കൂടിയാട്ടത്തിന്റെ നിലനില്‍പ്പ് പരുങ്ങലിലാവുകയും ക്ഷേത്രങ്ങള്ക്കതിനെ പോറ്റാന്‍ നിവൃത്തിയില്ലാതെ വരുകയും ചെയ്ത കാലത്ത് , ഒരു ദേവ നിയോഗം പോലെ അവതരിച് ഈ കലയെ ലോകസമക്ഷം നിവേദിച്ച അതുല്യനായ കലാകാരനാണ് കിള്ളിക്കുറിശ്ശി മംഗലം പൊതിയില്‍ മാണി മാധവ ചാക്യാര്‍.
ഇദ്ദേഹത്തോടൊപ്പം പറയാവുന്ന രണ്ട് പേരുകള്‍ പൈങ്കുളം രാമചാക്യാരുടെയും, അമ്മന്നൂര്‍ മാധാവ ചാക്യാരുടേതുമാണ് . കോഴിക്കോട് ജില്ലയില്‍ കാരയാടിനടുത്ത് തിരുവങ്ങയൂരാണ് മാണി മാധവ ചാക്യാരുടെ ജന്മ സ്ഥലം.പെരിങ്ങല്ലൂര്‍ ചാക്യാര്‍മാരുടെ കുടുംബത്തില്‍ സാവിത്രി ഇല്ലോടമ്മയുടെയും വിഷ്ണുനമ്പൂതിരിയുടെയും മകനായി 1899 ഫെബ്രുവരി 15 ന് ആണ് മാണി മാധവ ചാക്യാര്‍ ജ-നിച്ചത്. മാണി എന്ന പേരിലാണ് ഈ കുടുംബം അറിയപ്പെട്ടിരുന്നത്. വിവാഹശേഷമാണ് കിള്ളിക്കുറിശ്ശിമംഗലത്ത് താമസമാക്കിയത്.1990 ജ-നുവരി 14 ന് ആയിരുന്നു മരണം.
മാനവീകതയുടെ അനശ്വര പൈതൃക സ്വത്തുക്കളിലൊന്നായി കൂടിയാട്ടത്തെ പ്രതിഷ്ഠിക്കാനിടവരുത്തിയ മഹാ നടന്മാരിലൊരാളാണ് മാണി മാധവ ചാക്യാര്‍.കൂടിയാട്ടത്തെ കേരളത്തിന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയവരില്‍ പ്രമുഖനാണദ്ദേഹം.
കൂടിയാട്ടത്തെ ഇന്ത്യയിലെ സഹൃദയലോകവും വിദേശീയ കലാകാരന്മാരും മനസ്സിലാക്കിയത് നിഷ്കളങ്കമായ ചിരിയുടെയും, ഭാവസാഗരം തിരയിളക്കുന്ന മുഖശ്രീയുടെയും ഉടമയായ മാണി മാധവ ചാക്യാരിലൂടെയാണ് എന്ന് പറയേണ്ടിവരും.
ചെന്നൈയിലും ദില്ലിയിലും കാശി ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അദ്ദേഹം അവതരിപ്പിച്ച കൂടിയാട്ടം സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. കൂടിയാട്ടം കാണാന്‍ മുന്‍നിരയിലിരുന്ന രാഷ്ട്രപതി രാധാകൃഷ്ണന്, ചാക്യാരുടെ കണ്ണുകൊണ്ടുള്ള അഭിനയത്തില്‍ മുഴുകി ഭയചകിതനായതും കരഞ്ഞുപോയതും കഥകളല്ല.
കൂടിയാട്ടം അവതരിപ്പിക്കുന്ന അഭിനയത്തിന്റെ ശക്തിയും സൗന്ദര്യവും അങ്ങനെയാണ്. ഇന്ത്യയിലും വിദേശത്തും പ്രസിദ്ധമായത് ....., കാലാന്തരത്തില്‍ യുനെസ്കോയുടെ സവിശേശ പരാമര്‍ശത്തിനു അര്‍ഹമായത്.
സാധകം വഴി കണ്ണുകള്‍ അഭിനയത്തിന് പാകമാക്കുകയാണ് കൂടിയാട്ടത്തിന്റെയും കഥകളിയുടെയും രീതി. കണ്ണുകൊണ്ട് അഭിനയത്തിന്റെ ഉദാത്തതയില്‍ എത്തിച്ചേര്‍ന്ന ആചാര്യനാണ് മാണി മാധവ ചാക്യാര്‍.
മരിക്കുന്നതുവരെ ചാക്യാര്‍ തന്റെ കണ്ണിന്റെ സിദ്ധികള്‍ സൂക്ഷിച്ചിരുന്നു. വാര്‍ദ്ധക്യം അതിന്റെ സൗന്ദര്യം ചോര്ത്തിക്കളഞ്ഞിരുന്നില്ല.
വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയപ്പോള്‍ ആദ്യസംഘം വിദ്യാര്‍ത്ഥികളെ കണ്ണുസാധകം ചെയ്യിക്കാന്‍ നിയോഗിച്ചത് മാണി മാധവ ചാക്യാരെയായിരുന്നു.
കഥകളിയിലെ ഇതിഹാസമായ കലാമണ്ഡലം കൃഷ്ണന് നായര്‍, വിശ്വ നര്‍ത്തകനായ ആനന്ദ് ശിവറാം, കേളു നായര്‍, മാധവന് തുടങ്ങി ഒട്ടേറെപ്പേര്‍ ചാക്യാരില്‍ നിന്ന് കണ്ണഭിനയം പഠിച്ചു.
കലാമണ്ഡലത്തില്‍ കൂടിയാട്ടം കോഴ്സ് തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടെ സന്ദര്‍ശകനായ പ്രൊഫസര്‍ ആയി.
വിഖ്യാത കൂടിയാട്ടം ഗുരു പൈങ്കുളം രാമ ചാക്യരായിരുന്നു അവിടത്തെ കൂടിയാട്ടം അദ്ധ്യാപകന് കഥകളിയും കൂടിയാട്ടവും തമ്മില്‍ അക്കാലത്ത് ഒത്തുപോവുമായിരുന്നില്ല. കൂടിയാട്ടത്തില്‍ കലര്പ്പുവന്നുപോവും എന്നായിരുന്നു പേടി.
എന്നാല്‍ മാധവചാക്യാര്‍ ഇരു കലാവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. കഥകളിക്കാരെ കണ്ണുസാധകം പഠിപ്പിക്കുക വഴി കഥകളിക്ക് കണ്ണു നല്കി എന്ന പെരുമയും അദ്ദേഹം സ്വന്തമാക്കി.
പണ്ഡിതനായ നടന്
കൂടിയാട്ട കലാകാരന്മാര് പണ്ഡിതരായേ മതിയാവൂ. അവരുടെ കൂട്ടത്തില്‍ പണ്ഡിതനായ നടന് എന്ന ബഹുമതി മാണിമാധവ ചാക്യാര്‍ക്ക് സ്വന്തം. കൊച്ചിയിലെ പരീക്ഷിത്ത് തമ്പുരാന്റെ ശിഷ്യനായതുകൊണ്ടാവാം ചാക്യാരില്‍ അഭിനയത്തോടു തുല്യം പാണ്ഡിത്യവും നിറഞ്ഞു നിന്നത്.
അദ്ദേഹം കൂടിയാട്ടത്തിന് ആധുനികമായ വ്യാഖ്യാനവും സൈദ്ധാന്തിക അടിത്തറയും ഉറപ്പിച്ചു രചിച്ച നാട്യ കല്പദ്രുമം ഈ കലാരൂപം അറിയാനും പരിശീലിക്കാനും കാലാനുഗുണമായി പ്രയോഗിക്കാനുമുള്ള പരിപാടിയാണ്.
ബഹുമതികള്‍
സുദീര്‍ഘമായി ജ-ീവിച്ചുവെങ്കിലും മാണിമാധവ ചാക്യാര്‍ക്ക് അര്‍ഹമായ ബഹുമതികള്‍ കിട്ടാതെ പോയി. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പത്മശ്രീ അദ്ദെഹത്തിന്റെ പ്രതിഭയ്ക്കു മുമ്പില്‍ തിളക്കമറ്റതാവുന്നു. ചുരുങ്ങിയത് പത്മവിഭൂഷനെങ്കിലും ചാക്യാര്‍ക്ക് നല്‍കാമായിരുന്നു.
കാളിദാസ പുരസ്കാരം, കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളും, ഫെലോഷിപ്പും, ഗുരുവായൂരപ്പന് പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികളും ചാക്യാര്‍ക്ക് ലഭിച്ചിട്ടുണ്ട്.