പാട്ടീല്‍ പുറത്തേക്ക് ?

PROPRO
ആഭ്യന്തര സുരക്ഷയുടെ പിടിപ്പുകേട് ലോകത്തിനു മുമ്പില്‍ തുറന്നു കാണിച്ച മുംബൈ തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവ്‌രാജ് പാട്ടീല്‍ പുറത്താവുമെന്ന് സൂചന.

ശനിയാഴ്ച ദില്ലിയില്‍ നടന്ന സംഭവങ്ങള്‍ പാട്ടീലിന്‍റെ വഴി പുറത്തേക്കാണ് എന്ന സൂചനയാണ്` നല്‍കുന്നത്. മുംബൈ ആക്രമണങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഡല്‍ഹിയില്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ പങ്കെടുത്തിരുന്നില്ല. ഇത് അദ്ദേഹത്തിന്‌ സ്ഥാനം പോകുമെന്നതിന്‍റെ സൂചനായി കാണുന്നു.

ദില്ലി സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ ഉടുപ്പുമാറി പൌഡറിട്ട് ടി വി ക്കു മുന്നില്‍ വന്ന ആഭ്യന്തര മന്ത്രിയെ ജനങ്ങള്‍ അന്നേ തിരിച്ചറിഞ്ഞതാണ് .എന്നാല്‍ സോണിയാ ഗാന്ധിയുടെ സംരക്ഷണത്തിന്‍റെ മറവില്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

മുംബൈ ആക്രമത്തിന്‍റെ സാഹചര്യത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ രാജി വെക്കാന്‍ പാട്ടീല്‍ സന്നദ്ധത പ്രകടിപ്പിക്കുകപോലും ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. പാട്ടീല്‍ രാജി വച്ച് ഒഴിയണമെന്ന് പ്രതിപക്ഷത്തെ പോലെ തന്നെ കോണ്‍ഗ്രസിനുള്ളിലെ ചിലരും ആവശ്യപ്പെടുന്നുണ്ട് എന്നാണ് സൂചന.

സി.പി.ഐ സെക്രട്ടറി ബര്‍ദാന്‍ പാട്ടീലിന്‍റെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. ദില്ലി സ്ഫോടനം നടന്നപ്പോള്‍ പാട്ടീലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കുറി കൂടുതല്‍ ശക്തമായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.


PROPRO
ഡല്‍ഹിയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അവര്‍ ഇത് പരസ്യമായി ഉന്നയിച്ചേക്കും എന്നാണ് സൂചന.

സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ്‌ പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്‌. ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചു പോലുമില്ലെന്നാണ് ശ്രുതി. പക്ഷേ ആഭ്യന്തര സുരക്ഷ വിലയിരുത്തുന്നതിന്‌ ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ ശിവരാജ്‌ പാട്ടീലിന്‍റെ വീട്ടില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതുകാരണമാണോ പ്രധാന മന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാഞ്ഞത് എന്നു വ്യക്തമല്ല.

പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗ്, ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത, കരസൈന്യാധിപന്‍ ജനറല്‍ ദീപക് കപൂര്‍, നാവിക മേധാവി അഡ്മിറല്‍ സുരേഷ് മേത്ത, വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ ഹോമി മേജര്‍, കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അഡ്മിറല്‍ ആര്‍.എഫ്.കോണ്ട്രാക്ടര്‍, ഇന്‍റലിജന്‍സ് മേധാവി പി.സി.ഹല്‍ദര്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് ശനിയാഴ്ച വൈകിട്ട് മുംബൈയിലെ തീവ്രവാദി ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്. ഒരു പക്ഷെ, ഈ യോഗത്തിനു ശേഷം പാട്ടീലിന്‍റെ അവസ്ഥയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം കിട്ടിയേക്കും.

ആഭ്യന്തര സുരക്ഷയും മുംബൈയിലെ ആക്രമണവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ പ്രധാനമന്ത്രി നാളെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌.