ഫ്രാന്‍സിനും ഓറഞ്ച് ഷോക്ക്

PRDPRO
ആദ്യ മത്സരത്തില്‍ ഇറ്റലി വീണത് പാഠമാക്കാതിരുന്ന ലോകകപ്പ് റണ്ണറപ്പ് ഫ്രാന്‍സിനും കിട്ടി നെതര്‍ലന്‍ഡ് വക ആഘാതം. ഗ്രൂപ്പ് സി യിലെ രണ്ടാമത്തെ മത്സരത്തില്‍ ഫ്രഞ്ച് ടീമിനെ 4-1 നായിരുന്നു ഹോളണ്ട് തകര്‍ത്ത് വിട്ടത്. ഇതോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി രാജകീയമായി തന്നെ ഓറഞ്ച് പട ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചു.

ടോട്ടല്‍ ഫുട്ബോളിന്‍റെ തമ്പുരാക്കന്‍‌മാരായ ഡച്ച് പടയുടെ തുടര്‍ ആക്രമണത്തിനു മുന്നില്‍ ഫ്രാന്‍സിന്‍റേ ശബ്ദം അടഞ്ഞു പോകുകയായിരുന്നു. ഡിര്‍ക്ക് കുയ്ത് തുടങ്ങിവച്ച ഗോളടി വാന്‍ പേഴ്‌സി, റോബന്‍, സ്നീഡര്‍ എന്നിവരിലൂടെ പൂര്‍ത്തിയാകുകയായിരുന്നു. ഫ്രാന്‍സ് തിയറി ഹെന്‍‌റിയിലൂടെ ഒരു ഗോള്‍ മടക്കി.

ഒന്നാം പകുതിയില്‍ കുയ്ത്തിന്‍റെ ഗോളില്‍ പിരിഞ്ഞ ഡച്ച് പട രണ്ടാം പകുതിയില്‍ ഫ്രാന്‍സിനെ മുക്കുന്ന ദൃശ്യങ്ങളാണ് കാണേണ്ടി വന്നത്. ഒമ്പതാം മിനിറ്റില്‍ റാഫേല്‍ വാന്‍ ഡെര്‍വാട്ട് എടുത്ത കോര്‍ണറില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ വില്യം ഗാലസിന്‍റെ ശ്രദ്ധ അല്‍പ്പം പിഴച്ചപ്പോള്‍ ഡിര്‍ക്ക് കുയ്ത് തല വച്ച് പന്ത് ഫ്രഞ്ച് ടീമിന്‍റെ വലയില്‍ എത്തിച്ചു.

തിയറി ഹെന്‍‌റിയെ മുന്നില്‍ നിര്‍ത്തി ഫ്രഞ്ച് പട തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. അമ്പത്തൊമ്പതാം മിനിറ്റില്‍ വീണ്ടും ഹോളണ്ട് മുന്നിലെത്തി. പകരക്കാരനായെത്തിയ റോബന്‍ മറ്റൊരു പകരക്കാരന്‍ വാന്‍ പേഴ്‌സിക്ക് നല്‍കിയ പന്ത് ഒട്ടും പിഴവ് വരുത്താതെ തന്നെ ഫിനിഷിംഗ് എന്താണെന്ന് ഫ്രഞ്ച് ടീമിന് കാട്ടിക്കൊടുത്തു.

അടുത്തത് ഫ്രാന്‍സിന്‍റെ ഊഴമായിരുന്നു. എഴുപത്തൊന്നാം മിനിറ്റില്‍ വലതുഭാഗത്തുനിന്ന് വില്ലി സാന്യോള്‍ നല്‍കിയ ക്രോസ് വലയിലേക്ക് തള്ളിയിട്ട് തിയറി ഹെന്‍റി ഫ്രാന്‍സിന് ആശ്വാസമേകി. തൊട്ടു പിന്നാലെ എഴുപത്തിരണ്ടാം മിനിറ്റില്‍ ഡച്ച് ടീം തിരിച്ചടിച്ചു. സ്നൈഡര്‍ നല്‍കിയ പാസുമായി ബോക്‍സിലേക്ക് കയറിയ റോബന്‍റെ ഷോട്ട് വലയില്‍ എത്തി.

അവസാന ഗോള്‍ ആദ്യ കളിയിലെ ഹീറോ വെസ്ലി സ്നീഡറുടെ വകയായിരുന്നു. കളി ഇഞ്ചുറി സമയത്തേക്ക് നീങ്ങിയപ്പോള്‍ സ്നീഡര്‍ ഫ്രഞ്ച് ടീമിന്‍റെ ദുര്‍ബ്ബലതയ്‌ക്ക് മേല്‍ കടന്നു കയറി. ജയത്തോടെ ഫ്രാന്‍സിനും റുമാനിയയ്‌ക്കും ഇറ്റലിക്കും ക്വാര്‍ട്ടര്‍ മോഹം പൂര്‍ത്തിയാക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കണം എന്നായി. അവസാന മത്സരത്തില്‍ ഫ്രാന്‍സിന് ഇറ്റലിയും റുമാനിയക്ക് ഹോളണ്ടുമാണ് എതിരാളികള്‍.

വെബ്ദുനിയ വായിക്കുക