തിരുപ്പതി സിംഹവാഹന എഴുന്നള്ളിപ്പ്

.
WDWD

തിരുപ്പതി ദേവസ്ഥാനത്തിന്‍റെ കീഴിലുള്ള തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രത്തില്‍ ബ്രഹ്മോത്സവത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ സിംഹവാഹനത്തില്‍ എഴുന്നള്ളിപ്പ് നടത്തി. ഇത് കാണാന്‍ ലക്ഷക്കണക്കിന് ആളുകള്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.

സാമൂഹ്യവിരുദ്ധ ശക്തികളെ അമര്‍ച്ച ചെയ്യാനും ധര്‍മ്മം പുന:സ്ഥാപിക്കാനും ദരിദ്രരും നിരാലംബരുമായ ആളുകള്‍ക്ക് സംരക്ഷണം നല്‍കാനുമായി വെങ്കിടേശ്വര സ്വാമി നിലകൊള്ളുന്നു എന്നതിന്‍റെ സൂചനയാണ് ‘മൃഗേന്ദ്രുഡു’ (സിംഹം) ആയുള്ള ഈ അവതാരം.

വിഷ്ണുവിന്‍റെ നരസിംഹാവതാരത്തെയാണ് സിംഹ വാഹന എഴുന്നള്ളിപ്പിലൂടെ സൂചിപ്പിക്കുന്നത്.

യോഗശാസ്ത്രത്തില്‍ ശക്തിയുടെയും വേഗത്തിന്‍റെയും മാതൃകയായാണ് സിംഹത്തെ സൂചിപ്പിക്കുന്നത്. സിംഹവാഹനത്തില്‍ വെങ്കിടേശ്വര സ്വാമി എഴുന്നള്ളുമ്പോള്‍ ഈ ഗുണങ്ങളാണ് തിളങ്ങിനില്‍ക്കുക. ശ്രീവാരി ക്ഷേത്രത്തിലെ സിംഹ പ്രതിമകള്‍ വെങ്കിടേശ്വര സ്വാമിക്ക് സിംഹങ്ങളോടുള്ള പ്രീതിയുടെ നിദര്‍ശനമാണ്

WDWD
ക്ഷേത്രത്തിലുള്ള യോഗമുദ്രയില്‍ ആലേഖനം ചെയ്ത നരസിംഹ പ്രതിമയും തിരുമലയ്ക്ക് പോകും വഴിയുള്ള ലക്ഷ്മീ നരസിംഹ പ്രതിമയും ഭഗവാന്‍ വെങ്കിടേശ്വരന്‍റെ ദിവ്യ വാഹനം എന്നുള്ള നിലയില്‍ സിംഹത്തിന്‍റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

ബ്രഹ്മോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം തിരുമല തിരുപ്പതി ദേവസ്ഥാനം ഒട്ടേറെ ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭഗവാന്‍റെ എഴുന്നള്ളത്ത് അടക്കമുള്ള ചടങ്ങുകള്‍ ശ്രീ വെങ്കടേശ്വര ഭക്തി ചാനല്‍ വഴി തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ആനന്ദകരമായ അനുഭൂതിയാണ് നല്‍കുന്നത്.

സിംഹവാഹന എഴുന്നള്ളിപ്പില്‍ ദേവസ്ഥാനം ചെയര്‍മാന്‍ ഡി.കെ.ആദികേശവലു നായിഡു, എക്സിക്യൂട്ടീവ് ഓഫീസര്‍ രമണാചാരി, സ്പെഷ്യല്‍ ഓഫീസര്‍ ധര്‍മ്മ റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

വൈകുന്നേരം മുത്യപു പണ്ഡിരി വാഹനത്തിലാണ് ഭഗവാന്‍ എഴുന്നള്ളിയത്. സമാധാനത്തിന്‍റെയും ക്ഷമയുടെയും പ്രതീകങ്ങളായ വെള്ള മുത്തുകള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ ഭഗവാന്‍ എഴുന്നള്ളുന്നത് കാണാന്‍ വമ്പിച്ച ജനാവലിയായിരുന്നു. അലങ്കാര പ്രിയനായ വെങ്കിടേശ്വര സ്വാമി ശ്രീകൃഷ്ണന്‍ അണിഞ്ഞിരുന്നതു പോലെ മുത്തുമാലയും ആഭരണങ്ങളും അണിയാറുണ്ട്.