സുകുമാരക്കുറുപ്പ്, ആട് ആന്റണി, ഇപ്പോള്‍ റിപ്പര്‍ ജയാനന്ദന്‍...

വ്യാഴം, 13 ജൂണ്‍ 2013 (14:34 IST)
PRO
പൊലീസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ നാണക്കേടിലാണ് സംസ്ഥാനപൊലീസ്. ഇപ്പോള്‍ റിപ്പറും പൊലീസിന് തലവേദനയായിരിക്കുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ റിപ്പര്‍ ജയാനന്ദനെയും കൂട്ടാളി പ്രകാശിനെയും ഇതുവരെയും പൊലിസിന് കണ്ടെത്താനായില്ല. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസിന്റെ മൂന്ന് സംഘങ്ങളാണ് തമിഴ്നാട്ടിലുള്‍പ്പടെ അന്വേഷണം നടത്തുന്നത്.

വധശിക്ഷയ്ക്ക് വിധിച്ച കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദനും സഹതടവുകാരന്‍ പ്രകാശും 9 ജൂണ്‍ ഞായറാഴ്ച രാത്രിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി രക്ഷപ്പെട്ടത്. തൃശൂര്‍ കൊടുങ്ങാനൂര്‍ കുറുപ്പന്‍പറമ്പില്‍ ഹൗസില്‍ ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍ ഇരട്ടകൊലക്കേസ് ഉള്‍പ്പെടെ ഏഴു കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.

2.004 ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കളപ്പുരക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊന്നു കവര്‍ച്ച നടത്തിയ കേസ്സില്‍ ജയാനന്ദനെ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു.

2004 മാര്‍ച്ച് 28ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ, മരുമകള്‍ ഫൗസിയ എന്നിവരെ കൊന്ന കേസ്സിലും സിബിഐ. കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. മാളയിലെ പഞ്ഞിക്കാരന്‍ ജോസിനെ കൊലപ്പെടുത്തിയതടക്കം രണ്ട് കൊലക്കേസുകളിലും ഇയാള്‍ പ്രതിയാണ്.


അടുത്ത പേജ്- ജയില്‍ചാട്ടം പുത്തരിയല്ല, ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരങ്കം ഉണ്ടാക്കി രക്ഷപെടാനും ശ്രമം



PRO
ജയില്‍ചാട്ടം പുത്തരിയല്ല, ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരങ്കം ഉണ്ടാക്കി രക്ഷപെടാനും ശ്രമം

കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് മുമ്പ് ജയില്‍ചാടിയതിനെ തുടര്‍ന്നാണ് ജയാനന്ദനെ പൂജപ്പുരയിലേക്ക് മാറ്റിയത്. കണ്ണൂര്‍ ജയിലില്‍ നിന്ന് തടവുചാടിയപ്പോള്‍ ഊട്ടിയില്‍ വച്ചാണ് പിടിക്കപ്പെട്ടത്. വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചപ്പോഴും ഇയാള്‍ ജയില്‍ ചാട്ടത്തിന് ശ്രമിച്ചിരുന്നു. അന്ന് ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഇത്തവണ സെല്ലിലെ പൂട്ട് അറുത്ത് മാറ്റിയശേഷം മുളയും മറ്റ് തടികളും മുണ്ടുകളും ഉപയോഗിച്ചായിരുന്നു രക്ഷപ്പെടല്‍. തുണികള്‍ കൂട്ടിക്കെട്ടിയായിരുന്നു ജയിലിന്റെ മതിലില്‍ നിന്ന് താഴേക്ക് ഇറങ്ങിയത്. ജയില്‍ വാര്‍ഡന്മാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തലയിണയും കിടക്കയും ഉപയോഗിച്ച് സെല്ലില്‍ ഡമ്മി ഉണ്ടാക്കിവച്ച ശേഷമാണ് ജയാ‍നന്ദനും പ്രകാശനും കടന്നത്.

രാവിലെ ജയില്‍ ആശുപത്രിയില്‍ ജോലിക്കായി എത്തിയ തടവുകാര്‍ ആണ് ഇവര്‍രക്ഷപ്പെടാന്‍ ഉപയോഗിച്ച മുണ്ടും മുളയും മറ്റും കണ്ടത്. തുടര്‍ന്ന് ഇവര്‍ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അടുത്ത പേജ്- രക്ഷപ്പെട്ടത് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി

PRO
രക്ഷപ്പെട്ടത് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി

ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് റിപ്പര്‍ ജയാനന്ദന്‍ അടക്കം രണ്ട് ക്രിമിനലുകള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലില്‍നിന്ന് തടവുചാടിയതെന്ന് തെളിഞ്ഞു. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ ഒരു മാസമായി പ്രവര്‍ത്തിക്കുന്നില്ല. ജയിലിനുള്ളിലെ കണ്‍ട്രോള്‍ റൂം ടെലിവിഷനിരിക്കുന്ന മുറിയിലെത്തി ഇരു തടവു പുള്ളികളും പരിശോധന നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ പഴുതുകള്‍ മനസ്സിലാക്കിയാണ് ജയില്‍ ചാട്ടം നടന്നതെന്നും കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗം വിലയിരുത്തി.

സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നാലുകോടി രൂപ മുടക്കിയാണ് ജയിലില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിച്ചത് . എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. ചില സിസിടിവി ക്യാമറകള്‍ തടവുകാര്‍ തന്നെ തകര്‍ക്കുകയായിരുന്നു. ഇതടക്കം നിരവധി ഗുരുതരസുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായും ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു.

അടുത്ത പേജ്- സുകുമാരക്കുറുപ്പും ആട് ആന്റണിയും ഇപ്പോള്‍ റിപ്പറും

PRO
സുകുമാരക്കുറുപ്പും ആട് ആന്റണിയും ഇപ്പോള്‍ റിപ്പറും

പൊലീസും ഇന്റലിജന്‍സും സൈബര്‍സെല്ലും കിണഞ്ഞ് പരിശ്രമിച്ചിട്ടും ആട് ആന്റണിയുടെ പൂട പോലും ഇതുവരെ കിട്ടിയില്ല. കേരളത്തിനകത്തുംപുറത്തുമായി നൂറിലധികം കേസുകളില്‍ ആട് ആന്റണി പ്രതിയാണ്. ആട്ആന്റണി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മോഷ്ടിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്തിട്ടുണ്ട്. പക്ഷേ കൊലക്കേസ് ആദ്യമായാണ് പുറത്തുവരുന്നത്.

മാരുതി ഓമ്നി വാനില്‍ കറങ്ങിയാണു മോഷണം. കിട്ടുന്നതെന്തും മോഷ്ടിക്കും. പത്താംക്ലാസുപോലും പാസായിട്ടില്ലാത്ത ഇയാള്‍ക്ക് വേണ്ടി 21 അംഗ പൊലീസും 11 ഓഫീസര്‍മാരും ഉള്‍പ്പെട്ട അഞ്ച് ടീം സംസ്ഥാനത്തിനകത്തും പുറത്തും പരതുകയയിരുന്നു.

ആട് ആന്റണിയും റിപ്പര്‍ ജയാനന്ദനും പൊലീസിന്റെ കയറില്‍ കുരുങ്ങുമോ അതോ ചരിത്രം ആവര്‍ത്തിച്ച് മറ്റൊരു സുകുമാരക്കുറുപ്പായി ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയിലെ അടഞ്ഞ ഫയലായി ഇരിക്കുമോ ഇതിനകം പൊലിസ് പിടിയിലായിരിക്കുമോ ഒന്നിനും ഇപ്പോഴും ഉത്തരമില്ല.

വെബ്ദുനിയ വായിക്കുക