ക്രിസ്തുമസ് മാത്രമല്ല പുതുവർഷവും വറുതിയിൽ; ഗ്രേറ്റ് ഫാദറിനോട് മത്സരിക്കാൻ ആരെല്ലാം?
വ്യാഴം, 22 ഡിസംബര്‍ 2016 (15:08 IST)
ക്രിസ്തുമസ് അവധിക്കിടയിൽ പ്രീയപ്പെട്ട താരങ്ങളുടെ പുത്തൻ സിനിമ, അത് ഒരു ശരാശരി ആരാധകന്റെ അവകാശം തന്നെയാണ്. കാത്തിരുന്ന് പുത്തൻപടങ്ങൾ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്കിടയിലേക്ക് ആണ് ഇടുത്തീപോലെ ആ വാർത്ത വന്നത്. ക്രിസ്തുമസിന് പുതിയ പടങ്ങൾ റിലീസ് ചെയ്യില്ല?. അക്ഷരാർത്ഥത്തിൽ പ്രേക്ഷകർക്ക് നിരാശയാണ് ഉണ്ടായത്. എന്നാൽ, ഒരു സിനിമയെ തീയേറ്ററിലേക്ക് എത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ട സംവിധായകന്റെ അവസ്ഥ എന്തായിരിക്കുമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകില്ല.
തിയേറ്ററുടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നം അവസാനിക്കാത്തതാണ് ഈ വര്‍ഷത്തെ ക്രിസ്തുമസിന് തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തത്. അതോടൊപ്പം തിയേറ്ററുകളില്‍ ഓടുന്ന സിനിമകളും പിന്‍വലിക്കുമെന്ന നിലാപാടാണിപ്പോള്‍. തിയേറ്റര്‍ ഉടമക്കാരുടെയും വിതരണക്കാരുടെയും തര്‍ക്കത്തില്‍ വെട്ടിലായത് സംവിധായകരും നിര്‍മാതാക്കളുമാണ്. തര്‍ക്കം അവസാനിപ്പിക്കാതെ സിനിമ പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സംവിധായകര്‍.
മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ ക്രിസ്തുമസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, സമരം വഷളായതോടെ സംവിധായകനും അണിയറ പ്രവർത്തകരും ആകെ ധർമസങ്കടത്തിലാണ്. ''ചിത്രത്തിന്റെ റിലീസ് നീട്ടിതിന്റെ വിഷമത്തിലാണ് ഞങ്ങള്‍. ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തിക്കാം എന്ന പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ പണികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കിയത്. തിയേറ്ററുടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പെട്ടന്ന് പരിഹരിക്കപ്പെടുമെന്ന് വിചാരിക്കുന്നുവെന്ന് ജിബു ജേക്കബ് പറയുന്നു.
സത്യൻ അന്തിക്കാടും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ജോമോന്റെ സുവിശേഷങ്ങൾ. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇതും. ''തിയേറ്ററുടമകള്‍ പിടിവാശിയിലാണ്. അവര്‍ സിനിമാ നിര്‍മാതാക്കളുമായി എടുത്ത ഏകപക്ഷീയമായ തീരുമാനമാണ് ഇത്. നടക്കാനിരിക്കുന്ന ചർച്ചയിൽ പുരോഗതി ഉണ്ടാകുമെന്ന് കരുതുന്നു'' എന്നും സത്യൻ അന്തിക്കാട് പറയുന്നു. മാതൃഭൂമി ഡോട് കോമിനോടാണ് സംവിധായകർ ഇക്കാര്യം പറഞ്ഞത്.
സംവിധായകൻ സിദ്ദിഖിനും ഇതേ അഭിപ്രായം തന്നെയാണ്. ഇപ്പോള്‍ തിയേറ്ററുടമകള്‍ എടുത്ത തീരുമാനം നിര്‍മാതാക്കളുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടത്താതെയാണെന്ന് സിദ്ദിഖ് പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന എസ്രയും ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്നതാണ്. തിയേറ്ററുടമകള്‍ ഇപ്പോള്‍ വച്ചിരിക്കുന്ന ആവശ്യം ഇപ്പോള്‍ ഒരു കാരണവശാലും അംഗീകരിക്കനാവില്ലെന്ന് ജെയ് കെ പറയുന്നു.
സമരം ശക്തമാണെങ്കിൽ പുതിയ ചിത്രങ്ങൾ പുതുവർഷത്തിലെങ്കിലും റിലീസ് ചെയ്യുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തേ ക്രിസ്തുമസിന് ചെയ്യാനിരുന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ. ചില സാങ്കേതിക പ്രശനങ്ങളാൽ ചിത്രം ജനുവരിയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിനൊപ്പമായിരിക്കുമോ ഈ ചിത്രങ്ങളെല്ലാം റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.