വിഭവ സമൃദ്ധമായ സദ്യയാണ് ഓണത്തിന്റെ ശ്രദ്ധാകേന്ദ്രം. തിരുവോണ നാളില്‍ തൂശനിലയില്‍ ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് സദ്യ കഴിക്കേണ്ടത്. ഓണസദ്യ കഴിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്‌ക്കേണ്ടത്.
ഇലയുടെ ഇടത്തേ അറ്റത്ത് ആദ്യം ഉപ്പേരി വിളമ്പണം. കായ വറുത്തത്, ചേമ്പ് വറുത്തത്, ശര്‍ക്കര ഉപ്പേരി എന്നിവയാണ് ആദ്യം ഇലയുടെ ഇടതുവശത്ത് വിളമ്പേണ്ടത്. ഉപ്പ് ആവശ്യമുള്ളവര്‍ക്ക് അതും വിളമ്പാം.
പിന്നീട് ചെറുപഴവും ചെറുതും വലുതുമായ രണ്ട് പപ്പടവും വിളമ്പും. തുടര്‍ന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും. ഇലയുടെ വലത്തെ അറ്റത്ത് അറ്റത്തായി അവിയല്‍ വിളമ്പും. അതിനു അടുത്തായി തോരന്‍, കിച്ചടി, പച്ചടി എന്നിവ വിളമ്പും. തുടര്‍ന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. ഇതു കഴിഞ്ഞാണ് ചോറ് വിളമ്പുക. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാല്‍ സാമ്പാര്‍ കൂട്ടി ചോറു കഴിക്കാം. ചോറ് കഴിച്ച് പകുതിയാകുമ്പോള്‍ ആണ് പലയിടത്തും പുളിശേരിയും കാളനും വിളമ്പുക.