ഷക്കീലച്ചിത്രങ്ങള്‍ മടങ്ങിവരണം

ചൊവ്വ, 24 ഫെബ്രുവരി 2009 (20:12 IST)
PROPRO
മലയാളസിനിമ അതിന്‍റെ ഏറ്റവും നിലവാരം കുറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സിനിമയില്‍ ‘പ്രതിസന്ധി’ എന്ന പദം പഴകിത്തേഞ്ഞ ഒരു ആയുധമാണ്. അതിനാല്‍ അത് ഇവിടെ പ്രയോഗിക്കുന്നില്ല. എന്നാല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ തിരിച്ചടിയാണ് സിനിമാലോകത്തിന് സംഭവിച്ചിരിക്കുന്ന ‘പ്രതിഭാദാരിദ്ര്യം’.

മലയാള സിനിമയില്‍ പ്രതിഭാവിലാസം ഇല്ലാത്തവര്‍ മേഞ്ഞു നടക്കുന്നതിനെക്കുറിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ തുറന്നു പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കാന്‍ നൂറുനാവുമായി സിനിമാരംഗത്തെ പ്രമുഖര്‍ തന്നെയാണ് രംഗത്തെത്തിയത്. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വിമുഖതകാട്ടിയവര്‍ പടച്ചുവിടുന്ന ചവറുകളാണ് ഇന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങളില്‍ കൂടുതലും. അവയാകട്ടെ ആളൊഴിഞ്ഞ തിയേറ്ററുകളില്‍ അനാഥപ്രേതം പോലെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് അവസാനിക്കുന്നു.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഈ പ്രതിസന്ധിക്ക് ഒരളവു വരെ കാരണക്കാരാണെന്ന് പറയേണ്ടി വരും. അമരം, വടക്കന്‍ വീരഗാഥ, ഭരതം, കിരീടം, തനിയാവര്‍ത്തനം, വിധേയന്‍, കിലുക്കം, ചിത്രം, താഴ്വാരം, പാഥേയം, കാഴ്ച, തന്‍‌മാത്ര, ദശരഥം തുടങ്ങിയ നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ളത് സൂപ്പര്‍താരങ്ങളില്‍ നിന്നാണ്. അല്ലെങ്കില്‍, ഈ ചിത്രങ്ങളുടെ ജനപ്രീതിയില്‍ നിന്നാണ് മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍താരങ്ങളായിത്തന്നെ നിലനില്‍ക്കുന്നത്.

ഈ താരങ്ങള്‍ ഇപ്പോള്‍ അഭിനയിച്ചു കൂട്ടുന്ന സിനിമകളുടെ നിലവാരം ഒരിക്കലും അവരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ താഴ്ന്നു പോയിരിക്കുന്നു. കോളജുകുമാരന്‍, ഹലോ, ലൌ ഇന്‍ സിംഗപ്പോര്‍, മായാബസാര്‍, അണ്ണന്‍‌തമ്പി, ഫ്ലാഷ്, റോക്ക് ആന്‍റ്‌ റോള്‍, അലിഭായ്, പരുന്ത്, രൌദ്രം, പ്രജാപതി തുടങ്ങിയ സിനിമകളൊന്നും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ അഭിനയപ്രതിഭകളെ സ്നേഹിക്കുന്ന മലയാളികളെ സന്തോഷിപ്പിക്കുകയില്ല.

മുപ്പത് വര്‍ഷമായി മലയാള സിനിമയുടെ നെടും‌തൂണുകളാണ് ഇവര്‍. ഇതില്‍ ആദ്യത്തെ 20 വര്‍ഷങ്ങള്‍ ഇവര്‍ അഭിനയിച്ച ചിത്രങ്ങളുടെ നാലിലൊന്നു നിലവാരം പോലുമില്ലാത്ത സിനിമകളിലാണ് ഇപ്പോള്‍ അവര്‍ നടിച്ചുകൊണ്ടിരിക്കുന്നത്. തമിഴിലെയോ മറ്റേതെങ്കിലും ഭാഷകളിലെയോ പോലെ അമാനുഷന്‍‌മാരായി വളര്‍ന്നുപോയിട്ടില്ല നമ്മുടെ താരങ്ങള്‍. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മാത്രം പടച്ചു വിട്ട് താരസിംഹാസനം ഉറപ്പിച്ചു നിര്‍ത്തേണ്ട ഗതികേടും മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാറുകള്‍ക്കില്ല. നല്ലചിത്രങ്ങള്‍ നല്‍കാന്‍ ഇവര്‍ തയ്യാറായാല്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ് പ്രേക്ഷകര്‍.

എന്നാല്‍ ഇവര്‍ ചെയ്യുന്നതെന്താണ്? കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ഒരു കരുത്തുമില്ലാത്ത കുത്തഴിഞ്ഞ തിരക്കഥകളില്‍ അഭിനയിക്കുന്നു. ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളെ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. തങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളില്‍ നിന്നും സിനിമകളില്‍ നിന്നും അകന്നു നില്‍ക്കുന്നു. താല്‍ക്കാലിക വ്യാപാര വിജയം മാത്രം ലക്‍ഷ്യം കണ്ട് എന്ത് കോലവും കെട്ടാന്‍ തയ്യാറാകുന്നു.

ഇവരുടെ ഈ നിലപാട് കാരണം തിരക്കഥാകൃത്തുക്കളും സംവിധായകരും സൂപ്പര്‍താരങ്ങളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചുള്ള കഥാപാത്രങ്ങളെ തട്ടിക്കൂട്ടുന്നു. ദുര്‍ബലമായ തിരക്കഥകളില്‍ നിന്ന് വികലമായ സൃഷ്ടികള്‍ രൂപം കൊള്ളുന്നു. പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകര്‍ ആവര്‍ത്തിച്ച് വഞ്ചിതരാകുന്നു.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് പത്മശ്രീയുള്‍പ്പടെയുള്ള ദേശീയബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. അത് കലാരംഗത്ത് അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ്. എന്നാല്‍ ഉത്തരവാദിത്തബോധത്തോടെ തങ്ങളുടെ കലാപ്രവര്‍ത്തനം നടത്തേണ്ട അവര്‍ തന്നെ പ്രതിഭാവിലാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമളില്‍ അഭിനയിച്ച് മലയാള സിനിമാരംഗത്തിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.

തൊണ്ണൂറുകളുടെ അവസാനം തീരെ നിലവാരമില്ലാത്ത സിനിമകള്‍ തുടര്‍ച്ചയായി തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ നിന്ന് അകന്നു. അവര്‍ തിയേറ്ററുകള്‍ വെറുത്തു എന്നുതന്നെ പറയാം. ആ കാലഘട്ടത്തിലാണ് ഷക്കീലച്ചിത്രങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. മലയാളത്തിലെ മുഖ്യധാരാ സിനിമകളോടുള്ള പ്രതിഷേധമെന്നോണം ഷക്കീലച്ചിത്രങ്ങള്‍ കളിക്കുന്ന തിയേറ്ററുകളില്‍ ജനം തിങ്ങിനിറഞ്ഞു. രണ്ടു വര്‍ഷത്തിലധികം ഈ പ്രവണത നീണ്ടു നിന്നു. വീണ്ടും നല്ല ചിത്രങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ ‘ഷക്കീല ഇഫക്ട്’ അവസാനിക്കുകയും ചെയ്തു.

മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഒരു ശുദ്ധീകരണം അത്യാവശ്യമാണ്. നല്ല സിനിമകളെ തിരിച്ചറിയുന്നതിന് അശ്ലീലച്ചിത്രങ്ങള്‍ ചാകരപോലെയെത്തണം എന്നുണ്ടെങ്കില്‍, അവ മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റുപറയാനാകില്ല.

വെബ്ദുനിയ വായിക്കുക