എം ബി ബി എസ് ബിരുദം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും ഡോക്‌ടറായി പ്രവര്‍ത്തിക്കാത്ത സാക്കിര്‍ നായിക് പീസ് ടിവിയിലൂടെ പറയുന്നത്

ചൊവ്വ, 12 ജൂലൈ 2016 (13:47 IST)
ബംഗ്ലാദേശ് ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ സജീവമായത്. ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടെന്നും നായിക്കിന്റെ പ്രഭാഷണങ്ങള്‍ ധാക്ക അക്രമണത്തിന് പ്രചോദനമായെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെ ആരാണ് സാക്കിര്‍ നായിക് എന്ന ചോദ്യവും ശക്തമായി. ക്രിസ്ത്യാനികളും ഹിന്ദുക്കളുമായി സംവാദങ്ങള്‍ നടത്തുന്നതില്‍ നിപുണനായ വ്യക്തിയാണെന്നും ഇദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടരായി ലക്ഷക്കണക്കിന് ആളുകള്‍ ഇസ്ലാംമതം സ്വീകരിച്ചെന്നും ബോംബെയിലെ ഇസ്ലാമിക ഗവേഷണ സ്ഥാപനത്തിന്റെ തലവനും ഇസ്ലാമിക ചാനല്‍ പീസ് ടിവിയുടെ ഉയമസ്ഥനുമാണെന്നാണ് ഇസ്ലാംഹൗസ് എന്ന വെബ്‌സൈറ്റില്‍ സാക്കിര്‍ നായികിനെ വിശേഷിപ്പിക്കുന്നത്.
 
ഇസ്ലാമിക മത പ്രഭാഷകന്‍ എന്ന് പറയുന്നുണ്ടെങ്കിലും ഇസ്ലാം മതത്തിലുള്ള എല്ലാ വിഭാഗക്കാര്‍ക്കും അഭിമതനല്ല ഡോക്ടര്‍ സാക്കീര്‍ നായിക്. ഇന്ത്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള സലഫി സൈദ്ധാന്തികനെന്നും ലോകത്തിലെ പ്രമുഖനായ സലഫി പ്രചാരകനെന്നും വിക്കിപീഡിയ സാക്കീര്‍ നായിക്കിനെക്കുറിച്ച് പറയുന്നു. മുംബൈ സ്വദേശിയാണ് ഡോ സാക്കിര്‍ നായിക് എങ്കിലും 2012 മുതല്‍ മുംബൈയില്‍ സാക്കിറിന്റെ പ്രസംഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുകെയും കാനഡയും ഉസാമ ബിന്‍ ലാദനെ പ്രതിരോധിച്ചു കൊണ്ടുള്ള നായികിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ബിന്‍ ലാദന്‍ ഭീകരവാദിയല്ലെന്നും പ്രസംഗങ്ങള്‍ ദുഷിച്ചതാണെന്ന് ബോധ്യപ്പെടുത്താന്‍ അവ വ്യാജമായി കെട്ടിച്ചമച്ചതാണെന്നും നായിക് പറഞ്ഞിരുന്നു.
 
നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന സാക്കിര്‍ വേഷത്തിലും ഏറെ വ്യത്യസ്തനാണ്. പാശ്ചാത്യ രീതിയിലുള്ള വസ്ത്രത്തിനൊപ്പം മുസ്ലീം തൊപ്പിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സാക്കിര്‍ ഖുറാന്റെ ആധുനിക പശ്ചാത്തലത്തിലൂടെ മതത്തെ വ്യാഖ്യാനിക്കുന്നു. തീവ്ര മത യാഥാസ്ഥിതികത്വം നിറഞ്ഞ പ്രസംഗത്തില്‍ യുവാക്കള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. മതപ്രഭാഷകനായും മദ്രസ അധ്യാപകനായും പ്രവര്‍ത്തിക്കുന്ന സാക്കിര്‍ ഒരിക്കല്‍ പോലും ഡോക്ടറായി പ്രവര്‍ത്തിച്ചിട്ടുമില്ല. ഒരു തരത്തിലോ യാഥാസ്ഥിതിക ധാര്‍മ്മിക ബോധത്തെ തിരുത്തുകയോ പുരോഗമന ആശയങ്ങളെ അംഗീകരിക്കുകയോ ചെയ്യാത്ത തീവ്ര ചിന്താഗതി വെച്ചു പുലര്‍ത്തുന്ന സലഫി വിഭാഗത്തിന്റെ സിദ്ധാന്തത്തിലൂന്നിയാണ് സാക്കിറിന്റെ പ്രഭാഷണങ്ങള്‍.
 
ഇസ്ലാമിക ഭീകരസംഘടനകളായ അല്‍ ഖ്വയ്ദ, താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, തുടങ്ങിയവയെല്ലാം ഇതേ ആശയത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ധാക്കയില്‍ റസ്റ്റോറന്റില്‍ ആക്രമണം നടത്തിയ രണ്ട് യുവാക്കള്‍ ആക്രമണം നടത്തിയത് നായികിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണെന്നാണ് ബംഗ്ലാദേശ് ആരോപിക്കുന്നത്.
 
മഹാരാഷ്‌ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ 1965 ഒക്ടോബര്‍ 15നാണ് സാക്കിറിന്റെ ജനനം. ഡോംഗ്രിയില്‍ ക്ലിനിക്ക് നടത്തിയിരുന്ന പ്രശസ്ത മനശാസ്ത്രഞ്ജര്‍ അബ്ദുല്‍ കരീം നായിക്കാണ് സാക്കിറിന്റെ പിതാവ്. മുംബൈ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. എന്നാല്‍ 1987ല്‍ സാക്കിറിന്റെ 22ആം വയസ്സില്‍ അഹമ്മദ് ദീദത്ത് എന്ന ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കയിലെ മതപ്രചാരകനെ കണ്ടുമുട്ടിയത് സാക്കിറിന്റെ ജീവിതം മാറ്റി മറിച്ചു.
 
1991ല്‍ ഡോംഗ്രിയിലെ ഒറ്റമുറിയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടന പിറന്നു. സ്ഥാപകനും പ്രസിഡന്റുമായ സാക്കിര്‍ നായിക് പിന്നീട് ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപിച്ചു. മൂന്നു മക്കളും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഐആര്‍എഫിന്റെ വനിത വിഭാഗത്തിന്റെ ചുമതല ഭാര്യ ഫര്‍ഹതും വഹിക്കുന്നു. 2006ല്‍ പീസ് ടീവിയെന്ന മതപ്രഭാഷണ ചാനലും സ്ഥാപിച്ചു. ദുബായില്‍ നിന്നാണ് ചാനലിന്റെ സംപ്രഷേണം.
 
പൊതുപ്രസംഗ വേദികളില്‍ സാക്കിറിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ വന്‍ ജനപ്രവാഹം തന്നെ ഉണ്ടാകാറുണ്ട്. പ്രസംഗത്തിനു പുറമെ ഇവന്റ് മാനേജ്‌മെന്റിലൂടെയും പീസ് ടീവി നടത്തിപ്പിലൂടെയും പണം സമ്പാദിക്കുന്നു. പീസ് ടീവിയിലൂടെ ലോകമെമ്പാടുമുള്ള 10 കോടി ജനങ്ങള്‍ സാക്കിറിന്റെ പ്രസംഗം കേള്‍ക്കുന്നുവെന്നാണ് കണക്ക്. ഏകദൈവ വിശ്വാസിയായ സലഫി സൈദ്ധാന്തികന്‍ മറ്റ് മതങ്ങളെയോ അതിന്റെ നിലനില്‍പ്പിനെയോ അംഗീകരിക്കുന്നില്ല. എല്ലാ ശാസ്ത്ര കണ്ടുപിടുത്തങ്ങളും കണ്ടെത്തലുകളും ലോകത്തിലെ അത്ഭുതങ്ങളും പ്രപഞ്ച രഹസ്യങ്ങളുമെല്ലാം ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നേരത്തെ തന്നെ പ്രതിപാദിച്ചതാണെന്നാണ് സാക്കിര്‍ നായികിന്റെ വാദം.
 
ചാവേറാക്രമണങ്ങള്‍ തെറ്റെല്ലെന്ന് പോലും നായിക് പ്രസംഗങ്ങളില്‍ പറഞ്ഞു വയ്ക്കുന്നു. ഇത്തരം പ്രസംഗങ്ങള്‍ പീസ് ടിവിയിലൂടെ സംപ്രേഷണം ചെയ്യാറുമുണ്ട്. പീസ് ടീവിയുടെ ഉര്‍ദ്ദുവിനും ബംഗ്ലായ്ക്കും ബംഗ്ലാദേശില്‍ വലിയ സ്വാധീനമാണുള്ളത്. ഇത് കൂടി കണക്കിലെടുത്താണ് ധാക്ക ആക്രമണത്തില്‍ സാക്കീര്‍ നായിക്കിന് സ്വാധീനമുണ്ടെന്ന് ബംഗ്ലാദേശ് ആരോപിക്കുന്നത്.

വെബ്ദുനിയ വായിക്കുക