ചരിത്രത്തില്‍ ആദ്യമായി ചെങ്കൊടി പാറിയ മഞ്ചേരി മണ്ഡലം(ഇന്ന് മലപ്പുറം) പിടിച്ചെടുക്കാനുള്ള എല്ലാ തന്ത്രങ്ങളുമായാണ് മുസ്ലീം ലീഗെത്തുന്നത്. കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ഒരിക്കലും സംഭവിക്കരുതെന്ന ഉറച്ച മനസ്സോടെയാണ് ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി ലീഗ് ലോക്സഭാ അങ്കത്തിനിറങ്ങുന്നത്.
മഞ്ചേരി മണ്ഡലത്തില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് പുതിയ മലപ്പുറം മണ്ഡലം ഉണ്ടാക്കിയിരിക്കുന്നത്. ഇടതിന് നേട്ടമുണ്ടായിരുന്ന പല പ്രദേശങ്ങളും പുതിയ മണ്ഡലത്തില്‍ നിന്ന് മാറ്റപ്പെട്ടിട്ടുണ്ട്. ഇത് തങ്ങളുടെ വിജയം എളുപ്പമാക്കുമെന്ന് ലീഗ് വാദിക്കുമ്പോള്‍ പുതിയ മലപ്പുറം മണ്ഡലത്തിലെ പെരിന്തല്‍മണ്ണയും മങ്കടയും തങ്ങള്‍ക്കും അനുകൂലമാകുമെന്നാണ് ഇടത് മുന്നണി അവകാശപ്പെടുന്നത്.
അടുത്ത കാലത്തായി രാഷ്ട്രീയ ചിന്താഗതിയില്‍ ഏറെ പുരോഗതി നേടിയ മണ്ഡലമാണ് മലപ്പുറം. മലപ്പുറം മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും കേരളത്തിലെ സാര്‍വദേശീയ പ്രശ്നങ്ങള്‍, മറ്റു രാഷ്ട്രീയ സമകാലിക വിഷയങ്ങള്‍ എന്നിവയില്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നവരാണ്. ആണവകരാര്‍ മുതല്‍ അന്താരാഷ്ട്ര വിഷയമായ പലസ്തീന് വരെ ഇവിടത്തെ ചര്‍ച്ചാ വിഷയമാണ്.
മലപ്പുറം പുതിയ ലോക്സഭാ മണ്ഡലമായതിനാല്‍ പഴയൊരു ചരിത്രം പറയാനില്ല. എന്നാല്‍ മലപ്പുറത്തിന്റെ മുന്‍ പതിപ്പ് മഞ്ചേരി മണ്ഡലം ആദ്യമായി നിലവില്‍വരുന്നത് 1957ലാണ്. അതിന് മുമ്പ് 52 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം എന്ന പേരിലായിരുന്നു മണ്ഡലം.
1952 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുത്തത് കക്ഷിരഹിതനായ ബി പോക്കറായിരുന്നു. പുതിയ മഞ്ചേരി മണ്ഡലം രൂപീകരിച്ച 1957 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതും പോക്കറായിരുന്നു.
പിന്നീട് 1962 മുതല്‍ 1999 വരെ മഞ്ചേരി മണ്ഡലം മുസ്ലിം ലീഗിന്റെ കുത്തകയായിരുന്നു. 2004 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി ലീഗ് പരാജയം നേരിടുന്നത്. ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. ടി കെ ഹംസയാണ് ലീഗിന്റെ കോട്ട തകര്‍ത്തത്. ബി പോക്കറിന് പുറമെ മഞ്ചേരിയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ എം പിമാര്‍ ഇവരാണ്; ഇസ്മായീല്‍ സാഹിബ്, ഇബ്രാഹീം സുലൈമാന്‍ സേട്ട്, ഇ അഹമ്മദ്, ടികെ ഹംസ.
മഞ്ചേരി മണ്ഡലത്തിലെ സിറ്റിംഗ് എം പിയായിരുന്ന ടി കെ ഹംസ ലീഗ് സ്ഥാനാര്‍ഥി കെ പി എ മജീദിനെ 47,743 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുട്ടുകുത്തിച്ചത്. 2004 ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറം കൊണ്ടോട്ടി നിയമസഭാമണ്ഡലങ്ങളില്‍ മാത്രമാണ് ലീഗിന് നേട്ടം കൈവരിക്കാനായത്. ബേപ്പൂര്‍, കുന്നമംഗലം, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി മണ്ഡലങ്ങള്‍ ടികെ ഹംസയെയും തുണച്ചു.
അതേസമയം ലീഗിന്റെ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കാമ്പസ്. ഇതിന്റെ പേരില്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് ലീഗിന്റെ തീരുമാനം. ഇത്തരമൊരു പ്രക്ഷോഭം നടത്തുന്നതിലൂടെ മലപ്പുറത്തെ ഭൂരിപക്ഷ വിഭാഗമായ മുസ്ലിംകളുടെ വോട്ട് നേടാന്‍ കഴിയുമെന്നാണ് ലീഗ് കരുതുന്നത്.
കഴിഞ്ഞ ഒന്നര മാസത്തോളമായി ഇതിന്റെ പേരില്‍ മലപ്പുറം കളക്ടറേറ്റ് പടിക്കല്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു വിഷയമാകുമ്പോള്‍ വിഘടിച്ചു നില്ക്കുന്ന എല്ലാ മുസ്ലിം സംഘടനകളും ഒന്നിക്കുമെന്നാണ് ലീഗ് കരുതുന്നത്.
നിയമസഭാമണ്ഡലങ്ങളായ ബേപ്പൂര്‍, കുന്ദമംഗലം, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നീ പ്രദേങ്ങളായിരുന്നു പഴയ മഞ്ചേരി ലോക്സഭാ മണ്ഡലത്തിനു കീഴില്‍ ഉണ്ടായിരുന്നത്. പിന്നീട് മലപ്പുറം മണ്ഡലമാക്കി മാറ്റിയപ്പോള്‍ ബേപ്പൂര്‍, കുന്ദമംഗലം, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവയ്ക്ക് പകരം മങ്കട, പെരിന്തല്‍മണ്ണ, വേങ്ങര, വള്ളിക്കുന്ന് എന്നിവ കൂട്ടിച്ചേര്‍ത്തു.