദ്യം വായിച്ചിരുന്നത്.