ഗ്രൂപ്പ് സിയില്‍ രാജാവായി തന്നെ ഡച്ചുകാര്‍ യൂറോ2008 ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിപ്പിച്ചു. അവസാന മത്സരത്തില്‍ അവര്‍ക്ക് മുന്നില്‍ കീഴടങ്ങിയത് റുമാനിയയായിരുന്നു. പതിവിനു വിപരീതമായി ഇത്തവണ സ്കോറിംഗിന്‍റെ മൂര്‍ച്ച ഡച്ചുകാര്‍ അല്പം കുറച്ചു. ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു റുമാനിയയെ കീഴ്‌പ്പെടുത്തിയത്.
മരണ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഡച്ച് ടീം തങ്ങളുടെ ബഞ്ചിലിരിക്കുന്ന താരങ്ങള്‍ പോലും സ്ഫോടനശേഷി ഉള്ളവരാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ക്ലാസ് യാന്‍ ഹണ്ട്‌ലാറും റോബിന്‍ വാന്‍ പേഴ്‌സിയും ആയിരുന്നു ഹോളണ്ടിന്‍റെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയുടെ തുടക്കത്തിലും ഒടുക്കത്തിലും ഗോള്‍ നേടി.
യോഗ്യതാ റൌണ്ടില്‍ ഫ്രാന്‍സിനെതിരെയും ഇറ്റലിക്കെതിരെയും നടത്തിയ പോരാട്ട വീര്യമെല്ലാം മറന്നു പോയ റുമാനിയ അമ്പത്തിനാലാം മിനിറ്റില്‍ പ്രതിരോധം മറന്നു. ഒര്‍ലാന്‍ഡോ എംഗലാറിന്‍റെ പാസില്‍ ഉഗ്രന്‍ ഇടംകാലനടി തീര്‍ക്കുക ആയിരുന്നു ഡച്ച് ലീഗിലെ കൂടുതല്‍ ഗോളുകളുടെ ഉടമയായ ഹാണ്ട്‌ലാര്‍.
കളിതീരാന്‍ മൂന്ന് മിനിറ്റുകളുള്ളപ്പോള്‍ റോബിന്‍ വാന്‍ പേഴ്‌സി ഡെമി ഡി സ്യൂവിന്‍റെ പാസ് ഗോളാക്കി ഹോളണ്ടിന്‍റെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഡച്ചുകാര്‍ വെറും പരിശീലന മത്സരത്തിന്‍റെ മൂഡില്‍ കളിച്ച കളിയില്‍ ഒരിക്കല്‍ പോലും ആക്രമണ വ്യഗ്രത റുമാനിയ കാട്ടിയില്ല. നായകന്‍ വാന്‍ ഡെര്‍ സര്‍, വാന്‍ഡെര്‍ വാട്ട്, നീല്‍സ്റ്റര്‍ റൂയി എന്നിവരില്ലാതെയായിരുന്നു ഹോളണ്ട് കളിക്കാന്‍ ഇറങ്ങിയത്. ഹെയ്‌റ്റിംഗയ്ക്കായിരുന്നു ടീമിനെ നയിച്ചത്.