മങ്കൊമ്പ്- കഥകളിയുടെ മുഖശ്രീ

WDWD
മങ്കൊമ്പ് ശിവശങ്കര പിള്ളയുടെ മുഖശ്രീ കഥകളിയുടെ സൗഭഗമാണ്. ഭാവരസാഭിനത്തിന്‍റെ ചാരുതയാണ് അദ്ദേഹത്തെ മറ്റ് നടന്മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്.തെക്കന്‍ കളരിയുടെ മുദ്രാവതരണ പാടവവും മുഖാഭിനയ ലാളിത്യവും അദ്ദേഹം ഉള്‍ക്കൊണ്ടു

കേരളത്തിലെ ഏറ്റവും പ്രശസ്തനായ സ്ത്രീ വേഷക്കാരനായിരുന്നു ഒരുകാലത്ത് മങ്കൊമ്പ്. പിന്നീട് എല്ലാ തരം വേഷങ്ങളും കെട്ടാന്‍ തുടങ്ങി. ഇടക്കാലത്ത് കുറച്ചുകാലം നൃത്തത്തിലേക്ക് ഒന്നു ചുവടുമാറ്റുകയും ചെയ്തു.

രണ്ടു കൊല്ലം മുമ്പ് ഉണ്ടായ മസ്തിഷ്ക ആഘാതം മങ്കൊമ്പിനെ തളര്‍ത്തിക്കളഞ്ഞു. ചെങ്ങന്നൂര്‍ കീഴ്ശ്ശേരി മേല്‍ അംബാലയം വീട്ടില്‍ വിശ്രമ ജ-ീവിതം നയിക്കുന്നു. സരസ്വതിയമ്മയാണ് ഭാര്യ.

പുരസ്കാരങ്ങള്‍ക്ക് പിറകേ പോകാതെ നിശ്ശബ്ദമായി കലാസേവനം നടത്തുന്ന മങ്കൊമ്പ് ശിവശങ്കരപിള്ളയെ തേടി എത്തിയത് കഥകളിക്കുള്ള ഏറ്റവും വലിയ പുരസ്കാരമാണ്. -2005 ലെ സംസ്ഥാന സര്‍ക്കാരിന്‍റെ 2005 ലെ കഥകളി പുരസ്കാരം.

വെറുമൊരു കഥകളി നടന്‍ മാത്രമല്ല മങ്കൊമ്പ്. കഥകളി പണ്ഡിതന്‍ കൂടിയാണ്. കഥകളിയുടെ ചരിത്രത്തെ കുറിച്ചും മുദ്രകളുടെ അര്‍ത്ഥത്തെയും പ്രയോഗത്തെയും കുറിച്ചും വളരെയേറെ ചിന്തിക്കുകയും പഠിക്കുകയും ചെയ്ത ആള്‍.

തെക്കന്‍ ചിട്ട കഥകളിക്കാരുടെ കൈപ്പുസ്തകമായ കരദീപിക എന്ന അത്രമേല്‍ പ്രശസ്തമല്ലാത്ത കൈമുദ്രാ പുസ്തകത്തെ കുറിച്ച് അദ്ദേഹം ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. അതോടൊപ്പം മുദ്രകളെ കുറിച്ചൊരു സമഗ്രമായ പഠനം തയ്യാറാക്കി വരികയുമായിരുന്നു.

വാര്‍ദ്ധക്യത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ഈ പ്രയത്നത്തെ വല്ലാതെ ബാധിച്ചു. ഇപ്പോള്‍ മാതൃഭൂമി ബുക് സ്റ്റാള്‍ അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളെ പുസ്തക രൂപത്തില്‍ ആക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

കഥകളി സ്വരൂപം എന്ന പേരിലുള്ള ഗ്രന്ഥം അദ്ദേഹം എഴുതി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സഹോദരന്‍ സി.കെ.ശിവരാമന്‍ പിള്ളയുടെ സഹായത്താലാണ് അവസാന ഭാഗങ്ങള്‍ എഴുതാന്‍ സാധിച്ചത്.

ചെങ്ങന്നൂര്‍ രാമന്‍ പിള്ളയാണ് മങ്കൊമ്പ് ശിവശങ്കര പിള്ളയുടെ എല്ലാമെല്ലാം. ആചാര്യനും ഗുരുനാഥനും വഴികാട്ടിയും സംരക്ഷകനും എല്ലാം.

ഗുരുഗോപിനാഥിന്‍റെ ശിഷ്യനായും അദ്ദേഹം കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. അതുപോലെ തന്നെ മൃണാളിനി സാരാഭായിയുടെ സംഘത്തില്‍ അദ്ദേഹം നര്‍ത്തകനായും പ്രവര്‍ത്തിച്ചു.

പേരിനോടൊപ്പം ജ-ന്മനാടായ മങ്കൊമ്പ് ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ പൂര്‍ണ്ണമായും ചെങ്ങന്നൂര്‍ കാരനാണ്.

ഏഴാം ക്ളാസുവരെയെ പഠിച്ചിട്ടുള്ളു. അമ്മാവന്‍ പാച്ചുപിള്ളയുടെ ഗരുഢന്‍ വേഷം കണ്ട് ആകൃഷ്ടനായി. പതിനാലാം വയസില്‍ തന്നെ ശിവശങ്കര പിള്ള കഥകളിയെ മനസാ വരിച്ചു.

കഷ്ടിച്ച് കഴിഞ്ഞുകൂടാന്‍ പോലും വക കിട്ടാത്ത കഥകളിക്കാരനാവാനാണ് മകന്‍റെ പുറപ്പാടെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ എതിര്‍ത്തുവെങ്കിലും അദ്ദേഹം തീരുമാനം മാറ്റിയില്ല.

സുന്ദരമായൊരു മുഖമായിരുന്നു ബാലനായ ശിവശങ്കര പിള്ളയുടെ എടുത്തുപറയാവുന്ന ഒരു നേട്ടം. മങ്കൊമ്പ് ദേവീ ക്ഷേത്രത്തില്‍ പൂതനാ മോക്ഷത്തില്‍ സ്ത്രീ വേഷം കെട്ടിയായിരുന്നു അരങ്ങേറ്റം

അക്കാലത്ത് സ്ത്രീ വേഷക്കാര്‍ കുറവായിരുന്നത് കൊണ്ട് കുടമാളൂര്‍ കരുണാകരന്‍ നായരെ പോലെ തന്നെ മങ്കൊമ്പിനും ഒട്ടധികം സ്ത്രീ വേഷങ്ങള്‍ അവതരിപ്പിക്കേണ്ടി വന്നു.

ബാണ യുദ്ധം കഥകളിയില്‍ ഉഷയുടെയും ചിത്രലേഖയുടെയും വേഷം ഇരുവരും മാറിമാറി അവതരിപ്പിക്കുക പതിവായിരുന്നു.

കര്‍ണ്ണശപഥത്തിലെ കുന്തി, കീചക വധത്തിലെ സൈരന്ധ്രി, നിഴല്‍ക്കുത്തിലെ മലയത്തി എന്നിങ്ങനെ ഒട്ടേറെ വേഷങ്ങള്‍ മങ്കൊമ്പ് അവതരിപ്പിച്ചിട്ടുണ്ട്.

40 വയസ് ആവുന്നതിന് മുന്‍പ് തന്നെ അദ്ദേഹം സ്ത്രീ വേഷം ആടുന്നത് കുറച്ച് പച്ച, കത്തി വേഷങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

ബന്ധുവായ കളര്‍കോട് കുട്ടപ്പ പണിക്കരായിരുന്നു ആദ്യത്തെ ഗുരുനാഥന്‍. പിന്നീട് ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ വീട്ടിലെത്തി. തുടക്കത്തില്‍ തകഴി അയ്യപ്പന്‍ പിള്ളയുടെ അടുത്തേക്ക് മങ്കൊമ്പിനെ അയച്ചു.

അവിടത്തെ പഠനത്തിന് ശേഷമാണ് അദ്ദേഹം ഗുരുകുല സമ്പ്രദായത്തില്‍ ചെങ്ങന്നൂരിന് ശിഷ്യപ്പെടുന്നത്. 8 വര്‍ഷം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു.

മൃണാളിനി സാരാഭായിയുടെ നൃത്ത സംഘത്തില്‍ ചേരാന്‍ അവസരം വന്നപ്പോള്‍ ഗുരുനാഥന്‍ എതിര്‍ത്തുവെങ്കിലും ഗുരു ഗോപിനാഥാണ് അദ്ദേഹത്തെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചത്.

ഈ ട്രൂപ്പിനോടൊപ്പം മങ്കൊമ്പ് ഒട്ടേറെ അരങ്ങുകളില്‍ നൃത്തമാടി. ഒട്ടേറെ വിദേശ രാജ-്യങ്ങള്‍ സന്ദര്‍ശിച്ചു. കൂടാതെ ഫാക്ട് കഥകളി ട്രൂപ്പിനോടൊപ്പവും വിദേശത്തും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ വലിയ കൊട്ടാരത്തിലെ കഥകളി സംഘത്തിലും മങ്കൊമ്പ് ഉണ്ടായിരുന്നു. കുറച്ചുകാലം കലാമണ്ഡലത്തില്‍ തെക്കന്‍ കളരിയുടെ ആശാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1985 ല്‍ കേന്ദ്ര സംഗീത നാടക അക്കാഡമിയുടെയും 1989 ല്‍ കേരള സംഗീത നാടക അക്കാഡമിയുടെയും പുരസ്കാരങ്ങള്‍ ലഭിച്ചു. 1984 ല്‍ കലാമണ്ഡലത്തിന്‍റെ കഥകളി പുരസ്കാരവും മങ്കൊമ്പിനെ തേടിയെത്തി.

രണ്ടര വര്‍ഷം മുന്‍പ് ആനപ്രാംപാല്‍ ദേവീക്ഷേത്രത്തിലാണ് അവസാനമായി കഥകളി വേഷം കെട്ടിയത്. സന്താനഗോപാലത്തിലെ ഒരു വേഷം.

മക്കളാരും കലാരംഗത്തില്ല. കമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റിന്‍റെ കാനഡാ ബ്രാഞ്ച് മനേജ-ര്‍ രാധാകൃഷ്ണന്‍ നായര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്‍ നായര്‍, മധുസൂദനന്‍ നായര്‍ എന്നിവര്‍ മക്കളാണ്.

വെബ്ദുനിയ വായിക്കുക