ജനതാദളിന്‍റെ പിന്തുണ തേടി: മുരളീധരന്‍

വ്യാഴം, 9 ഏപ്രില്‍ 2009 (15:16 IST)
ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ജനതാദളിന്‍റെ പിന്തുണ തേടിയിട്ടുണ്ടെന്ന് എന്‍ സി പി നേതാവ് കെ മുരളീധരന്‍. അനുകൂലമായ മറുപടിയാണോ ലഭിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രതികൂലമായിരുന്നില്ല മറുപടി എന്ന് അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത് എന്നത് അനുകൂലഘടകമാണെന്ന വിശ്വാസത്തിലാണ് മുരളീധരന്‍. സി പി എമ്മിന്‍റെ സഹായം ഇവിടെ തനിക്ക് ലഭിക്കുമെന്ന് മുരളി കണക്കുകൂട്ടുന്നു. മണ്ഡലത്തിന്‍റെ മുക്കും മൂലയും പോലും വ്യക്തമായി അറിയാവുന്ന ആളാണെന്നതും മുരളിക്ക് ഗുണം ചെയ്തേക്കും. മുമ്പ് കോഴിക്കോടു നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടതും വയനാട്ടില്‍ ഗുണമായി വന്നേക്കാം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എം ഐ ഷാനവാസിനെതിരെ ‘ഇറക്കുമതി സ്ഥാനാര്‍ത്ഥി’ എന്ന പ്രചരണം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശക്തമാണ്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ വയനാട്ടില്‍ മത്സരിക്കുന്നത് ജയിക്കാന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ പറഞ്ഞു. വയനാട്ടില്‍ മുരളി മത്സരിക്കുന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘മുരളിക്ക് മത്സരിക്കാന്‍ പാടില്ലേ, വയനാട്ടില്‍ മുരളി മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടി തന്നെയാണ്’ എന്നാണ് കരുണാകരന്‍ മറുപടി നല്‍കിയത്.

വെബ്ദുനിയ വായിക്കുക