പാസിലും സ്കില്ലിലും മാര്‍ക്കോ വാന്‍ബാസ്റ്റന്‍റെ പുതിയ ടീമിനെ ഫുട്ബോള്‍ പണ്ഡിതര്‍ 1974 ലെ യോഹാന്‍ ക്രൈഫിന്‍റെ ടീമിനോടാണ് ഉപമിക്കുന്നത്. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇറ്റലിയെ 3-0 ന്‍ നെതര്‍ലന്‍ഡ് തകര്‍ക്കുമെന്ന് പറഞ്ഞവര്‍ കുറവായിരുന്നു. എന്നാല്‍ വളരെ നിസ്സാരമായി ഹോളണ്ട് ലോക ചാമ്പ്യന്‍മാരുടെ കഴുത്തറത്തു.
പെരുമയിലും പ്രശസ്തിയിലും വിശ്വസിക്കാതിരുന്ന വാന്‍ ബാസ്റ്റന്‍ പ്രതിഭയുള്ള ഒരുകൂട്ടം യുവാക്കളെ മത്സരത്തിനായി വിനിയോഗിക്കുകയായിരുന്നു. ഡച്ച് യുവനിരയുടെ സ്പീഡിലും പാസിലും ഇറ്റലി ചിതറുന്നതായിരുന്നു കണ്ടത്. രണ്ടാമത്തെ മത്സരത്തില്‍ ഫ്രാന്‍സിനെതിരെയും ജയം കണ്ടെത്തി ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ഓറഞ്ച് പടയുടെ ശ്രമം.
ആദ്യ മത്സരത്തില്‍ റുമാനിയയോട് സമനില വഴങ്ങിയ ഫ്രാന്‍സിനും തോല്‍വി കണ്ട ഇറ്റലിക്കും ജീവന്‍ നില നിര്‍ത്തണമെങ്കില്‍ രണ്ടാമത്തെ മത്സരത്തില്‍ ജയിക്കണമെന്ന ഘട്ടത്തിലായി കാര്യങ്ങള്‍. ഒരു സമനില പോലും ഹോളണ്ടിനു തുണയാകുമെങ്കിലും വിജയിച്ക് രണ്ടാം റൌണ്ട് ഉറപ്പിക്കാന്‍ തന്നെയാകും ശ്രമം.
ഈ മത്സരത്തില്‍ എങ്ങനെ എതിരാളികളെ പിടിച്ചു നിര്‍ത്തും എന്നതാകും ഫ്രാന്‍സിന്‍റെ ചിന്ത. ഇടതു പാര്‍ശ്വത്തില്‍ കൂടി മികച്ച ആക്രമണം നടത്തുന്ന ബ്രാങ്കോസ്റ്റ്, മദ്ധ്യനിരയില്‍ അദ്ധ്വാനിക്കുന്ന സ്നീഡര്‍, പ്രതിഭാശാലിയായ വാണ്ടെര്‍ വാട്ട് മുന്നേറ്റത്തില്‍ നീത്സ്റ്റര്‍ റൂയിയും കുയ്ത്തും പരിക്ക് മൂലം ഹെന്‍റിയും വിയേരയും ബഞ്ചിലിരിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ടീമിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും
ഫ്രാന്‍സിന് ഹെന്‍റിയും വിയേരയും ഈ മത്സരത്തില്‍ കളിക്കാനിറങ്ങും. വിയേര മദ്ധ്യനിരയില്‍ വരുമ്പോള്‍ അനെല്‍ക്ക മുന്നേറ്റത്തില്‍ വരും. ഫ്രഞ്ച് ടീമിലെ എക്കാലത്തെയും വലിയ ഗോള്‍ സ്കോറര്‍ ഹെന്‍റി മലൂദയ്‌ക്ക് പകരക്കാരനായിട്ടാണ് എത്തുന്നത്. കരീം ബന്‍സെമയ്ക്ക് റുമാനിയയ്‌ക്കെതിരെ തിളങ്ങാനായില്ലെങ്കിലും ഡച്ചിനെതിരെ മദ്ധ്യനിരയില്‍ കരീം ബന്‍സെമാ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 4-4-2 ശൈലിയാകും ഫ്രാന്‍സ് പരീക്ഷിക്കുക
നായകന്‍ ടുറാമിനൊപ്പം വില്യം ഗല്ലാസും സെഗ്നോളും അബിദാലും പ്രതിരോധത്തിലേക്ക് വരും. വിയേരയ്‌ക്കും റിബറിക്കും ഇരു പുറത്ത് മക്കെലലിയും ബെന്‍സമയും ആക്രമണത്തില്‍ സഹായിക്കും. ഇന്നത്തെ മത്സരത്തില്‍ ഓറഞ്ച് പട ഒരു മാറ്റവുമായിട്ടായിരിക്കും കളിക്കാന്‍ ഇറങ്ങുക. വാണ്ടെര്‍ വാട്ടിനു പകരം മദ്ധ്യനിരയിലെ ഇടതു സൈഡില്‍ റോബന്‍ കളിക്കാനെത്തും. രണ്ടാമത്തെ മത്സരത്തില്‍ മരണപ്പോരാട്ടത്തിനാകും ഇറ്റലി ഇറങ്ങുക.
ഫ്രഞ്ച് ടീമിനെ ഹോളണ്ട് പരാജയപ്പെടുത്തിയാല്‍ ശേഷിക്കുന്ന സ്ഥാനമാണ് ഇറ്റലിക്ക് കണ്ണ്. റുമാനിയയെ കീഴടക്കുക മാത്രമാണ് ഇറ്റലിക്ക് മുന്നിലെ ഏക പോം വഴി. മിക്കവാറും അടിമുടി മാറ്റങ്ങളുമായിട്ടാകും ഇറ്റലി മത്സരത്തിനെത്തുക. റോമയുടെ മദ്ധ്യനിരക്കാരന്‍ ദാനിയേള്‍ ഡിറോസിയെ ഉപയോഗിച്ചേക്കാം ഫാബിയോ ഗ്രോസോയും സംബ്രോട്ടയുമാകും രണ്ട് വിംഗുകളില്‍ പ്രതിരോധത്തിന്. ആന്ദ്രീ ബെര്‍സാഗ്ലിയും ചില്ലെനിയുമാകും പ്രതിരോധ മദ്ധ്യത്തില്‍
മദ്ധ്യനിരയില്‍ ആന്ദ്രേ പിര്‍ലോ പതിവായി കളിക്കുന്നിടത്തും ഡിറോസിയും കമൊറാന്നെസിയും ഇരു വശങ്ങളിലും ഉണ്ടാകും. ഗെന്നെരെ ഗട്ടൂസോയും ഉണ്ടാകും ആക്രമണത്തില്‍. ലൂക്കാ ടോണിയും ദെല്‍ പിയറോയും നയിക്കുന്ന മുന്‍ നിര ഒന്നാം പകുതി ശോഭിക്കാതെ വന്നാല്‍ പകരക്കാരായി കസാനോയും ഡി നതാലെയും ആക്രമണം ഏറ്റെടുക്കും.
റുമാനിയ ഒരു എളുപ്പത്തില്‍ കീഴടക്കാവുന്ന എതിരാളിയാകും എന്ന് ഇറ്റലി ഒരിക്കലും കരുതുകയില്ല. യോഗ്യതാ മത്സരങ്ങളില്‍ ഹോളണ്ടിന് മുന്നില്‍ ഒന്നാം സ്ഥാനക്കാരായി എത്തിയ അവര്‍ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ പിടിച്ചു നിര്‍ത്തിയിരുന്നു. മദ്ധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാന്‍ ഒരു പ്രതിഭാശാലിയും മുന്നേറ്റനിരയില്‍ പൊട്ടിത്തെറിക്കാന്‍ ഒരു ഫോര്‍വേഡും ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മത്സരത്തിന്‍റെ ഗതി മാറിയേനെ.