ലീഗില്‍ നിന്ന് ന്യായം പ്രതീക്ഷിക്കുന്നില്ല: ഇ-മെയില്‍

വെള്ളി, 4 ഫെബ്രുവരി 2011 (12:09 IST)
‘ഐസ്ക്രീം പാര്‍ലര്‍’ വിവാദത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് വെബ്‌ദുനിയ മലയാളത്തിന്റെ ഉപയോക്താക്കളില്‍ നിന്ന് ഒരുപിടി ഇ-മെയില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. കിട്ടിയ ഇ-മെയിലുകളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുകയാണിവിടെ. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് വായനക്കാര്‍ തുടര്‍ന്നും പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ അയയ്ക്കുന്നവയില്‍ നല്ല പ്രതികരണങ്ങള്‍ വെബ്‌ദുനിയ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രതികരണങ്ങള്‍ അയയ്ക്കേണ്ട വിലാസം [email protected].

സ്നേഹത്തോടെ, വെബ്‌ദുനിയ എഡിറ്റോറിയല്‍ ടീം.

ലീഗില്‍ നിന്ന് ന്യായം പ്രതീക്ഷിക്കുന്നില്ല: ആലൂര്‍ മഹമൂദ് ഹാജി

PRO
ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള തീരുമാനം ഉണ്ടാകുമെന്ന് തിങ്കളാഴ്ച 31/01/2011ന് ചേര്‍ന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല! അതുണ്ടാകുമെന്നു കരുതുകയും വേണ്ട!

ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് വേണ്ടത്. അത് അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കും ഗുണം ചെയ്യുമായിരുന്നു. വളര്‍ച്ച മുറ്റി ക്ഷീണിച്ചു നില്‍ക്കുന്ന പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍‌പ്പിന് ഉപകാരവുമായിരിക്കും. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്നതില്‍ നിന്ന് മുസ്ലിം ലീഗ് മാറി നില്‍ക്കുന്നതായിരിക്കും ഇപ്പോള്‍ അഭികാമ്യം.

നിരപരാധികളായ നിരവധി സുന്നികള്‍ക്കും കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ക്കും സുന്നി മര്‍ക്കസിനും എതിരായി അപരാധം പ്രചരിപ്പിക്കുകയും അതുവഴി സുന്നികളെയും സുന്നി സ്ഥാപനങ്ങളെയും നശിപ്പിക്കാനും ഉന്മൂലനം ചെയ്യാനും ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ നീണ്ട 25 വര്‍ഷക്കാലത്തെ നിഗൂഢമായ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയും മുസ്ലിം പണ്ഡിതരുടെ ശാപവുമാണ് ഇന്ന് കുഞ്ഞാലിക്കുട്ടിയെ പിടികൂടിയിരിക്കുന്നത്.

ശിഹാബ് തങ്ങളെയും നല്ലവരായ ചില മുസ്ലിംലീഗ് പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിച്ച്‌ അവരെക്കൂടി സുന്നി വിരുദ്ധരാക്കി മാറ്റിയതിനുള്ള ശിക്ഷയാണിത്. നിരപരാധികളായ ദീനീ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടാനും അക്രമത്തിന് ഇരയാകാനും ഇടവരുത്തിയ "ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കാന്തപുരത്തിന്റെ സുന്നി പരിപാടിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുത്" എന്ന പ്രമേയം ലീഗ് ഹൈപവര്‍ കമ്മിറ്റിയെ കൊണ്ട് പാസ്സാക്കുകയും പിന്നീട് ലീഗ് പ്രസിഡന്റ് ശിഹാബ് തങ്ങളെ കൊണ്ടുതന്നെ പ്രസ്താവന ഇറക്കുകയും ചെയ്ത കുഞ്ഞാലിക്കുട്ടിക്കും, ബാക്കിയുള്ളവര്‍ക്കും കൂടി ലഭിക്കുന്ന ഒരു താക്കീതായി ഇതിനെ നമുക്ക് കാണാം. 1989-ല്‍ ഇറക്കിയ പ്രസ്തുത പ്രസ്താവനയും പ്രമേയവും പിന്‍വലിച്ച് സുന്നികളോട് ക്ഷമ ചോദിക്കലായിരിക്കും ഇതിന്നുള്ള ഏക പ്രതിവിധി എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടാവട്ടെ.

മുകളിലെ കുറിപ്പിനോട് കമന്റിലൂടെയും ഇമെയിലിലൂടെയും ഫോണിലൂടെയും പ്രതികരിച്ചവരോട് എനിക്ക് പറയാനുള്ളത് -

ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയെ കുറിച്ച് ഞാന്‍ എഴുതിയ വാര്‍ത്ത നന്നായി വായിക്കാതെയാണ് ചിലര്‍ പ്രതികരിച്ചു കാണുന്നത് കഞ്ഞാലിക്കുട്ടിയെ കുറിച്ചുള്ള ആരോപണം ശരിയാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. വ്യഭിചാര കുറ്റം ആരോപിക്കപ്പെട്ടാല്‍ അതിനെ കുറിച്ച് തെളിവില്ലാതെ പറയാന്‍ പാടില്ലെന്ന് എനിക്കറിയാം. അത് കൊണ്ട് തന്നെയാണ് അതിനെ കുറിച്ച് ഒരക്ഷരം പോലും ഞാന്‍ പറയാതിരുന്നത്.

“ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് വേണ്ടത്. അത് അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കും പ്രയോജനം ചെയ്യും. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്നതില്‍ നിന്ന് മുസ്ലിം ലീഗിന് മാറി നില്‍ക്കലായിരിക്കും ലീഗിന് ഇപ്പോള്‍ അഭികാമ്യം.” ഇതാണ് ഞാന്‍ എഴുതിയത്.

ഇതു ലീഗുകാര്‍ അടക്കം എല്ലാവരും അംഗീകരിക്കുന്ന വസ്തുതയല്ലേ? ഇതില്‍ എന്തുണ്ട് തെറ്റ്? കുഞ്ഞാലിക്കുട്ടി മാത്രമല്ല സുന്നികളെ തളര്‍ത്താന്‍ നോക്കിയത്, കോഴിക്കോട് നടന്ന സുന്നി സമ്മേളനത്തിന് എം.കെ മുനീറിനെ ക്ഷണിച്ചിട്ടുപോലും ഞാന്‍ തിരഞ്ഞെടുപ്പ് തിരക്കിലാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ മുനീറിനെ കുറിച്ച് പ്രസ്തുത സമ്മേളനത്തില്‍ കാന്തപുരം ഉസ്താദ് പറഞ്ഞ വാക്ക് ഈ പ്രതികരണം എഴുതുന്നവര്‍ക്ക് അറിയാമോ?

“കക്ഷി ഭേതന്യേ എല്ലാവരും ഈ സമ്മേളനത്തിന് വന്നിട്ടും കോഴിക്കോട്ടെ ഒരു മന്ത്രി മാത്രം വന്നില്ല! (എംകെ മുനീര്‍) ആ മന്ത്രിക്ക് തിരഞ്ഞെടുപ്പ് തിരക്കാണ് പോലും! അയാളുടെ തിരഞ്ഞെടുപ്പ് കഴിയട്ടെ അപ്പോള്‍ കാണാം നമുക്ക്” എന്ന് മഹാനായ എ പി ഉസ്താദ് പറഞ്ഞതും ആ തിരഞ്ഞെടുപ്പില്‍ മുനീര്‍ ദയനീയമായി തോറ്റതും അറിയാത്ത കേരളീയര്‍ ഉണ്ടാകുമോ? ഇതൊക്കെ പഠിച്ചിട്ട് പോരെ സുന്നികളുടെ പിരടിക്ക് കയറാന്‍?

വെബ്ദുനിയ വായിക്കുക