കേന്ദ്രമന്ത്രിസഭ ഇന്ന് വികസിപ്പിക്കും. എത്രപേരാണ് മന്ത്രിസഭയില്‍ ചേരുകയെന്ന് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മന്ത്രിസഭാ വികസനം സംബന്ധിച്ച ഔദ്യോഗിക വിശദീകരണവും ഇതുവരെ പുറത്ത് വന്നിട്ടില്ല.
പഞ്ചാബില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാറ്റിവെക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ വിശദ ചര്‍ച്ചകള്‍ക്കായി യുപിഎ യോഗം ഇന്ന് ചേരുന്നുണ്ട്. മന്ത്രിസഭയില്‍ ചേരുമെന്ന് ഡിഎംകെ വ്യക്തമാക്കിയതോടെ ഇത് സംബന്ധിച്ച പ്രതിസന്ധി ഒഴിഞ്ഞിട്ടുണ്ട്. തൃണമുല്‍ കോണ്‍ഗ്രസ് എന്‍സിപി മുസ്ലീം ലീഗ് തുടങ്ങി യുപിഎ ഘടകകക്ഷികളിലെ കൂടുതല്‍ അംഗങ്ങളായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
ചെന്നൈയില്‍ ഇന്നലെ വൈകിട്ടാണ് മന്ത്രിസഭയില്‍ ചേരുമെന്ന് കരുണാനിധി വ്യക്തമാക്കിയത്. എന്നാല്‍ ആരൊക്കെയായിരിക്കും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിസഭയില്‍ ഉണ്ടാകുക എന്നദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
കേരളത്തില്‍ നിന്നും ഇ അഹമ്മദാണ് മന്ത്രിസഭയില്‍ പങ്കാളിയാകുമെന്ന് ഉറപ്പുള്ള അംഗം. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.