കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഭീകരാക്രമണത്തില്‍ ഇന്ത്യയില്‍ ജീവന്‍ നഷ്‌ടപ്പെട്ടത് 707 പേര്‍ക്ക്; ചെറുതും വലുതുമായി കൂടി കൊണ്ടേയിരിക്കുന്നു മരണക്കണക്കുകള്‍
തിങ്കള്‍, 18 ജൂലൈ 2016 (16:17 IST)
കഴിഞ്ഞദിവസം ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണം ലോകത്തെയാകെ ഞെട്ടിച്ചു. ദേശീയദിനാഘോഷം നടക്കുന്നതിനിടെ ആയിരുന്നു ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. തെക്കന്‍ ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ കടല്‍ത്തീര നഗരമായ നീസില്‍ ദേശീയദിനം ആഘോഷിക്കാന്‍ കൂടിയവര്‍ കരിമരുന്ന് കലാപ്രകടനം ആസ്വദിക്കുന്നതിനിടെ മുപ്പതു ടണ്‍ ഭാരമുള്ള കൂറ്റന്‍ ട്രക്ക് ജനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 84 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മരണത്തോട് മല്ലടിച്ച് നിരവധിയാളുകള്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ കണക്കും കൊല്ലപ്പെട്ടവരുടെ എണ്ണവും ഒന്ന് നോക്കുന്നത്. 2005 മുതല്‍ രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 700നു മുകളില്‍ ആളുകളാണ്. 3200 ഓളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 707. 2005 മുതല്‍ രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ കണക്കാണിത്. 2005നു ശേഷം രണ്ടു വലിയ ഭീകരാക്രമണങ്ങള്‍ക്ക് മുംബൈ സാക്‌ഷ്യം വഹിച്ചപ്പോള്‍ 2005, 2008, 2011 വര്‍ഷങ്ങളില്‍ ഡല്‍ഹിയും ഭീകരാക്രമണത്തിന്റെ ഭീകരത അറിഞ്ഞു.
ആഭ്യന്തരമന്ത്രാലയമാണ് കഴിഞ്ഞദിവസം ഈ കണക്ക് പുറത്തുവിട്ടത്. വിവരാവകാശ പ്രവര്‍ത്തകന്‍ ഗൌരവ് അഗര്‍വാളിന്റെ അപേക്ഷയിലാണ് ആഭ്യന്തരമന്ത്രാലയം ഈ വിവരം നല്കിയത്. ഈ വര്‍ഷം ജനുവരി ആദ്യം പത്താന്‍കോട്ട് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കു കൂടി ഉള്‍പ്പെടുത്തിയാണ് മറുപടി. ഏഴ് സുരക്ഷ ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 37 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മുംബൈ പ്രധാനമായും രണ്ട് ഭീകരാക്രമണങ്ങള്‍ക്കാണ് സാക്ഷിയായത്. 2006 ജൂലൈ 11ന് മുംബൈയിലെ ലോക്കല്‍ ട്രയിനില്‍ വിവിധയിടങ്ങളിലായി നടന്ന ഏഴ് ബോംബ് സ്ഫോടനങ്ങളില്‍ 187 പേരാണ് കൊല ചെയ്യപ്പെട്ടത്. 817 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്തു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 2008 നവംബര്‍ 26ന് മുംബൈയ്ക്കൊപ്പം രാജ്യവും ഒരുപോലെ ഞെട്ടി. നവംബര്‍ 26നു തുടങ്ങി 28 വരെ മൂന്നുദിവസം നീണ്ടുനിന്ന ഭീകരാക്രമണതാണ്ഡവത്തില്‍ 175 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒമ്പത് ഭീകരവാദികളും ഉള്‍പ്പെടും. 291 പേര്‍ക്ക് പരുക്കേറ്റു.
അയോധ്യയില്‍ ബാബ്‌റി മസ്‌ജിദ് തകര്‍ത്തതിനു പിന്നാലെ 1993ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയാണ് ലോകത്തിലെ തന്നെ ആദ്യത്തെ ബോംബ് സ്ഫോടനപരമ്പര. മുംബൈ ആസ്ഥാനമായുള്ള അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി - കമ്പനി നടത്തിയ ബോംബ് സ്ഫോടന പരമ്പരയില്‍ 257 പേരുടെ ജീവനായിരുന്നു അന്ന് പൊലിഞ്ഞത്. 700 ഓളം പേര്‍ പരുക്കുകളോടെ ആശുപത്രിയിലാകുകയും ചെയ്തു. അതിനു ശേഷം, മുംബൈയില്‍ നടന്ന സ്ഫോടനപരമ്പര 2011 ജൂലൈയില്‍ ആയിരുന്നു. മുംബൈയില്‍ തുടര്‍ച്ചയായി ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 27 പേര്‍ കൊല്ലപ്പെടുകയും 127 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
2005 ഒക്‌ടോബര്‍ 29ന് പഹര്‍ഗഞ്ച്, സരോജിനി നഗര്‍, ഗോവിന്ദ്‌പുരിയില്‍ ഡി റ്റി സി ബസ് തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളില്‍ 50 ഓളം പേര്‍ കൊല്ലപ്പെടുകയും 105 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2008 സെപ്തംബറില്‍ ഡല്‍ഹിയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തിനു ശേഷം 2011 സെപ്തംബര്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.