‘അമ്മ’യ്ക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ച കോടതിവിധിയോടുള്ള നിലപാട് തമിഴ് മക്കള്‍ വളര്‍മതിയോട് പറയും. ശ്രീരംഗത്ത് ഫെബ്രുവരി 13നാണ് ഉപതെരഞ്ഞെടുപ്പ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് എം എല്‍എ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നഷ്‌ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. ശിക്ഷാകാലാവധിയായ നാലുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ജയലളിതയ്ക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വളര്‍മതി ശ്രീരംഗത്ത് എഐഎഡിഎംകെയുടെ മത്സരാര്‍ത്ഥിയാകുന്നത്.
പാര്‍ട്ടിയുടെ തിരുച്ചിറപ്പള്ളി അര്‍ബന്‍ ജില്ല ജോയിന്റ് സെക്രട്ടറിയാണ് വളര്‍മതി. തനിക്കു പകരം വളര്‍മതി തെരഞ്ഞെടുപ്പു ഗോഥയില്‍ ഇറങ്ങുമെന്ന് ജയലളിത തന്നെയാണ് അറിയിച്ചത്. അമ്മയുടെ അനുഗ്രഹവും ആശിര്‍വാദവും ശ്രീരംഗത്ത് വളര്‍മതിക്ക് വിജയം സമ്മാനിക്കുമെന്നാണ് കരുതുന്നത്. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട്ടിലെത്തി വളര്‍മതി അനുഗ്രഹം തേടിയിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയോട് പരാജയപ്പെട്ട ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആനന്ദ് തന്നെ ആയിരിക്കും ഇത്തവണയും ശ്രീരംഗത്തെ ഡിഎംകെ സ്ഥാനാര്‍ത്ഥി. 42, 000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയലളിത അന്ന് ആനന്ദിനെ പരാജയപ്പെടുത്തിയത്. ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ ഡിഎംകെ സ്ഥാനാര്‍ത്ഥി ആനന്ദ് ആയിരിക്കുമെന്ന് കരുണാനിധി പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ശ്രീരംഗത്ത് ജയലളിത എത്തുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ജാമ്യം നേടി ബംഗളൂരുവില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയതിനു ശേഷം ജയലളിത പുറത്തേക്ക് അങ്ങനെ ഇറങ്ങിയിട്ടില്ല. പതിവു തെറ്റിക്കാതെ എത്തിയിരുന്ന മാര്‍ഗഴി സംഗീത നിശയ്ക്കും ഇത്തവണ ജയലളിത എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ശ്രീരംഗത്ത് ജയയുടെ സാന്നിധ്യമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒക്‌ടോബര്‍ 17ന് ജാമ്യം അനുവദിച്ചപ്പോള്‍ ജാമ്യക്കാലയളവില്‍ ചെന്നൈയിലെ വസതിയില്‍ തന്നെ കഴിയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കിയിരുന്നു. വീടു വിട്ട് എങ്ങോട്ടും പോവില്ലെന്ന് ജയലളിത കോടതിയില്‍ ഉറപ്പു നല്കുകയും ചെയ്തിരുന്നു.
ഡിസംബറില്‍ ജയലളിതയുടെ ജാമ്യം നാലുമാസത്തേക്ക് കൂടി നീട്ടി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. വിചാരണ കോടതി വിധിച്ച നാല് വര്‍ഷം തടവും 100 കോടി പിഴശിക്ഷയും സ്റ്റേചെയ്ത സുപ്രീംകോടതി ഒക്ടോബര്‍ 17നാണ് ജയലളിതക്ക് ജാമ്യം അനുവദിച്ചത്. ആ ജാമ്യകാലാവധിയാണ് വീണ്ടും നാല് മാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ മൂന്നു മാസത്തിനകം തീരുമാനമുണ്ടാകണമെന്നും ഇതിനായി ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രി പദവിയിലിരിക്കെ ജയിലിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത. ഏപ്രില്‍ 2016ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്‌ട്രീയനിരീക്ഷകര്‍ കാത്തിരിക്കുകയാണ്. ജയലളിതയുടെ വിധിയോടുള്ള തമിഴകത്തിന്റെ നിലപാട് ഈ വിധിയെഴുത്തില്‍ അറിയാന്‍ കഴിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. തമിഴ്നാട് സ്റ്റേറ്റ് ആയതിനു ശേഷം ഇതുവരെ ശ്രീരംഗത്തു നടന്ന 10 തെരഞ്ഞെടുപ്പുകളില്‍ എട്ടു മത്സരങ്ങളിലും എഡിഎംകെ തന്നെയാണ് വിജയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇത്തവണയും വിജയത്തില്‍ കുറഞ്ഞതൊന്നും എഐഎഡിഎംകെ പ്രതീക്ഷിക്കുന്നില്ല.
അടുത്ത പേജില്‍ വായിക്കുക - സംഖ്യാശാസ്ത്രം വളര്‍മതിയെ രക്ഷിക്കുമോ ?
ഫെബ്രുവരി 13നാണ് ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതിന് 50 അംഗ കമ്മിറ്റിക്ക് രൂപം നല്കിക്കഴിഞ്ഞു. മുഖ്യമന്ത്രി പനീര്‍സെല്‍വവും അസുഖബാധിതനായി കഴിയുന്ന മന്ത്രി ചെന്തുര്‍ പണ്ഡ്യനും ഒഴികെയുള്ള മന്ത്രിമാരെല്ലാം കമ്മിറ്റിയില്‍ ഉണ്ട്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ജയലളിതയ്ക്ക് 2011 നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 13നും വോട്ടെണ്ണല്‍ മെയ് 16നും ആയിരുന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 13നും മെയ് 16ന് ഫലപ്രഖ്യാപനവും ആയിരുന്നു. രണ്ടു തെരഞ്ഞെടുപ്പുകളിലും മിന്നുന്ന വിജയമായിരുന്നു എഡിഎംകെയെ തേടിയെത്തിയത്. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പും 13, 16 തിയതികളില്‍ ആണ്. 13ന് വോട്ടും 16ന് എണ്ണലും. സംഖ്യകള്‍ ചതിക്കില്ലെന്നു തന്നെയാണ് അമ്മയുടെ മക്കള്‍ വിശ്വസിക്കുന്നത്.
വീടില്ലാത്തവര്‍ക്ക് വീടും അമ്മ ഹോട്ടലുകളും ശ്രീരംഗത്ത് എഐഎഡിഎം കെയുടെ ബാലറ്റു പെട്ടിയില്‍ തന്നെ വോട്ടു വീഴ്ത്തുമെന്നാണ് കരുതുന്നത്. ഒപ്പം ജയലളിതയോടുള്ള സഹതാപതരംഗം കൂടിയാകുമ്പോള്‍ എ ഐ എ ഡി എം കെയുടെ പെട്ടിയില്‍ വോട്ടുകള്‍ നിറയുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് എഡിഎംകെയെ അനുകൂലിക്കുമ്പോള്‍ മുസ്ലിംലീഗ് ഡിഎംകെയെ പിന്തുണയ്ക്കും. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ലീഗ് തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു. അതേസമയം, ബിജെപിയും വിജയകാന്തിന്റെ ഡിഎംഡികെയും മത്സരിക്കുന്നത് സംബന്ധിച്ച് നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല.
ബിജെപി സ്വന്തം നിലയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ശക്തമാണ്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ചലച്ചിത്രതാരവും തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള നേതാവുമായ നെപ്പോളിയനെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരും ഇതിനോട് പ്രതികരിച്ചിട്ടില്ല.