ചെക്ക് റിപ്പബ്ലിക്കിന് ‘ചെക്ക്’

PROPRO
മദ്ധ്യനിരക്കാരുടെ കൌശലങ്ങള്‍ തമ്മില്‍ മത്സരിച്ച യൂറോ 2008 പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനു തുര്‍ക്കിയുടെ ചെക്ക്. ക്വാര്‍ട്ടറില്‍ കടക്കാനുള്ള ടീമുകളെ കണ്ടെത്തുന്ന നിര്‍ണ്ണായക മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ 3-2 ന് തുര്‍ക്കി പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ മികച്ച രണ്ടാം സ്ഥാനക്കാരായിട്ടാണ് തുര്‍ക്കി പോര്‍ച്ചുഗലിനു പിന്നിലെത്തിയത്.

നിഹത്തിന്‍റെ ഇരട്ട ഗോളുകളും തുറാന്‍റെ ഒരു ഗോളുമായിരുന്നു തുര്‍ക്കിയുടെ വിജയം നിര്‍ണ്ണയിച്ചത്. കോളര്‍, പ്ലാസില്‍ എന്നിവരിലൂടെ രണ്ട് തവണ ഭാഗ്യം കൂടെ നിന്നെങ്കിലും വിജയത്തെ ഒപ്പം കൊണ്ടു പോകുന്നതില്‍ ചെക്ക് പ്രതിരോധം പരാജയപ്പെട്ടു. അവസാന മിനിറ്റില്‍ തുര്‍ക്കി താരം ദെമിറല്‍ ചുവപ്പ് കാര്‍ഡും കണ്ടു.

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഒപ്പം നിന്ന വിജയം രണ്ടാം പകുതിയില്‍ ചെക്കിനെ പൂര്‍ണ്ണമായി കൈവിട്ടു. മുപ്പത്തിനാലാം മിനിറ്റില്‍ ആദ്യം മുന്നിലെത്തിയത് ചെക്കായിരുന്നു. പോച്ചുഗലിനോട് 3-1 നു പരാജയപ്പെട്ട മത്സരത്തില്‍ പുറത്തിരുത്തിയ യാന്‍ കോളര്‍ ആദ്യ ഇലവണില്‍ കളിക്കാന്‍ എത്തിയ മത്സരത്തില്‍ ഒരു ഹെഡ്ഡര്‍ മുതലാക്കി ആദ്യ ഗോള്‍ കുറിച്ചത് ചെക്ക് റിപ്പബ്ലിക്കായിരുന്നു.

യാന്‍ കൊളറായിരുന്നു ഗോളിനു പിന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെക്ക് വീണ്ടും മുന്നിലെത്തി. യാറോസ്ലാവ് പൊലാസില്‍ വലതു വശത്ത് നിന്നും ലഭിച്ച ഒരു ക്രോസില്‍ വീണാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഗോളുകളുടെ ആലസ്യത്തില്‍ ചെക്ക് പ്രതിരോധം ഒരു അലംഭാവം കാട്ടിയത് തുര്‍ക്കി മുതലാക്കി.

രണ്ടാം പകുതിയിലെ എഴുപത്തഞ്ചാം മിനിറ്റില്‍ തുറാനിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച തുര്‍ക്കിയെ നായകന്‍ നിഹത്ത് 87, 89 മിനിറ്റുകളില്‍ നേടിയ ഗോളുകളില്‍ മുന്നിലെത്തിച്ചു. എണ്‍പത്തേഴാം മിനിറ്റില്‍ ചെക്ക് ഗോളി പീറ്റര്‍ ചെക്ക് കാണിച്ച പിഴവാണ് തുര്‍ക്കിയെ സമനിലയില്‍ എത്തിക്കാന്‍ സഹായിച്ചത്.

തുര്‍ക്കി ആക്രമണത്തില്‍ ഉയര്‍ന്ന് വന്ന ഒരു പന്ത് പിടിച്ചെടുക്കുന്നതില്‍ പീറ്റര്‍ ചെക്ക് പിഴവ് വരുത്തിയപ്പോള്‍ കയ്യില്‍ നിന്നും ഊര്‍ന്നു വീണ പന്ത് വലയില്‍ എത്തിക്കാന്‍ നിഹത്തിനു കഷ്ടപ്പെടേണ്ടി വന്നില്ല. രണ്ട് മിനിറ്റിനകം നിഹത്തിന്‍റെ ഫിനിഷിംഗും കണ്ടു. വലതു ഭാഗത്തു നിന്നും ലഭിച്ച ഒരു ക്രോസ് മികച്ച വോളിയിലൂടെ പീറ്റര്‍ ചെക്കിനെ തോല്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക