കോണ്‍ഗ്രസില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ അത് ‘ഗ്രൂപ്പാ’ണെന്ന് കുട്ടികള്‍ പോലും പറയും. ഗ്രൂപ്പുകളികളുടെ വിളനിലമാണല്ലോ ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ഈ പാര്‍ട്ടി. കരുണാകരന് - ആന്റണി ഗ്രൂപ്പുകളുടെ പോര്‍വിളികള്‍ അവസാനിച്ചതോടെ കോണ്‍ഗ്രസ് പ്രശ്നരഹിത പാര്‍ട്ടിയായെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. കോണ്‍ഗ്രസില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത രൂപത്തില്‍ ഗ്രൂപ്പുപോര് മൂര്‍ച്ഛിക്കുകയാണ്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നേതൃത്വം നല്കുന്ന വിഭാഗങ്ങളാണ് ഏറ്റുമുട്ടുന്നത്.
സി പി എമ്മിലേതു പോലെ ‘ആരാണ് വലിയവന്‍’ എന്ന ചോദ്യം തന്നെയാണ് ഇവിടെയും പ്രശ്നം. പാര്‍ട്ടി ഭരിക്കുന്നവനോ നാടു ഭരിക്കുന്നവനോ വലിയവന്‍?. പാര്‍ട്ടി ഭരിക്കുന്നവനാണ് വലിയവന്‍ എന്ന് സി പി എം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, മറിച്ച് തെളിയിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള പോരിന്റെ ചരിത്രം തുടങ്ങുന്നത് കെ പി സി സി അധ്യക്ഷപദവിയിലേക്ക് ചെന്നിത്തല എത്തിയതു മുതല്ക്കാണ്. എന്നാല്‍ അത് പാരമ്യത്തിലെത്തിയത് ഇപ്പോഴാണെന്ന് മാത്രം. എന്‍ എസ് യു ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ മറികടന്ന് ഹൈബി ഈഡന് കയറിപ്പോയത് പ്രതിപക്ഷനേതാവിന് അടുത്തകാലത്തേറ്റ ഏറ്റവും കനത്ത പ്രഹരമായി. സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്കുള്ള ചാണ്ടി ഉമ്മന്റെ ലോഞ്ചിംഗ് പ്രതീക്ഷിച്ചിരുന്നവര്‍ക്കെല്ലാം അത് ആഘാതമേല്‍പ്പിച്ചു.
രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പുകാരുടെയും വയലാര്‍ രവിയുടെയുമൊക്കെ പിന്തുണയാണ് ഹൈബിക്ക് തുണയായത്. ഉമ്മന്‍ചാണ്ടി ഇവിടെ തീര്‍ത്തും ഒറ്റപ്പെട്ടു. എങ്കില്‍ ഒരു കൈ നോക്കിയിട്ടു തന്നെ കാര്യമെന്ന രീതിയില്‍ ഉമ്മന്‍ചാണ്ടി തുനിഞ്ഞിറങ്ങിയതിന്റെ ഫലമാണ് എറണാകുളത്ത് ഹൈബിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടരുന്ന അവ്യക്തത.
ഹൈബി ഈഡനെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പ്രധാന വിലങ്ങുതടിയായി നില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പ് തന്നെയാണെന്നത് പരസ്യമായ രഹസ്യമാണ്. അതിനെ പ്രതിരോധിക്കാന്‍ മറുവിഭാഗം ശ്രമിക്കുന്നതിന്റെ ഫലമാണ് ക്രൈസ്തവ സഭകള്‍ ഹൈബിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. മാത്രമല്ല, കെ കരുണാകരനും ഹൈബിക്കുവേണ്ടി പരസ്യമായി വാദിച്ച് ഉമ്മന്‍ചാണ്ടിയോടുള്ള എതിര്‍പ്പ് പ്രകടമാക്കി.
ഹൈബി ഈഡന് സ്ഥാനാര്‍ത്ഥിയാകുമെന്ന് തന്നെയാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ ജയം രമേശ് ചെന്നിത്തലയ്ക്കാണ്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ കസേരയില്‍ നിന്ന് തെറിപ്പിച്ച് രമേശ് ചെന്നിത്തല തന്റെ അധീശത്വം അടിവരയിട്ടുറപ്പിച്ചു. സിദ്ദിഖിന് പകരം തന്റെ ഏറ്റവും അടുത്ത അനുയായിയായ എം ലിജുവിനെ അധ്യക്ഷപദവിയില്‍ ചെന്നിത്തല കുടിയിരുത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളിലാണ് യൂത്തുകോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ പദവി നഷ്ടപ്പെട്ടതും പുതിയ ഒരാള്‍ ആ സ്ഥാനം കയ്യടക്കിയതും. മുമ്പും സമായമായ സ്ഥാനമാറ്റങ്ങള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. തെന്നല ബാലകൃഷ്ണപിള്ളയില്‍ നിന്ന് കെ മുരളീധരന് കെ പി സി സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതും സീതാറാം കേസരിയെ പടിയിറക്കി സാക്ഷാല്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതും ഓര്‍ക്കുക.
എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറായില്ല. ടി സിദ്ദിഖിന് യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ കൊടുത്തില്ലെങ്കില്‍ താന്‍ പ്രതിപക്ഷ നേതാവിന്റെ കുപ്പായം വലിച്ചെറിയുമെന്ന് ഉമ്മന്‍ചാണ്ടി ഭീഷണി മുഴക്കി. അത് ഹൈക്കമാന്‍ഡിന് കൊള്ളുകയും ചെയ്തു. ഉടന്‍ തന്നെ സിദ്ദിഖിന് പഴയ പദവി തിരിച്ചുകിട്ടി. ലിജു യൂത്ത് കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിലെ നിരാശാ നായകനാകുകയും ചെയ്തു.
പദവി ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കി നേതൃത്വത്തെക്കൊണ്ട് തീരുമാനങ്ങള്‍ അംഗീകരിപ്പിക്കുന്നത് ഒരുതരം സമ്മര്‍ദ്ദതന്ത്രമാണ്. കെ കരുണാകരനും വി എസ് അച്യുതാനന്ദനുമൊക്കെ പുറത്തെടുക്കുന്ന അവസാനത്തെ ആയുധം. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാന്‍ ഇതിലും വലിയ ഉദാഹരണങ്ങളില്ല.
അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ ഒരു മൂലയിലൊതുക്കി, സംസ്ഥാനത്തിന്റെ ഭരണചക്രം തന്റെ കൈകളിലെത്തിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. രാജ്യസഭാ സീറ്റിനോ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ അദ്ദേഹം വലിയ താല്പര്യം കാണിക്കാത്തതും അതുകൊണ്ടു തന്നെയെന്ന് പറയാം. ചെന്നിത്തലയെ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിവിട്ട് സംസ്ഥാനം കൈപ്പിടിയിലൊതുക്കാമെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ക്ക് തുടരെ തിരിച്ചടിയേല്‍ക്കുകയാണ്. എ കെ ആന്റണിയെ കേരളരാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യമാക്കിയ ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ ഇവിടെ പിഴയ്ക്കുന്നത് എ ഗ്രൂപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
എന്തായാലും ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഭാഗീയതയുടെയും തൊഴുത്തില്‍ കുത്തിന്റെയും സമ്പന്നതകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ വിവാദങ്ങളിലേക്ക് എത്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.