യൂറോപ്പ്യന്‍ ഫുട്ബോളില്‍ തങ്ങള്‍ക്കുള്ള പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്ത സ്പെയിന് യൂറോ2008 തുടക്കം മോശമാക്കിയില്ല. കരുത്തരായ സ്പെയിന്റെ ഗോള്‍ വര്‍ഷത്തിനു മുന്നില്‍ തകര്‍ന്ന് പോയത് റഷ്യയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ആദ്യ മത്സരം സ്പെയിന് റഷ്യയെ തീര്‍ത്തത്.
വലന്‍സിയ താരം ഡേവിഡ് വില്ല ഹാട്രിക്ക് കണ്ട മത്സരത്തില്‍ സെസ്ക് ഫാബ്രിഗാസ് നാലാം ഗോള്‍ നേടി. റഷ്യയുടെ ആശ്വാസ ഗോള്‍ റോമന്‍ പാവ്ല്യുച്ചെങ്കോയുടെ വകയായിരുന്നു. 20, 44, 75 മിനിറ്റുകളിലായിരുന്നു വിയയുടെ ഗോളുകള്‍. ആദ്യ ഗോള്‍ ഇരുപതാം മിനിറ്റില്‍ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ പാസില്‍ നിന്നായിരുന്നു.
റഷ്യന്‍ ഗോള്‍കീപ്പര്‍ അക്കിന്‍ഫീവിനെ കബളിപ്പിച്ച് ടോറസ് നല്കിയ പന്ത് വലയില്‍ എത്തിക്കുന്നതില്‍ വില്ല പിഴവ് വരുത്തിയില്ല. ഒന്നാം പകുതി പൂര്‍ത്തിയാകാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ രണ്ടാം ഗോളും വന്നു. ആന്ദ്രെ ഇനിയേസ്റ്റയുടെ പാസില്‍നിന്നായിരുന്നു ഈ ഗോള്‍. രണ്ടാം പകുതിയില്‍ വില്ല ഹാട്രിക്ക് കണ്ടെത്തി. ടോറസിനു പകരക്കാരനായെത്തിയ ഫാബ്രിഗാസ് നല്കിയ പാസില്‍ വില്ല ഒരിക്കല്‍ കൂടി അകിന് ഫീവിനെ പരാജയപ്പെടുത്തി.
കളി തീരാന്‍ പോകുന്ന മിനിറ്റില്‍ ഡേവിഡ് വില്ലയുടെ പാസില്‍നിന്ന് അലോണ്‍സോ തൊടുത്ത ഷോട്ട് റഷ്യന്‍ ഗോളി അകിന്‍ഫീവ് തട്ടിത്തെറിപ്പിച്ചു. ഒരു ഹെഡ്ഡറിലൂടെ റീബൌണ്ട് വലയില്‍ എത്തികുന്നതില്‍ ഫാബ്രിഗസിനു പിഴവ് പറ്റിയില്ല. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു റഷ്യയുടെ ആശ്വാസ ഗോള്‍. കോര്‍ണര്‍ കിക്കില്‍നിന്ന് റോമന്‍ ഷിര്‍ക്കോവ് ഹെഡ്ഢറിലൂടെ മറിച്ചുനല്‍കിയ പന്ത് മറ്റൊരു ഹെഡ്ഢറിലൂടെ റോമന്‍ പാവ്ലിച്ചെങ്കോ പൂര്‍ത്തിയാക്കി.