ടോം വടക്കന് നല്ല കാലാവസ്ഥയാണ് എന്നാൽ ശബരിമല സമര നേതാവ് കെ സുരേന്ദ്രന് കാലാവസ്ഥ അത്ര നല്ലതല്ല !

തിങ്കള്‍, 18 മാര്‍ച്ച് 2019 (14:04 IST)
സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന പാർട്ടി ബി ജെ പി തന്നെയായിരിക്കും. അത് ബി ജെ പിക്കുള്ള വിജയ സാധ്യതകൊണ്ടല്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബി ജെ പിയുടെയും സംഘപരിവാർ സംഘടനകളുടെയും സമരങ്ങൾ എങ്ങനെയായിരിക്കും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്ന് അറിയാനുള്ള ആകാക്ഷയാണ് അതിന് പ്രധാനകാരണം.
 
തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തി തെളിയിക്കുന്നതിനായി മുൻ എ ഐ സി സി വക്താവായിരുന്ന ടോം വടക്കനെയും സി പി എമ്മിനോട് അനുഭാവം ഉണ്ടായിരുന്ന മുൻ പി എസ് സി ചെയർമാൻ കെ എസ് രാധാകൃഷ്ണനെയും ബി ജെ പി സ്വന്തം പാളയത്തിൽ എത്തിച്ചു. ഇരുവരും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ വാന്നുകയറിയവർക്കും, വേണ്ടന്നു പറഞ്ഞവർക്കുമെല്ലാം സീറ്റു നൽകുമ്പോഴും ബി ജെ പിയുടെ ശബരിമല സമരനായകൻ സുരേന്ദ്രനാകട്ടെ തൃശങ്കുവിലുമായി.
 
ഒന്നുകിൽ തൃശൂർ, അല്ലെങ്കിൽ ശബരിമല സമരഭൂമിയായ പത്തനംതിട്ട. ഈ രണ്ട് മണ്ഡലങ്ങളായിരുന്നു കെ സുരേന്ദ്രന് നോട്ടം. എന്നാൽ പത്തനംതിട്ടക്കായി ആദ്യം തന്നെ സംസ്ഥാന അധ്യക്ഷൻ ശ്രീധൻപിള്ള അന്തർധാര സജീവമാക്കിയിരുന്നു ശ്രീധർൻപിള്ള പത്തനംതിട്ട മണ്ഡലം ഏകദേശം ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരിക്കുന്നില്ല എന്ന് വാശിപിടിച്ച തുഷാർ വെള്ളപ്പളി ഒടുവിൽ സമ്മതം മൂളിയതോടെ തൃശൂരും കെ സുരേന്ദ്രന് കൈവിട്ടുപോയി.   
 
ശബരിമല സമരങ്ങൾ കാരണം ഏതു മണ്ഡലത്തിലും പരീക്ഷിക്കാൻ സാധിക്കുന്ന നേതാവായി കെ സുരേന്ദ്രൻ മാറി എന്നായിരുന്നു ബി ജെ പി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ തൃശൂരോ, പത്തനംതിട്ടയോ നൽകിയില്ലെങ്കിൽ മത്സരിക്കാൻ താനില്ല എന്ന നിലപാട് നേതൃത്വത്തോട് കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ. 
 
ഇങ്ങനെയൊക്കെയാണെങ്കിലും കെ സുരേന്ദ്രൻ മത്സരിക്കാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൊല്ലത്ത് കെ സുരേന്ദ്രനെ നിർത്തിയേക്കും എന്നാണ് സൂചന. കെ എസ് രാധാ‍കൃഷ്ണൻ ആലപ്പുഴയിലും. ടോം വടക്കൻ എറണാകുളത്തും മത്സരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രത്തിലും കേരളത്തിലും നല്ല കാലാ‍വസ്ഥയാണ് എന്ന ടോം വടക്കന്റെ പ്രതികരണം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതുമായി ബന്ധപ്പെട്ടാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍