സ്വീഡന് ചുവപ്പ് ചെകുത്താന്‍ ഭീഷണി

ശനി, 14 ജൂണ്‍ 2008 (19:03 IST)
PROPRO
യൂറൊയിലെ പ്രതീക്ഷിത ചാമ്പ്യന്‍ പട്ടികയില്‍ പെടുന്ന സ്പെയിന് സ്വപ്‌നങ്ങള്‍ സഫലമാക്കണമെങ്കില്‍ സ്വീഡന്‍റെ കടുത്ത വെല്ലുവിളിയെ അതിജീവിക്കേണ്ടി വരും. ആദ്യം മത്സരത്തില്‍ ഇരു ടീമുകളും വിജയം കണ്ടെത്തി നില്‍‌ക്കേ രണ്ടാമത്തെ മത്സരം കൂടി ജയിച്ച് ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനാ‍ണ് ഇരു ടീമുകളുടെയും ശ്രമം.

യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റക്കാരുടെ മത്സരം കൂടിയാകും ഇത്. ഇറ്റാലിയന്‍ ലീഗിലെ ഒരു പ്രമുഖ ഗോളടിക്കാരനായ സ്ലാട്ടന്‍ ഇബ്രാഹിമോവിക്കിനൊപ്പം ഹെന്‍‌റിക് ലാര്‍സനെന്ന പഴയ പടക്കുതിരയെയും സ്വീഡന്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മറു വശത്ത് ഫെര്‍ണാണ്ടോ ടോറസെന്ന സ്കോററും ഡേവിഡ് വില്ലയെന്ന മാച്ച് വിന്നറും ആക്രമണം അഴിച്ചു വിടും. പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ നാലു പേരും ഫോമിലേക്ക് ഉയരുന്നതോടെ പണിയേറുക പ്രതിരോധത്തിനാണ്.

റഷ്യയ്‌ക്കെതിരെ 4-1 ന്‍റെ വിജയമാണ് സ്പെയിന്‍ ആദ്യ മത്സരത്തില്‍ സ്വന്തമാക്കിയത് ഇതില്‍ മൂന്ന് ഗോളുകളും വില്ലയുടെ വകയായിരുന്നു. ആദ്യ മത്സരത്തില്‍ ഗ്രീസിനെ വീഴ്ത്താന്‍ ഇബ്രാഹിമോവിക്കും സ്കോര്‍ ചെയ്തു. കടലാസില്‍ മുന്‍ തൂക്കം സ്പെയിനു തന്നെയാണ്. സെസ്ക്ക് ഫാബ്രിഗാസെന്ന മദ്ധ്യനിരക്കാരനും കാര്‍ലോസ് പുയോള്‍ എന്ന പ്രതിരോധക്കാരനും മികച്ച പ്രകടനവുമായി നില്‍ക്കുന്നു.

പ്രതിരോധ മതിലായ പുയോളിനെയും സെര്‍ജിയോ റാമൊസിനെയും മറികടന്ന് മുന്നെറിയാല്‍ തന്നെയും റയലിന്‍റെ വല കാക്കുന്ന കാസിലാലസിനെ മറികടക്കേണ്ടിവരും ഇബ്രാഹിമോവിക്കുനും ലാര്‍സനും. അതേ സമയത്ത് മറു വശത്ത് പരുക്കേറ്റ മദ്ധ്യനിര താരം ക്രിസ്ത്യന്‍ വില്‍ഹെംസണു പകരം തുടക്കക്കാരന്‍ സെബാസ്റ്റ്യന്‍ ലാര്‍സണ്‍ ആദ്യ മത്സരന്‍ കളിക്കാനിറങ്ങും. ഫ്രെഡെറിക്ക് ലുംഗ് ബെര്‍ഗും ഒലോഫ് മെല്‍ബെര്‍ഗും ഭരിക്കുന്ന മദ്ധ്യനിര ഭാവനാ സമ്പന്നമാണ്.

ഇരു ടീമുകളും തമ്മില്‍ 12 തവണ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോല്‍ മൂന്നെണ്ണം സ്വീഡന്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ സ്പെയിന്‍ ജേതാക്കളായി. ഡി ഗ്രൂപ്പില്‍ മറ്റൊരു പ്രമുഖ പോരാട്ടം ആദ്യ മത്സരത്തില്‍ പരാജിതരായ ചാമ്പ്യന്‍‌മാര്‍ ഗ്രീസും കരുത്തരായ രഷ്യയും തമ്മിലാണ്. രണ്ടു പേര്‍ക്കും ജയിക്കേണ്ടത് അത്യാവശ്യം.

വെബ്ദുനിയ വായിക്കുക