ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണുള്ളത്. ബിജെപിക്കു ഭരണത്തുടർച്ച ലഭിക്കരുത് എന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം. രൂപികരിക്കപ്പെട്ട പല സഖ്യങ്ങളും പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തരം സഖ്യങ്ങളിൽ ഏറ്റവും കൗതുകം തോന്നിപ്പിക്കുന്നത് ബംഗാളിൽ പിറന്ന കോൺഗ്രസ് - സിപിഎം സഖ്യമാണ്.ബദ്ധവൈരികളാണ് കോൺഗ്രസും, സിപിഎമ്മും. കോൺഗ്രസിനെ ഒരു ബൂർഷ്വാ പാർട്ടിയെന്നു വിശേഷിപ്പിക്കുന്ന സിപിഎം ബംഗാളിൽ കൈകൊടുക്കുമ്പോൾ ഇതൊരു ചരിത്രമായി മാറുകയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ അഞ്ച് സംസ്ഥാനങ്ങളിലാണ് സിപിഎം കോൺഗ്രസ് ധാരണ
രാജ്യം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ സംഭവ വികാസമാണ് ബംഗാളിൽ സംഭവിച്ചത്. ഇതു സഖ്യമല്ലെന്നും, മുന്നണിയല്ലെന്നും വാദിക്കാമെങ്കിലും കോൺഗ്രസും, സിപിമ്മും പരസ്പരം മത്സരിക്കുന്നില്ല എന്നതും സീറ്റ് ധാരണയിലും നീക്കുപോക്കിലും എത്തുന്നു എന്നതും ശ്രദ്ധേയമാണ്.ബംഗാളിലെ കോൺഗ്രസ് സഹകരണത്തോട് എതിർത്തവരാണ് കേരളത്തിലെ സിപിഎം എന്നത് ഓർക്കേണ്ട വസ്തുതയാണ്. ബംഗാളിൽ മാത്രമല്ല രാജ്യത്ത് എവിടെയും കോൺഗ്രസുമായി സഖ്യം പാടില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ നയം. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
ബംഗാളിൽ സംഖ്യം രൂപികരിച്ചെങ്കിലും ഇവിടെ കേരളത്തിൽ രണ്ടു പാർട്ടികളും തമ്മിൽ പോരാട്ടമാണ് നടക്കുന്നത്. സിപിഎം വിരുദ്ധ കോൺഗ്രസും, കോൺഗ്രസ് വിരുദ്ധ സിപിഎമ്മുമാണ് കേരളത്തിൽ. ബംഗാൾ സിപിഎം ഘടകത്തിനു സഖ്യത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിലും ഹൈദരബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ എതിർപ്പ് പ്രകടിപ്പിച്ചത് കേരളാ ഘടകമായിരുന്നു.