യൂറോയില്‍ ആയുസ് നീട്ടെയെടുക്കാനുള്ള വാശിയില്‍ പോളണ്ടിനും ഓസ്ട്രിയയ്‌ക്കും രണ്ടാമത്തെ മത്സരം സമ്മാനിച്ചത് സമനില. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ച സമനിലയില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ജര്‍മ്മനി തോറ്റതോടെ ആര്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍.
മുപ്പതാം മിനിറ്റില്‍ റോജര്‍ പോളണ്ടിനെ മുന്നിലെത്തിച്ചെങ്കിലും അവസാന മിനിറ്റില്‍ വാസ്റ്റിക് പെനാല്‍റ്റിയിലൂടെ നല്‍കിയ ഗോളില്‍ ഓസ്ട്രിയ സമനില പിടിച്ചു. സെബാസ്റ്റ്യന്‍ പ്രോഡിലിനെ പോളണ്ടിന്‍റെ പകരക്കാരന്‍ മരിയൂസ് ലെവാന്‍ഡോസ്കി വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്.
ഈ സമനിലയോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. മുപ്പതാം മിനിറ്റില്‍ റൊജറിന്‍റെ ഗോളില്‍ പോളണ്ട് മുന്നിലെത്തിയതായിരുന്നു. ഓസ്ട്രിയയുടെ ഓഫ് സൈഡ് കെണി പൊളിച്ച് റോജര്‍ ഗ്വെരെരിയോ ഒരു ക്രോസില്‍ നിന്നായിരുന്നു ഗോള്‍ കണ്ടെത്തിയത്. ഒന്നാം പകുതി ഒരു ഗോള്‍ ലീഡുമായി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ആതിഥേയര്‍ തിരിച്ചടിക്കാനുള്ള സര്‍വ്വ സന്നാഹങ്ങളുമായിട്ടാണ് തിരിച്ചു വന്നത്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ പ്രത്യാക്രമണം സംഘടിപ്പിച്ച് മുന്നേറിയ ഓസ്ട്രിയയ്‌ക്ക് ഒട്ടേറെ അവസരങ്ങളാണ് നഷ്ടമായത്. എന്നാല്‍ തൊണ്ണൂറാം മിനിറ്റില്‍ ഓസ്ട്രിയന്‍ ആക്രമണങ്ങള്‍ ഫലം കണ്ടത് പെനാല്‍റ്റിയിലൂടെയായിരുന്നു.