പ്രതീക്ഷയോടെ യുഡി‌എഫ്‌ ക്യാമ്പ്

വ്യാഴം, 9 ഏപ്രില്‍ 2009 (15:13 IST)
PRO
തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നു കഴിഞ്ഞു. മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് ഇക്കുറി യുഡി‌എഫ് ക്യാമ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണ വിരുദ്ധവികാരത്തില്‍ യുഡി‌എഫ് സ്ഥാനാര്‍ത്ഥികള്‍ കടപുഴകിയത് കോണ്‍ഗ്രസുകാരെ സംബന്ധിച്ച് ഇന്നും കറുത്ത ഏടാണ്. 2004 ലെ അതേ നാണയത്തില്‍ ഇടതിന് മറുപടി കൊടുക്കാന്‍ ഒരുങ്ങുകയാണ് അവര്‍.

ഇക്കുറി കാര്യങ്ങള്‍ തികച്ചും വിപരീതം. സ്ഥിതിഗതികള്‍ ഏറെക്കുറെ അനുകൂലം. മറുപക്ഷത്താണെങ്കില്‍ ആകെ തമ്മിലടി. അന്ന് ജനങ്ങള്‍ യുഡി‌എഫ് വിരുദ്ധരായിരുന്നെങ്കില്‍ ഇന്ന് അത് നേരെ തിരിഞ്ഞു. തൊട്ടതിലെല്ലാം കൈ പൊള്ളിയ എല്‍‌ഡി‌എഫിനെ വിധിയെഴുത്തിലൂടെ അത് ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഉമ്മന്‍‌ചാണ്ടിയും കൂട്ടരും.

പെണ്‍‌വാണിഭക്കാരെ കയ്യാമം വെച്ചു തെരുവിലൂടെ നടത്തുമെന്നും ഭൂമാഫിയയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ വി‌എസിന്‍റെ വാക്കുകള്‍ ഇന്ന് യു‌ഡി‌എഫിന് പ്രചരണായുധമാണ്. ഏറ്റവും ഒടുവില്‍ സീറ്റിന്‍റെ പേരില്‍ എ‌ല്‍ഡി‌എഫില്‍ ഒരിക്കല്‍ പോലുമില്ലാത്ത തമ്മില്‍തല്ല് നടക്കുമ്പോഴും യുഡി‌എഫ് സ്വസ്ഥമായി കണക്കുകള്‍ കൂട്ടിത്തുടങ്ങി.

കോണ്‍ഗ്രസ് പാളയത്ത് പതിവുള്ള പടലപ്പിണക്കങ്ങളും തമ്മിലടിയും ഇക്കുറി കുറഞ്ഞു. രാജ്യസഭാ സീറ്റിന്‍റെ പേരിലുള്ള മാണിയുടെ പിണക്കം പൂര്‍ണ്ണമായി മാറ്റാനായില്ലെങ്കിലും രമ്യതയില്‍ വിഷയം ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസിനായി. കരുണാകരന്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും വോട്ട് മാ‍റില്ലെന്ന് ഉറപ്പാണ്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാറ്റ് ഏറെക്കുറെ അനുകൂലം. ഇടതുപക്ഷത്തോടുള്ള ക്രിസ്തീയ വിഭാഗങ്ങളുടെയും നായര്‍ സമുദായങ്ങളുടെയും വിയോജിപ്പാണ് ഈ മേഖലയില്‍ യുഡി‌എഫിന് പ്രതീക്ഷ നല്‍കുന്നത്. മലപ്പുറത്ത് ലീഗ് ആര്യാടന്‍ വിഷയം മാത്രമാണ് കുറച്ച് പ്രശ്നമുണ്ടാക്കുന്നത്. പിന്നെ ആണവകരാറും. ഇതൊഴിച്ചാല്‍ വടക്കന്‍ കേരളത്തിലും കാര്യങ്ങള്‍ അനുകൂലം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 32.13 ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 20 സീറ്റുകളില്‍ ഒരെണ്ണത്തില്‍ പോലും വിജയിക്കാനുമായില്ല. മുന്നണിയുടെ ബാനറില്‍ പൊന്നാനിയിലെ വിജയം എഴുതിച്ചേര്‍ക്കാ‍മെങ്കിലും കൊടിയുടെ നിറത്തില്‍ അത് ലീഗിനൊപ്പമായിരുന്നു.

മണ്ഡലപുനര്‍നിര്‍ണ്ണയത്തിലുണ്ടായ വോട്ടുകളുടെ ഏറ്റക്കുറച്ചിലുകള്‍ കോണ്‍ഗ്രസ് ഗൌനിക്കുന്നില്ല. ഇടത് സര്‍ക്കാരിന്‍റെ ചെയ്തികള്‍ ഉയര്‍ത്തി ജനങ്ങളെ സ്വാധീനിക്കാനാകുമെന്ന് തന്നെയാണ് അവരുടെ കണക്കുകൂട്ടല്‍.

വെബ്ദുനിയ വായിക്കുക