ചിരിയെ ആര്‍ക്കും വ്യാഖ്യാനിക്കാം: വി എസ്

വെള്ളി, 22 മെയ് 2009 (12:58 IST)
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ തൃശൂരില്‍ മന്ത്രി കെ പി രാജേന്ദ്രനെതിരെയുണ്ടായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെപ്പറ്റി പറഞ്ഞാണ് താന്‍ ചിരിച്ചതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തന്‍റെ ചിരിയെ ഓരോരുത്തരുടെ സംസ്കാരത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും വി എസ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോളിംഗ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്ത് പുറത്തു വരുന്നതിനു മുന്‍പെ ആര്‍ക്കാണ് വോട്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജനത്തിന് ഇഷ്ടമുള്ളവര്‍ക്ക് എന്നായിരുന്നു എന്‍റെ മറുപടി. തൃശൂരില്‍ വോട്ട് ചെയ്ത് പുറത്തുവന്ന മന്ത്രി കെപി രാജേന്ദ്രന്‍ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോട് അരിവാള്‍ ചുറ്റികയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത് പിന്നീട് കേസായ സാഹചര്യത്തിലായിരുന്നു തന്‍റെ മറുപടി.

ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചപ്പോഴാണ് വാര്‍ത്താ സമ്മേളനത്തില്‍ ചിരിച്ചത്. അതിന് പലരും അവരവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുകയും ലേഖനം എഴുതുകയും ചെയ്തു. വ്യാഖ്യാനങ്ങള്‍ നല്‍കുന്നവര്‍ക്ക് അത് ചെയ്യാനുള്ള അവകാശമുണ്ട്.

ഒന്ന് മനസ്സറിഞ്ഞ് ചിരിക്കാന്‍ പോലും സമ്മതിക്കാത്ത പാര്‍ട്ടിയാണോ സി പി എം എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നയിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കേരളത്തിലെ ചില നേതാക്കളുടെ ധാര്‍ഷ്ട്യത്തെക്കുറിച്ചുള്ള സി പിഐ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വി എസ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ലേഖനമെഴുതിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാ‍ന്‍ പ്രതിപക്ഷ നേതാവിന് അവകശമുണ്ട്. അതിനെല്ലാം തന്‍റേതാതായ രീതിയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക