നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും വി എസ് അച്യുതാനന്ദന്‍ ജയിക്കുകയും ചെയ്താല്‍ വി എസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായി. മുഖ്യമന്ത്രിപദത്തിലേക്കെത്താന്‍ വി എസ് തന്നെയായിരിക്കും ഒന്നാം പേരുകാരന്‍. ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി എസിന് ഉറപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി കോണ്‍ഗ്രസിന്‍റെയും പ്ലീനത്തിന്‍റെയും തീരുമാനങ്ങള്‍ അനുസരിച്ചാണ് വി എസിനെ മുന്നില്‍ നിര്‍ത്താന്‍ യെച്ചൂരി തീരുമാനമെടുത്തിരിക്കുന്നത്. ഇതിന് എതിര്‍പ്പുന്നയിക്കുന്നവര്‍ അച്ചടക്കം ലംഘിക്കുകയാണെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. ഭൂരിപക്ഷം കിട്ടുമ്പോള്‍ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ പോളിറ്റ് ബ്യൂറോ ഇടപെടുമെന്ന ഉറപ്പ് വി എസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്തെങ്കിലും വലിയ ഉറപ്പ് ലഭിക്കാതെ പിണറായി വിജയനൊപ്പം മത്സരിക്കാന്‍ വി എസ് തയ്യാറാകില്ലെന്ന് ഔദ്യോഗികപക്ഷവും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ വലിയ പ്രതിഷേധത്തിന് ഔദ്യോഗികവിഭാഗം തയ്യാറാവില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ് പ്രധാനം എന്ന കര്‍ശനമായ നിര്‍ദ്ദേശം എല്ലാവര്‍ക്കും പാര്‍ട്ടി നേതൃത്വം നല്‍കിയിട്ടുണ്ട്.
വി എസിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എതിര്‍പ്പുമായി രംഗത്തെത്തിയവരെ ശാസിച്ച് അടക്കിയിരുത്താന്‍ പോലും സീതാറാം യെച്ചൂരി തയ്യാറായത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ്.