ലിജി മറ്റൊരു സൌമ്യ, ഈ ‘ഗോവിന്ദച്ചാമി’ പക്ഷേ ഇനിയും കുടുങ്ങിയിട്ടില്ല!

ചൊവ്വ, 26 ജൂണ്‍ 2012 (15:13 IST)
PRO
ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിയുടെ ക്രൂരമായ ആക്രമണത്തില്‍ മരിച്ച സൌമ്യ മലയാളികളുടെ ഹൃദയത്തിലെ മായാത്ത മുറിവാണ്. സൌമ്യയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഇപ്പോഴും ജനങ്ങള്‍ വേദനിക്കുന്നു, വിലപിക്കുന്നു, രോഷം കൊള്ളുന്നു. ഇപ്പോഴിതാ, സൌമ്യയ്ക്ക് സംഭവിച്ചതിന് സമാനമായ ഒരു സംഭവത്തിലൂടെ ലിജി എന്ന യുവതിയും കണ്ണീരോര്‍മയായി മാറിയിരിക്കുന്നു.

വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ജയ‍ന്‍റ മകള്‍ ലിജി(19)യെ അപമാനിക്കാന്‍ ശ്രമിക്കുകയും അതിന് കഴിയാതെ വന്നപ്പോള്‍ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയുമായിരുന്നു ഒരു അജ്ഞാത യുവാവ്. പിന്നീട്, ലിജി തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ചു. ജൂണ്‍ 15ന് വൈകുന്നേരം ആറരയ്ക്കായിരുന്നു ലിജിക്ക് നേരെ ആക്രമണമുണ്ടായത്. 10 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരാണ് ലിജിയെ ആക്രമിച്ച ചെറുപ്പക്കാരന്‍ എന്നതില്‍ അവ്യക്തത തുടരുകയാണ്.

പരുക്കേറ്റ ലിജിയെ നാട്ടുകാര്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പക്ഷേ ലിജിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതുവരെയും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിയാത്തതില്‍ പ്രതിഷേധിച്ച് ലിജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ തിങ്കളാഴ്ച പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

അടുത്ത പേജില്‍ - ആ വൈകുന്നേരം സംഭവിച്ചതെന്ത്?

വര്‍ക്കല മൈതാനം ഫാന്‍സി സെന്‍ററിലെ ജീവനക്കാരിയായിരുന്നു ലിജി. ജൂണ്‍ 15ന് വൈകുന്നേരം ആറരയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണമായ സംഭവം. വര്‍ക്കല റയില്‍‌വെ സ്‌റ്റേഷനു മുന്നിലെ മുണ്ടയില്‍ റോഡ് ആ സമയം വിജനമായിരുന്നു. ഇരുട്ട് വീണുതുടങ്ങിയിരുന്നു. റോഡിലൂടെ ലിജി നടന്നുപോകുമ്പോള്‍ പെട്ടെന്ന് ബൈക്കിലെത്തിയ ഒരു യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു. ലിജിയെ കടന്നുപിടിച്ചു.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ആദ്യം അമ്പരന്നുപോയ ലിജി ആത്മധൈര്യം വീണ്ടെടുത്ത് കൈയിലിരുന്ന കുട കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചു. പിന്നീട് അടുത്തുകണ്ട ഒരു വീട്ടിലേക്ക് ഓടിക്കയറി. കുറച്ചുസമയം അവിടെ നിന്നു. അപ്പോഴേക്കും ഇരുട്ട് വ്യാപിച്ചിരുന്നു. അക്രമി പോയെന്ന വിശ്വാസത്തില്‍ ലിജി ആ വീട്ടില്‍ നിന്ന് ഇറങ്ങി വേഗത്തില്‍ നടന്നു.

എന്നാല്‍ അക്രമി ദൂരെ ബൈക്കില്‍ ലിജിയെ കാത്തിരിക്കുകയായിരുന്നു. അടുത്തെത്തിയതും ബൈക്ക് കൊണ്ട് അയാള്‍ ലിജിയെ ഇടിച്ചുവീഴ്ത്തി. ലിജിയുടെ ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കി. ഗുരുതരമായി പരുക്കേറ്റ് ലിജി റോഡില്‍ കിടന്നു. പിന്നീട് നാട്ടുകാരെത്തിയാണ് ലിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കിടക്കവേ ലിജിയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വന്നു. ലിജിയുടെ അമ്മ ബീനയാണ് ഫോണെടുത്തത്. “ഞാന്‍ ശരവണന്‍” - അയാള്‍ സ്വയം പരിചയപ്പെടുത്തി.

അടുത്ത പേജില്‍ - ശരവണന്‍ ആരാണ് ?

താനും ലിജിയും ഒരുമിച്ച് പഠിച്ചതാണെന്നും ലിജിയുടെ ചികിത്സയ്ക്ക് താന്‍ സാമ്പത്തിക സഹായം നല്‍കാമെന്നും ശരവണന്‍ ഫോണില്‍ ലിജിയുടെ അമ്മ ബീനയോട് പറഞ്ഞു. ബാങ്ക് അക്കൌണ്ട് നമ്പര്‍ തന്നാല്‍ ചികില്‍സയ്ക്കാവശ്യമായ പണം അതില്‍ നിക്ഷേപിക്കാമെന്നും വാഗ്ദാനം ചെയ്തു.

ഈ വിവരം ലിജിയുടെ ബന്ധുക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. ഫോണിലേക്ക് വന്ന നമ്പറും കൈമാറി. ഈ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്‌ നല്‍കിയിട്ടുണ്ടെന്നും അതേക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.

ശരവണനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ സംഭവത്തിലെ ദുരൂഹത പുറത്തുവരുമെന്നാണ് പ്രതീക്ഷ. ശരവണന്‍ തന്നെയാണോ ലിജിയെ ആക്രമിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക