യൂറോ: കരുത്തരുടെ പോരാട്ടം

PROPRD
യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും കരുത്തരെന്ന് മുദ്രകുത്തപ്പെട്ട പോര്‍ച്ചുഗലിന് ഒരു ചെക്ക് വയ്‌ക്കാന്‍ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്ക്. ആദ്യ മത്സരത്തില്‍ ജയം കണ്ടെത്തിയ രണ്ട് ടീമുകളും തമ്മില്‍ ഗ്രൂപ്പ് എയില്‍ നടക്കുന്നത് യൂറോ 2008 ലെ ഏറ്റവും കരുത്തേറിയ മത്സരങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രൂപ്പ് ചാമ്പ്യന്‍‌മാരാകാന്‍ ഈ മത്സരത്തിലൂടെ സാധിക്കുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. മറ്റൊരു തരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോളിയും ഏറ്റവും മികച്ച സ്ട്രൈക്കറും തമ്മിലുള്ള മത്സരം കൂടിയാണ് ഇത്. ചെക്ക് ഗോളി പീറ്റര്‍ കെച്ചിനെ വീഴ്ത്താനെത്തുന്നത് ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്.

ഇരു ടീമുകളും കരുത്തന്‍‌മാരുമായിട്ടാണ് മത്സരത്തിനിറങ്ങുന്നത്. പരിചയ സമ്പന്നനായ ന്യൂനോ ഗോമസ്, റൊണാള്‍ഡോ, എന്നിവര്‍ നയിക്കുന്ന മുന്നെറ്റവും പോളോ ഫെരേരയും കര്‍വാലോയും നിരക്കുന്ന പ്രതിരോധവും പെറ്റിറ്റും ഡെക്കോയും അടങ്ങുന്ന മദ്ധ്യനിരയും ആരെയും ഭയപ്പെടുത്തും. എന്നിരുന്നാലും ക്രിസ്ത്യാനോ ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നില്ല.

എതിര്‍ നിരയില്‍ മുന്നേറ്റത്തില്‍ മിലന്‍ബരോസും യാന്‍ കോളറും കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായെത്തി ഗോളടിച്ച സ്വെര്‍ക്കോസും കളിക്കുമ്പോള്‍ ഗെലാസെക്കും കോവാക്കുമാണ് മദ്ധ്യനിരയില്‍ നിന്നും തന്ത്രങ്ങള്‍ മെനയുക. എ സി മിലാന്‍ താരം യാങ്കുലോവ്‌സ്ക്കി നയിക്കുന്ന പ്രതിരോധം കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

അതേ സമയം ഗ്രൂപ്പ് എ യിലെ രണ്ടാമത്തെ മത്സരത്തില്‍ ദുര്‍ബ്ബലരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ തുര്‍ക്കി നേരിടും. ഗ്രൂപ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഇരട്ടി ഫോം തന്നെ തുര്‍ക്കിക്കു പുറത്തെടുക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ ചെക്കിനോട് തോറ്റതും നായകന്‍ അലക്സാണ്ടര്‍ ഫ്രെയിക്ക് പരുക്കേറ്റതും സ്വിസ് ടീമിനെ വിഷമിപ്പിക്കുന്നത് ചില്ലറയല്ല.

വെബ്ദുനിയ വായിക്കുക