മായാവതി നയ്‌ന കുമാരി അപരാജിതയാണ്

PTI
രാഷ്ട്രീയത്തിന്‍റെ കുരുക്ഷേത്ര യുദ്ധത്തില്‍ ശത്രുക്കളെ മുഖം നോക്കാതെ ആക്രമിക്കുന്നവള്‍, രാജ്യപരിപാലനത്തിന് അപരാജിത തന്ത്രങ്ങള്‍ മെനയാന്‍ മിടുക്കി, ആരോപണങ്ങളില്‍ തളരാതെ പ്രത്യാരോപണങ്ങളും പരിഹാരവുമായി അചഞ്ചലമായി നിലനില്‍ക്കാനുള്ള കഴിവുള്ളവള്‍, ഈ വിശേഷണങ്ങളെല്ലാം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്ക് ചേരും. തന്നെ തേടിവന്ന ആരോപണങ്ങളിലും ആക്ഷേപങ്ങളിലും കുലുങ്ങാതെ അവര്‍ രാഷ്ട്രീയ വഴിയില്‍ മുന്നേറ്റം തുടരുകയാണ്.

മായാവതി നയ്‌ന കുമാരി എന്ന മായാവതി ഇന്ത്യന്‍ രാഷ്ട്രീ‍യത്തിലെ തന്നെ നിര്‍ണായകമായ ഒരു സംസ്ഥാനത്തിനെ നിയന്ത്രിക്കുന്നു. ഇന്ന് അമ്പത്തി മൂന്നാം ജന്‍‌മ ദിനം ആഘോഷിക്കുന്ന മായാവതി തന്‍റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഇരുപത്തി അഞ്ചാം വര്‍ഷത്തിലാണ്. ഈ പിറന്നാള്‍ ആഘോഷ വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് നടന്നു കയറാന്‍ കഴിയുമെന്ന് മായാവതി നല്‍കുന്ന സൂചനകള്‍ ശ്രദ്ധേയമാണ്.

ജാതി രാഷ്ട്രീയ കളരിയില്‍ കാന്‍ഷിറാമിന്‍റെ സംരക്ഷണയില്‍ ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക ശക്തിയാവുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. 1984 ല്‍ ബി‌എസ്‌പിയുടെ രൂപീകരണത്തോടെ കാന്‍ഷിറാമിന്‍റെ ക്ഷണപ്രകാരമാണ് മായാവതി രാഷ്ട്രീയത്തില്‍ എത്തിയത്.

ഒരിക്കല്‍ ഐഎ‌എസ് എന്ന സ്വപ്നവുമായി നടന്ന പഠനോത്സുകയായ പെണ്‍കുട്ടിയാണ് ഇന്നത്തെ രാഷ്ട്രീയ തന്ത്രജ്ഞയായ മായാവതി എന്ന് വിശ്വസിക്കാന്‍ ഏറെ പേര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം അവിടെത്തന്നെ നിയമത്തിനും പഠിച്ച മായാവതിക്ക് ഒരു ബി‌എഡ് ഡിഗ്രിയുമുണ്ട്.

PTI
1984 ല്‍ ബി‌എസ്‌പി രൂപീകരിച്ച ഉടന്‍ മായാവതിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയുണ്ടായി. എന്നാല്‍, ആ തെരഞ്ഞെടുപ്പില്‍ മായാവതിക്ക് ജയിക്കാനായില്ല. തുടര്‍ന്ന് 1989ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മായാവതി ആദ്യമായി വിജയിക്കുന്നത്. എതിരാളികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന മായാവതിക്ക് ദളിതരുടെ ഇടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ പിന്നീട് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.

മൂന്ന് പ്രാവശ്യം ഉത്തര്‍പ്രദേശിന്‍റെ മുഖ്യ മന്ത്രി പദത്തിലെത്തിയ മായാവതി ജാതി കാര്‍ഡുകള്‍ വിദഗ്ധമായി കളിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു. ദളിതയായ മായ 2002- 2003ല്‍ ബിജെപിയുടെ സഹായത്താലാണ് രണ്ടാം തവണ മുഖ്യമന്ത്രി പദത്തില്‍ എത്തിയത്. 2007 ല്‍ മായാവതി നടത്തിയ സവര്‍ണ അനുകൂല നയം ഏറ്റവും ശ്രദ്ധേയമായി. ഈ നയമാറ്റം ഭരണത്തിലിരുന്ന മുലായം സര്‍ക്കാരിനെ വേരോടെ പിഴുതെറിയാനും മായയെ സഹായിച്ചു.

ഉത്തര്‍പ്രദേശിലെ ദളിതരുടെ ഇടയിലെ പ്രബലരായ ജാതവ വിഭാഗത്തിലാണ് മായാവതി ജനിച്ചത്. വാര്‍ത്താ വിനിമയ വകുപ്പിലെ ഒരു ഗുമസ്തനായിരുന്ന പ്രഭു ദാസാണ് പിതാവ്. അമ്മ രാം രതി.