ഇന്ത്യ ജപ്പാനില്‍ നിന്ന് 15 യുഎസ് -2 സീപ്ലെയിന്‍ വങ്ങാന്‍ കരാറൊപ്പിട്ട കാര്യം ഒരുപക്ഷെ മാധ്യമങ്ങള്‍ അത്ര വലിയ വാര്‍ത്തയാക്കിയിട്ടുണ്ടാകില്ല. എന്നാല്‍ വളര്‍ന്നുവരുന്ന ഇന്ത്യാ- ജപ്പാന്‍ നയതന്ത്രബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആഗോള നയതന്ത്ര രാഷ്ട്രീയത്തേ എത്രമാത്രം സ്വാധീനിക്കുമെന്ന് ഇപ്പോള്‍ പറായാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒന്നുറപ്പ് പ്രവചനാതീതതമായ പ്രതികരണങ്ങള്‍, അലയൊലികള്‍, പുതിയ ശാക്തിക ചേരികളുടെ ഉദയം പുതിയ കൂട്ട് കെട്ടുകള്‍ എല്ലാം തന്നെ ഈ ഒരൊറ്റ ബന്ധത്തിന്റെ വളര്‍ച്ച അനുസരിച്ച് ഉയര്‍ന്നുവരും. പ്രത്യേകിച്ച് ചൈനയും അമേരിക്കയും ഈ നീക്കത്തേ ആശങ്കയോടെയും ഗൌരവത്തൊടെയും വീക്ഷിക്കുമ്പോള്‍.
ചൈന കഴിഞ്ഞാല്‍ ഇന്ത്യയും ജപ്പാനുമാണ് ഏഷ്യയിലേ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍. ഈ രണ്ടു ശാക്തിക രാജ്യങ്ങളുടെ സഖ്യം ലോകത്ത് ഉണ്ടാക്കാന്‍ പോകുന്ന സ്വാധീനം ഒരു പതിറ്റാണ്ടോളം നിലനില്‍ക്കും. ചൈന ഈ രണ്ട് രാജ്യങ്ങളുടെയും അധികാര, താല്‍പ്പര്യ സീമകള്‍ക്ക് അപ്പുറത്തേക്ക് കടന്നുകയറാന്‍ പരിശ്രമിക്കുന്നതാണ് സഖ്യരൂപീകരണത്തിന് വഴിതെളിച്ചതെന്ന് കരുതിയെങ്കില്‍ അത് തികച്ചും യാദൃഛികം മാത്രമാണെന്ന് പറയേണ്ടി വരും. കാരണം ചൈനയുടെ വെല്ലുവിളി സഖ്യരൂപീകരണത്തേ വേഗത്തിലാക്കിയ ഒരു ത്വരകം മാത്രമാണ്. മേഖലയില്‍ അമേരിക്കയുടെ സൈനിക തന്ത്രപരമായ താല്‍പ്പര്യങ്ങളാണ് ഇതിന് കാരണമെന്ന് പറഞ്ഞാല്‍ അത് അതിശയോക്തി മാത്രമല്ല.
ഈ സഖ്യം തന്ത്രപരമായ നീക്കം മാത്രമല്ല ഇരു രാജ്യങ്ങളുടെയും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ഉദാഹരണമായി ജപ്പാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ വര്‍ധനവ്, ഇന്ത്യയും ജപ്പാനും തമ്മിലുണ്ടായിരിക്കുന്ന പ്രതിരോധ വിപണി, തുടങ്ങിയവ. ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിലയുറപ്പിക്കാനുള്ള പരവതാനി വിരിക്കല്‍ മറ്റൊരു സുപ്രധാന ഏടാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് ആറ് മടങ്ങാണ് ഇന്ത്യയുമായുള്ള കച്ചവടം ജപ്പാന്‍ വര്‍ധിച്ചിരിക്കുന്നത്. 2006ല്‍ 267 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2013 ആയപ്പോഴേക്കും അത് 1,800 ആയി ഉയര്‍ന്നു. അങ്ങനെ ഒരു രാജ്യത്തെ വെറുതെ കളയാന്‍ ജപ്പാന്‍ തയ്യാറാകുമോ? തീര്‍ച്ചയായും ഇല്ല.
ഇപ്പോള്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളാണ് സഖ്യത്തിനെ കൂടുതല്‍ തന്ത്രപ്രധാനപരമായി വളര്‍ത്താന്‍ ഇന്ത്യയേയൂം ജപ്പാനേയും പ്രേരിപ്പിച്ചത്. സത്യത്തില്‍ ഇന്ത്യ ജപ്പാനേയല്ല, പകരം ജപ്പാന്‍ ഇന്ത്യയേ തങ്ങളിലേക്ക് കൊണ്ടുവരികയായിരുന്നു ചെയ്തത് എന്നൊരു പക്ഷമുണ്ട്. എന്താണെന്നാല്‍ ജപ്പാന്‍ ഒരു സഖ്യകക്ഷിയേ മേഖലയില്‍ കാലങ്ങളായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആക്രമണ സ്വഭാവത്തോടെ സാമ്പത്തികമായും സൈനികപരമായു ഉയരുന്ന ചൈനയെ വെല്ലുവിളിക്കാന്‍ പറ്റിയ രാജ്യം തല്‍ക്കാലം ഇന്ത്യയാണ്. അതുകൊണ്ടാണ് ജപ്പാന്‍ ഇന്ത്യയെ തിരഞ്ഞെടുത്തത്. പുതിയ സാമ്രാജ്യത്വ മോഹങ്ങളുമായി പഴയ സില്‍ക്ക് റൂട്ടുകളെ തിരികെ കൊണ്ടുവരാനായി ചൈന പദ്ധതിയിട്ടിരിക്കുന്ന റോഡ് പദ്ധതികളും പാകിസ്ഥാന്‍- ചൈന വ്യവസായ ഇടനാഴിയും ഇന്ത്യയേയും ജപ്പാനേയും കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ജപ്പാന് അതുകൊണ്ടുതന്നെ ഇന്ത്യയുമായി സഖ്യം ചെയ്യേണ്ട്ത് അത്യാവശ്യമായിരിന്നു. രണ്ട് രാജ്യങ്ങള്‍ക്കും പൊതുവായ എതിരാളി ഇന്ന് ചൈനയാണ്. അമേരിക്ക തല്‍ക്കാലം പുറകില്‍ നില്‍ക്കട്ടെ. അത് ജപ്പാനേയും ഇന്ത്യയുടെ താല്‍പ്പര്യങ്ങളേയും സംബന്ധിച്ച് രണ്ടാം സ്ഥാനം മാത്രം അര്‍ഹിക്കുന്നതാണ്. എന്നാല്‍ സഖ്യം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കാന്‍ ജപ്പാന്‍, മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് വരെ കാത്തിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ മോഡിയുടെ വരവാണ് പുതിയ സഖ്യം മറനിക്കി പുറത്തുകൊണ്ടുവന്നത് എന്ന് മാത്രം. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ തന്ത്രപരമായ തുലനാവസ്ഥയാണ് പുലര്‍ത്തുന്നത് എന്ന് പറയാതെ വയ്യ.
ഇന്ത്യ ജപ്പാനേയും അമേരിക്കയേയും ചൈനയേയും ഒരേപോലെ വലവീശിപ്പിടിച്ചിരിക്കുന്നു അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടുന്നു. റഷ്യയുമായി ഇന്ത്യയ്ക്കുള്ള ചരിത്രപരമായ ബന്ധത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് ഈ നീക്കം. എന്തെന്നാല്‍ ഇന്ത്യ മേഖലയാകെ കടന്നുകയറാന്‍ നോക്കുമ്പോള്‍ തന്നെ പഴയ കൂട്ടുകാരേയും പുതിയ സഖ്യത്തേയും ശത്രുവിനേയും ഒരേപോലെ ആശയക്കുഴപ്പത്തിലാക്കുന്നു. ഉദാഹരണത്തിന് ചൈന മുന്‍കൈയ്യെടുത്ത് തുടങ്ങിയ ഏഷ്യന്‍ വികസന ബാങ്കില്‍ ഇന്ത്യ അംഗമാണ്. ആദ്യ അധ്യക്ഷസ്ഥാനവും ഇന്ത്യയ്ക്കാണ്. എന്നാല്‍ ചൈന വിരോധം ഒന്നുകൊണ്ടുമാത്രം ( അമേരിക്കന്‍ സമ്മര്‍ദ്ദവും കൂടെയുണ്ട്) ജപ്പാന്‍ ഇതില്‍ അംഗമല്ല.
അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ അധിനിവേശ മോഹങ്ങള്‍ക്ക് തടയിടാന്‍ ഇന്ത്യ, അമേരിക്കയുമായി ചേര്‍ന്ന നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ഇപ്പോള്‍ ജപ്പാനേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരേസമയം സംഘര്‍ഷവും സമരസതയും പ്രകടിപ്പിക്കുകയാണ് ഇന്ത്യ. കൂട്ടത്തില്‍ ഓസ്ട്രേലിയയേക്കൂടി ഇന്ത്യ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. ചിത്രം വ്യക്തമാണ്- ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് അന്തര്‍ദേശീയ പ്രതിരോധം തന്നെ മോഡി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ കെട്ടിപ്പൊക്കിയിരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധീശ്ത്വം വിട്ടുകൊടുക്കാന്‍ ഇന്ത്യ തയ്യാറല്ല എന്ന് തന്നെ. ഇന്ത്യയെ വളയാന്‍ പദ്ധതിയൊരുക്കിയ ചൈനയ്ക്ക് ഇന്ത്യ നല്‍കിയിരിക്കുന്നത് കനത്ത പ്രതിരോധം തന്നെയാണ്.
അതേപോലെ ദക്ഷിണ ചൈനാ കടലില്‍ നിന്ന് ജപ്പാനും ചൈനീസ് ഭീഷണി നേരിടുന്നുണ്ട്. ഇത് മറികടക്കാന്‍ ജപ്പാന്‍ ചെയ്തത് തങ്ങളുടെ മേഖലയില്‍ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. പ്രതികരണ നയതന്ത്രം വളരെ ഫലപ്രദമാകുന്നതിങ്ങനെയാണ്. അമേരിക്കയും ഓസ്ട്രേലിയയും കഴിഞ്ഞാല്‍ ജപ്പാന്‍ പ്രതിരോധ മേഖലയില്‍ ആഴത്തിലുള്ള സഹകരണം ആരംഭിച്ചത് ഇന്ത്യയുമായാണ്. ഏറ്റവും അടുത്ത ശക്തി തന്നെയാണ് ജപ്പാനേ സംബന്ധിച്ചിടത്തോളം ഇന്ത്യ. കാരണം അമേരിക്ക ഭാവിയില്‍ നയം മാറ്റിയാല്‍ പോലും ഇന്ത്യ ഒരിക്കലും നയം മാറ്റില്ല. എന്തെന്നാല്‍ സെന്‍കാകു ദ്വീപിനേ ചൊല്ലിയുള്ള തര്‍ക്കം പോലെ തന്നെയാണ് ഇന്ത്യ ചൈന അതിര്‍ത്തികളില്‍ ദൃശ്യമാകുന്നത്.
അതിനാല്‍ തന്നെ രാണ്ടാം ലോക യുദ്ധാനന്തരം ഉണ്ടായ ഏറ്റവും ശാക്തികമായ ചേരിയാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ- ജപ്പാന്‍ സഖ്യം ശാക്തികമായി നിലനിന്നാല്‍ ഈ രണ്ട് ജനാധിപത്യ, സാമ്പത്തിക ശക്തികള്‍ ഏഷ്യയുടെ ഭാഗധേയം തന്നെ മാറ്റിമറിക്കും. സഖ്യത്തോടൊപ്പം ചേരാന്‍ ഭാവിയില്‍ അമേരിക്ക നിര്‍ബന്ധിതമാകുകയും ചെയ്യും. കാരണം ഏഷ്യയേ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനോ, അവയേ സഹായിക്കാനോ ഇനി ഈ രണ്ട് രാജ്യങ്ങള്‍ക്ക് മാത്രമേ സാധിക്കു.
ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം പറഞ്ഞതും ഇതോട് കൂട്ടിവായിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തികളിലെ തര്‍ക്കം പോലെ സെന്‍കാകൂ ദ്വീപിനെ ചൊല്ലിയുള്ള തര്‍ക്കവും ഭാവിയില്‍ അവസാനിക്കുകയാണെങ്കില്‍ പസഫിക് മേഖലയില്‍ അമേരിക്ക തീര്‍ത്തും അപ്രസക്തമാകും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അമേരിക്ക ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞിരിക്കുന്നത്.