ശബരിമല ഒന്നടങ്ങി, ഇനി സർക്കാരിന് തലവേദന പിറവം പള്ളി തർക്കം

തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (16:20 IST)
ശബരിമലയിൽ സ്ത്രീ പ്രവേശനവുമയി ബന്ധപ്പെട്ട സമരങ്ങൾ മലയിറങ്ങി സെക്രട്ടറിറ്റേറ്റ് പടിക്കലെത്തി. ശബരിമല ഇപ്പോൾ ശാന്തമാണ്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരങ്ങളെ നേരിടാൻ ഏതൊരു സർക്കാരിനും വലിയ ബുദ്ധിമുട്ടില്ല. സമരങ്ങൾ സെക്രട്ടറിയേറ്റിന് അന്യമല്ലല്ലോ. പക്ഷേ ശബരിമല ശാന്തമാകുമ്പോൾ പിറവത്ത് വീണ്ടും കനലെരിയാൻ തുടങ്ങിയിരിക്കുന്നു.
 
യാക്കോബായ ഓർത്തഡോക്സ് പള്ളി തർക്കമാണ് വീണ്ടും സജീവമായി എത്തുന്നത്. ശബരിമല സമരങ്ങൾ സജീവമായിരിക്കെ തന്നെ യാകോബായ ഓർത്തഡോക്സ് പള്ളി തർക്കവും സർക്കാരിനു മുന്നിലേക്ക് പലരും കൊണ്ടുവന്നിരുന്നു.സുപ്രീം കോടതി വിധി എന്തുകൊണ്ട് പിറവം വലിയ പള്ളിയുടെ കാര്യത്തിൽ നടപ്പിലാക്കുന്നില്ല എന്നതായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം.
 
പള്ളി തർക്കത്തിൽ വർഷങ്ങൾക്കൊടിവിൽ സുപ്രീം കോടതി പള്ളിയുടെ ഉടമസ്ഥാവകാശവും പ്രാർത്ഥനാവകാശവും ഓർത്തടോക്സ് സഭക്ക് നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കുർബാന നടത്താൻ ഓർത്തഡോക്സ് വൈദികരും വിശ്വാസികളും പള്ളിയിലെത്തിയെങ്കിലും യാക്കോബായ സഭ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.
 
പ്രതിഷേധങ്ങൾ അക്രമങ്ങളായി മാറിയതോടെ പള്ളി വീണും അടച്ചിടുകയായിരുന്നു. പ്രതിഷേധമുയർത്തി കാര്യം സാധിക്കാൻ ഏറ്റവും ഉത്തമമായ സമയം ഇതാണ് എന്ന് തിരിച്ചറിവിലാവാം സുപ്രീം കോടതി വിധിക്കെതിരെ സമരവുമായി വീണ്ടും യാക്കോബായ സഭ  രംഗത്തെത്തിയിരിക്കുകയാണ്. പിറവം വലിയ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി രണ്ട് യാക്കോബായ വിശ്വാസികൾ വാർത്തകളെ ആ ഭാഗത്തേക്ക് ക്ഷണിച്ചുകഴിഞ്ഞു. 
 
സുപ്രീം കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ നിയമപരമായി പ്രതിരോധം തീർക്കുന്നതിന് പകരം തുറന്ന സമരങ്ങളിലേക്കും അക്രമങ്ങളിലേക്കും നീങ്ങുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ശബരിമലയിൽ ഈ രീതി ആളുകളിൽ ഭിന്നതയുണ്ടാക്കാൻ മാത്രമാണ് ഉപകരിച്ചത്. സർക്കാർ ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും യാക്കോബായ ഓർത്തഡോക്സ് സഭയുടെ തർകം തന്നെയായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍