കഥകളുടെ രാജകുമാരി, കവിതകളുടെ കലവറ, കമല സുരയ്യയ്ക്ക് വിശേഷണങ്ങൾ നിരവധിയാണ്. കഥകളെ സ്നേഹിച്ച റാണിയുടെ ജന്മദിനമാണിന്ന്. പച്ചയായ ജീവിതത്തെ, വരികളിലൂടെ തുറന്ന പുസ്തകമാക്കിയ, എഴുത്തിന്റെ ജീവനും ജീവിതവുമായിരുന്നു മാധവിക്കുട്ടിയെന്ന കമല സുരയ്യ. അവരുടെ കഥകളിലൂടെയും കവിതകളിലൂടെയും പ്രണയത്തിന്റെ സൗന്ദര്യവും ജീവിതത്തിന്റെ നിറപകിട്ടും നിലയ്ക്കാതെ ഒഴുകി കൊണ്ടേയിരുന്നു. പ്രേമം തന്നെയായിരുന്നു അവരുടെ എഴുത്തും ജീവിതവും. പ്രേമം നിത്യവും അനശ്വരവുമാണെന്ന് ഓർമപ്പെടുത്തുമ്പോൾ ആ പ്രേമകവിത ഇന്നും മായാതെ നിലനിൽക്കുന്നു എന്നത് തന്നെയാണ് അവരുടെ വിജയവും.
ഓരോ വാക്കും മാധവിക്കുട്ടിക്ക് കവിതയായിരുന്നു, കഥയായിരുന്നു, അതിലുപരി പ്രേമമായിരുന്നു. 'നിര്‍ത്താതെ എഴുതുക സത്യത്തെ തോൽപ്പിക്കുന്ന മനോഹരമായ വാക്കുകൾ എഴുതരുത്' - നമ്മൾ പറയാന്‍ ആഗ്രഹിക്കുന്നതും അതിലുപരി കേൾക്കാനാഗ്രഹിക്കുന്നതുമായ വരികളായിരുന്നു അവർ എഴുതിയത് മുഴുവനും. കഥകളെ തേടി അവർ അലഞ്ഞില്ല, കഥകളും കഥാപാത്രങ്ങളും അവരിൽ തന്നെ ഉണ്ടായിരുന്നു ഓരോരുത്തരിലും ഉള്ളതു പോലെ തന്നെ. എന്നാൽ ആ കഥാപാത്രത്തെ ഭാവനയുടെ നിറപകിട്ടോടെ സത്യവും പച്ചയുമായ ജീവിതരീതിയിൽ തൂലികാമുനയിലേക്ക് പകരുന്നതായിരുന്നു അവരുടെ രീതി.
മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു വശ്യതയുണ്ടായിരുന്നു മാധവിക്കുട്ടിയുടെ എഴുത്തിന്. "കണ്ണുകള്‍ക്ക് കാണുവാനുള്ള ശക്തി നഷ്ടപ്പെട്ടാല്‍, കൈകൾക്ക് എഴുതുവാനുള്ള ത്രാണി ഇല്ലാതാവുമ്പോള്‍ ഞാന്‍ എന്റെ യാത്ര അവസാനിപ്പിച്ചേക്കാം. ചരിത്രം രാജാക്കന്‍മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല; സ്നേഹിച്ചവരുടേയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ" - നീർമാതളം പൂത്തപ്പോൾ.
"നനുത്ത മഴയില്‍ ഗുല്‍മോഹര്‍ മരത്തിനു താഴെ നനഞ്ഞു നില്‍ക്കുന്ന എന്നോട് അലക്ഷ്യനായി നടന്നുവെന്നാണ് അവന്‍ പ്രേമം അഭ്യര്‍ഥിക്കുന്നതെങ്കില്‍ ഉറപ്പായും ഞാന്‍ അവനോടു ചേരും" -നഷ്‌ടപ്പെട്ട നീലാംബരി. പ്രണയത്തെ സ്നേഹിച്ച, വിശ്വസിച്ച ഒരു കവിയിത്രിയായിരുന്നു അവർ. നീർമാതളം കണ്ടിട്ടില്ലാത്തവർ വരെ അതിന്റെ മണവും നിറവും തിരിച്ചറിയുന്ന പുസ്തകമാണ് നീർമാതളം പൂത്തപ്പോൾ എന്നത്. ചില കഥകൾ ഭാവനയാണോ ജീവിതമാണോ എന്നു പോലും തിരിച്ചറിയാൻ കഴിയാതെയാകും.
കമലാദാസ് എന്ന് പുറം ലോകവും മാധവിക്കുട്ടിയെന്ന് മലയാളികളും സ്‌നേഹത്തോടെ വിളിക്കുന്ന ഇന്നത്തെ കമല സുരയ്യയെ മലയാളത്തിന് മറക്കാന്‍ കഴിയില്ല. എന്നാൽ ഒരു പെണ്ണ് ഒരിക്കലും വിളിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നു എന്നാരോപിച്ച് അവരെ പലരും കരി വാരിതേക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർക്കെതിരെ തിരിഞ്ഞവരുടെ ഉള്ളിലും മാധവിക്കുട്ടിയുടെ വാക്കുകൾ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.
കടല്‍, മയൂരം, ചന്ദനമരങ്ങള്‍, മാനസി, കവാടം, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍ എന്നീ നോവലുകളും പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, ചേക്കേറുന്ന പക്ഷികള്‍, മാധവിക്കുട്ടിയുടെ കഥകള്‍, എന്റെ ചെറിയ കഥകള്‍, എന്റെ പ്രിയപ്പെട്ട ചെറു കഥകള്‍ തുടങ്ങി നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. മഞ്ഞുകാലം, ഉന്മാദം ഒരു രാജ്യമാണ്, ഒരു ദേവദാസിക്കെഴുതിയ വരികള്‍, കോലാട്, ഞാന്‍ സുരക്ഷിത, സ്വര്‍ഗരാജ്യം, മരുപ്പച്ച, അവസാനം തുടങ്ങി നിരവധി കവിതകളും രചിച്ചിട്ടുണ്ട്. എന്റെ കഥ, വിഷാദം പൂക്കുന്ന മരങ്ങള്‍ എന്നിവ ആത്മകഥകള്‍ ആണ്. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികളും അവരെ തേടി എത്തി.
വീണു കിടന്നിരുന്ന മഴ നനഞ്ഞ ചുവന്ന പൂക്കളെ നോവിക്കാതെ, ആ വഴിയിലൂടെ അവർ നടന്നകന്നു പ്രേമത്തെ സ്നേഹിച്ച് കൊണ്ട്, പ്രേമത്തിൽ ജീവിച്ച് കൊണ്ട്, ഒരിക്കലും തിരിച്ച് വരാത്ത ദൂരത്തേക്കവർ യാത്രയായി. ഒരുപിടി സ്നേഹസ്മരണകൾ ബാക്കിയാക്കികൊണ്ട് കഥകളുടെ രാജകുമാരി യാത്രയായി.