കടലമാവു കൊണ്ട് മുഖം കഴുകല്‍, തക്കാളി മുറിച്ചു സ്‌ക്രബ്; സൗന്ദര്യരഹസ്യം വെളിപ്പെടുത്തി അപര്‍ണ

നെൽവിൻ വിൽസൺ

തിങ്കള്‍, 12 ഏപ്രില്‍ 2021 (13:26 IST)
മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. സൂര്യയ്‌ക്കൊപ്പം സുരൈ പോട്രുവിലൂടെ തമിഴിലും അപര്‍ണ ശ്രദ്ധ നേടി. മലയാളിത്തം തുളുമ്പി നില്‍ക്കുന്ന അപര്‍ണയ്ക്ക് ഇപ്പോള്‍ മലയാളത്തിലും തമിഴിലും ആരാധകര്‍ ഏറെയുണ്ട്. എല്ലാവര്‍ക്കും വളരെ ഈസിയായി ചെയ്യാവുന്ന കാര്യങ്ങളാണ് തന്റെ സൗന്ദര്യ പൊടിക്കൈകള്‍ എന്നു വെളിപ്പെടുത്തുകയാണ് താരം. 
 
കടലമാവു കൊണ്ടും ചെറുപയറു പൊടി കൊണ്ടും ഇടയ്‌ക്കെ മുഖം കഴുകാറുണ്ടെന്ന് അപര്‍ണ പറയുന്നു. വല്യമ്മ പറഞ്ഞുതന്ന പൊടിക്കൈകളാണ് ഇതെല്ലാം. പതിവായി ചെയ്യാറില്ലെങ്കിലും ഇടയ്ക്കിടെ ഇതൊക്കെ ചെയ്യാന്‍ സമയം കണ്ടെത്താറുണ്ടെന്നാണ് താരം പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യ പൊടിക്കൈകള്‍ അപര്‍ണ പങ്കുവച്ചത്. 
 
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ റോസ് വാട്ടറോ ചേര്‍ത്തു മുഖത്ത് പായ്ക്കായി പുരട്ടാറുണ്ടെന്ന് അപര്‍ണ പറയുന്നു. ഇടയ്‌ക്കെ തക്കാളി മുറിച്ചു മുഖത്തു സ്‌ക്രബ് ചെയ്യാറുണ്ടെന്നും താരം പറഞ്ഞു. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ടു കാച്ചിയ സ്‌പെഷല്‍ എണ്ണയാണ് മുടിയില്‍ തേയ്ക്കുന്നതെന്നും താരം പറഞ്ഞു. 
 
അതേസമയം, പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് അപര്‍ണ ഇപ്പോള്‍. അപര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രം 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. റിവഞ്ച് ത്രില്ലറായി തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും. അതിശക്തമായ കഥാപാത്രത്തെയാണ് ഉലയില്‍ അപര്‍ണ അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍