പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

തിങ്കള്‍, 31 മെയ് 2010 (20:00 IST)
PRO
PRO
ചെന്നൈയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ പാക്കം എന്ന ഗ്രാമത്തിലെത്താം. തെങ്ങും വാഴത്തോപ്പുകളും പശുക്കളും ഒക്കെയുള്ളൊരു തനി കുഗ്രാമം. അവിടെയാണ് ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവാലയ എന്ന ഓര്‍ഫനേജ് സ്ഥിതിചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സന്നദ്ധപ്രവര്‍ത്തകരും ‘ആദി ആര്‍ട്ട്‌സ് അക്കാദമി’ എന്ന സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആര്‍ട്ട് ക്യാമ്പില്‍ സംബന്ധിക്കാനും പരിപാടി കവര്‍ ചെയ്യാനും ക്ഷണം ലഭിച്ചതിനാല്‍ രണ്ട് ജേണലിസ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും കൂടി.

പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ചൂട് സഹിക്കവയ്യാതായപ്പോള്‍ ആവഡിയില്‍ വണ്ടിനിര്‍ത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഉഷാറായി. അല്‍‌പം വിശ്രമിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. ആവഡിയില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന പാതയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് പിന്നെയും സഞ്ചരിക്കണം പാക്കമെത്താന്‍. ആവഡി - തിരുവള്ളൂര്‍ മെയിന്‍ റോഡില്‍ നിന്ന് ഉള്ളില്‍ കടന്നതോടെ ചൂട് സ്വല്‍‌പമൊന്ന് കുറഞ്ഞു. കുറച്ചുകൂടി ഉള്ളിലേക്ക് പോയപ്പോള്‍ ശരിക്കുമൊരു തമിഴ് ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ചൂട് തണുപ്പിക്കാന്‍ തടാകത്തിലിറങ്ങി നില്‍ക്കുന്ന പോത്തിന്‍‌കൂട്ടം, ചെറിയ കോയിലുകള്‍, മണ്ണുകൊണ്ട് തട്ടിപ്പൊത്തി ഉണ്ടാക്കിയ കൂരകള്‍, വേനല്‍‌ക്കാല അവധിയായതിനാല്‍, കുടുസുവഴികളില്‍ കളിച്ച് തിമിര്‍ക്കുന്ന കരുമാടിക്കുട്ടന്മാര്‍, ആടുമേച്ചുനടക്കുന്ന ദുരിതവാര്‍ദ്ധക്യങ്ങള്‍...

കാലിഫോര്‍ണിയയില്‍ നിന്ന് വന്നിട്ടുള്ള അമേരിക്കന്‍ സായിപ്പന്‍‌മാര്‍ക്ക് ഈ കുഗ്രാമത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. സഞ്ചരിച്ചുകൊണ്ടിരിക്കേ, വഴിയുടെ അതിരുകള്‍ ചുരുങ്ങി വന്നു. ഒരു വലിയ കാറിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പാകത്തിലുള്ള വഴിയിലൂടെയാണ് ഞങ്ങള്‍ സേവാലയ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നത്.

അവസാനം സേവാലയ എന്നെഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ ഞങ്ങളെത്തി. മതില്‍‌ക്കെട്ടിനുള്ളില്‍ കടന്നതോടെ ഹരിതസ‌മൃദ്ധി ഞങ്ങളുടെ വിയര്‍പ്പാറ്റി. നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിന്റെ അവസാന ദിവസത്തിലാണ് ഞങ്ങള്‍ എത്തിയത്. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. ക്യാമ്പ് നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ നടന്നു.

ഹാളിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുള്ളില്‍ കണ്ട അത്ഭുതക്കാഴ്ചകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ടെറക്കോട്ടയും മണ്ണും മരവും കടലാസും പള്‍‌പ്പും ഉപയോഗിച്ച് രൂപങ്ങളുടെയും വര്‍ണങ്ങളുടെയും ഒരു മായികപ്രപഞ്ചം ഹാളിനുള്ളില്‍ ഒരുങ്ങിയിരിക്കുന്നു! ഞങ്ങള്‍ വന്നതറിഞ്ഞ് ആദി ആര്‍ട്ട്‌സ് അക്കാദമിയിലെ സാലൈ മാണിക്കം ഞങ്ങളെ സ്വീകരിക്കാനെത്തി. കൃത്യം സമയത്തുതന്നെ ക്യാമ്പിന്റെ സമാപനച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും സാലൈ മാണിക്കം ഞങ്ങളെ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത കൊച്ചുകുട്ടികള്‍ തീര്‍ത്ത കരവിരുതിന്റെ നിര്‍മിതികള്‍ ഓരോന്നായി ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ നിന്നുള്ള കലാസ്വാദകര്‍ ഹാളില്‍ സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരുന്നു. പാക്കം ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണോ ഹാളിലെ മായികക്കാഴ്ചയ്ക്ക് പിന്നിലെന്ന് ചിലരുടെ കണ്ണുകളെങ്കിലും അത്ഭുതപ്പെടുന്നത് ഞങ്ങള്‍ കണ്ടു.

അടുത്ത പേജില്‍ വായിക്കുക, ‘സായിപ്പ് ഇന്ത്യയില്‍ വരുന്നതെന്തിന്?’

PRO
PRO
അല്‍‌പസമയം കഴിഞ്ഞപ്പോള്‍ വിയറ്റ്‌നാം‌കാരിയെ പോലെ തോന്നിക്കുന്ന ഒരു യുവതി ഭക്ഷണമുറിയില്‍ നിന്നിറങ്ങി ഹാളില്‍ വന്നു. ഗ്രാമത്തില്‍ നിന്നെത്തി കലാസൃഷ്‌ടികള്‍ ആസ്വദിക്കുന്നവരുടെ അടുത്തുചെന്ന് അവര്‍ സംസാരിക്കാന്‍ തുടങ്ങി. സ്ഫുടതയുള്ള ഇംഗ്ലീഷില്‍ പതുക്കെപ്പതുക്കെ അവര്‍ ഗ്രാമീണരോട് സംസാരിച്ചു. അവര്‍ പറയുന്നത് ഗ്രാമീണര്‍ക്ക് മനസിലായില്ലെങ്കിലും എന്തൊക്കെയോ തരത്തിലുള്ള ആശയവിനിമയം ആ യുവതിക്കും ഗ്രാമീണര്‍ക്കും ഇടയില്‍ നടക്കുന്നുണ്ടായിരുന്നു എന്ന് നിശ്ചയം.

അതിനിടെ സാലൈ മാണിക്കവും സേവാലയയുടെ സ്ഥാപകനായ മുരളിയും ഞങ്ങളുടെ അടുത്തെത്തി. സാലൈ മാണിക്കം “ ഇതാണ് ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സ്ഥാപക മായ് ലീ” എന്ന് ആ യുവതിയെ പരിചയപ്പെടുത്തി. ആ നിമിഷം തൊട്ട് മായ് ലീ വാതോരാതെ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. ഒപ്പം, ആര്‍ട്ട് ക്യാമ്പിലെ കലാസൃഷ്ടികള്‍ കാണാനെത്തുന്നവരുടെ പക്കല്‍ ഓടിയെത്തി കലാസൃഷ്ടികളെ പറ്റി വിവരിക്കാനും ഈ ഊര്‍ജസ്വലയായ യുവതി സമയം കണ്ടെത്തി.

അമേരിക്കന്‍ പൌരന്മാരായ ഒന്‍‌പതോളം പേര്‍ ചേര്‍ന്നാണ് ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജ് നടത്തുന്നത്. ഓരോ വര്‍ഷവും ഒരു രാജ്യം തെരഞ്ഞെടുത്ത് അവിടത്തെ സ്കൂളുകളിലോ മറ്റ് സ്ഥാപനങ്ങളിലോ ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുകയാണ് ആര്‍ട്ട് വില്ലേജ് ചെയ്തുകൊണ്ടിരിക്കുന്നത്. ‘സര്‍ഗാത്മകത പ്രകാശിപ്പിക്കാന്‍ ഒരു വഴി’ (എക്സ്പ്രഷന്‍ ഓഫ് ക്രിയേറ്റിവിറ്റി) എന്നാണ് ആര്‍ട്ട് ക്യാമ്പിന്റെ തീമിനെ പറ്റി മായി വിശേഷിപ്പിക്കുന്നത്. മായിയുടെ ഭര്‍ത്താവും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ ബോബ് ബ്രീച്ചും ക്യാമ്പിനെ പറ്റി വാചാലനായി.

സാധാരണ ജീവിതം നയിക്കുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാന്‍ വിഭവങ്ങളും അടിസ്ഥാനസൌകര്യങ്ങളും ഇല്ലാത്ത കുട്ടികളെ സ്വപ്നം കാണാന്‍ സഹായിക്കുകയാണ് ആര്‍ട്ട് വില്ലേജിന്റെ രീതിയെന്ന് ബോബ് പറയുന്നു. ഹാളില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന ശില്‍‌പങ്ങളും ചിത്രങ്ങളും ഫോട്ടോകളും മറ്റ് കരകൌശല വിരുതുകളും ഒരോ കുട്ടികളുടെയും ആത്മാവിഷ്കാരമാണ്. ഇവിടെ ചിത്രം വരച്ചവര്‍ ഭാവിയില്‍ ചിത്രകാരന്മാര്‍ ആയേക്കണമെന്നില്ല. ഫോട്ടോ എടുത്തവര്‍ ഫോട്ടോഗ്രാഫര്‍‌മാരും ആയേക്കില്ല. എങ്കിലും തങ്ങളുടെ ‘സെല്‍‌ഫ് എക്സ്പ്രഷന്‍’ നാട്ടുകാരെയും വീട്ടുകാരെയും തങ്ങളെ തന്നെയും അത്ഭുതപ്പെടുത്തുന്നുവെന്നും കുട്ടികള്‍ മനസിലാക്കിയിരിക്കുന്നു. ഈ കൈപിടിച്ച് നടത്തലാണ് സംഘടനയുടെ ലക്ഷ്യം.

സായിപ്പന്‍‌മാര്‍ക്ക് ഇന്ത്യയോടുള്ള ‘അമിതസ്നേഹം’ പലപ്പോഴും ജയിലുകളില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുള്ളതിനാല്‍ മായിയെയും ബോബിനെയും ഞങ്ങള്‍ ചെറുതായൊന്ന് കുടഞ്ഞു. ഇന്ത്യയോട് മാത്രമല്ല ആഫ്രിക്കയോടും ബൊളീവിയയോടുമൊക്കെ ഇതേ ചേതോവികാരം തന്നെയാണ് ഉള്ളതെന്ന് ബോബ് മറുപടി പറഞ്ഞു. ഇന്ത്യ വളരെ വര്‍ണാഭമാണ്, എന്നാല്‍ ആഫ്രിക്ക ഇതിനേക്കാള്‍ വര്‍ണാഭമാണെന്ന് എടുത്തടിക്കാനും ബോബ് മടിച്ചില്ല. ഇവാഞ്ചലൈസേഷന്‍, പെണ്ണ്, മയക്കമരുന്ന്, ബാലപീഢനം തുടങ്ങിയവയ്ക്കുള്ള വളക്കൂറുള്ള മണ്ണായി ഇന്ത്യയെ കരുതുന്ന സായിപ്പന്മാര്‍ ഏറെയുണ്ടെന്ന് ഞങ്ങള്‍ മായിയെയും ബോബിനെയും ഓര്‍മിപ്പിച്ചു.

അടുത്ത പേജില്‍ വായിക്കുക, ‘ഹോളിവുഡിനെന്തേ ഇന്ത്യയെ പിടിക്കില്ലേ?’

PRO
PRO
‘താന്‍ എങ്ങിനെയാണോ അങ്ങിനെ തന്നെ ആയിരിക്കാനു’ള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ടെന്നും ഇന്ത്യയുടെ ഊര്‍ജ്ജം (ഫിസിക്കല്‍ എനര്‍ജി) വളരെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ബോബ് പറഞ്ഞു. മിക്ക അമേരിക്കക്കാരും ഇന്ത്യന്‍ മിഥോളജിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് ബോബ് സൂചിപ്പിച്ചപ്പോള്‍ അടുത്ത ചോദ്യം ‘എന്നിട്ടും എന്തേ ഹോളിവുഡില്‍ ഇന്ത്യന്‍ മിഥോളജിയെ പ്രമേയമാക്കി ഒരു സിനിമ പോലും ഉണ്ടാവാതിരുന്നത്’ എന്നായി. ഗ്രീക്ക് സംസ്കാരവും ബൈബിള്‍ പശ്ചാത്തലവും അമേരിക്കയുടെ അല്ലെങ്കില്‍ ഇംഗ്ലീഷിന്റെ ഹൃദയത്തില്‍ തന്നെ ഉള്ളതുകൊണ്ടാണ് അത്തരം പ്രമേയങ്ങളില്‍ സിനിമകള്‍ വരുന്നത് എന്നായി ബോബ്. പിന്നെ, ഹോളിവുഡ് സിനിമ ഒരു ബിസിനസ് ആണെന്ന് മനസിലാക്കണമെന്നും പോപ്പുലര്‍ തീമുകളെ പ്രമേയമാക്കിയാലേ സിനിമയോടൂ എന്നും ബോബ് വിശദീകരിച്ചു.

മീരാ നയ്യാരുടെ ‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ അമേരിക്കയില്‍ കൊയ്ത്ത് നടത്തിയ കാര്യവും ഇംഗ്ലീഷ് സംസ്കാരത്തിന്റെ തിരുശേഷിപ്പുകളെ സിനിമയാക്കാന്‍ നടക്കുന്ന ശേഖര്‍ കപൂര്‍ (എലിസബെത്ത് ഓര്‍മിക്കുക) എന്ത് കൊണ്ട് ഇന്ത്യന്‍ മിഥോളജിയെ പ്രമേയമാക്കുന്നില്ല എന്ന ചോദ്യവും എണ്ണം പറഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ മനോജ് നൈറ്റ് ശ്യാമളന്‍ എന്തേ ലഭിച്ച പ്രശസ്തിയും അവസരവും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന സന്ദേഹവും ബോബ് ഉയര്‍ത്തി. ചര്‍ച്ചയില്‍ ഇടപെട്ട്, ‘വിഷയം വഴിമാറുന്നു’ എന്ന് മായ് ലീ ഓര്‍മിപ്പിച്ചപ്പോള്‍ ഞങ്ങള്‍ വീണ്ടും ‘ആര്‍ട്ട് ക്യാമ്പി’ലെത്തി.

എന്‍‌ജി‌ഓകളുമായി ബന്ധപ്പെട്ട് ഏറെ ധനാപഹരണ ആരോപണങ്ങള്‍ കത്തിനില്‍‌ക്കുന്ന കാലമാണെന്ന് കരുതിയാകണം, കൂട്ടുകാരിലൊരാളുടെ ചോദ്യം ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ ധനസമാഹരണ രീതികളെ പറ്റിയായിരുന്നു. ആര്‍ട്ട് വില്ലേജില്‍ ആകെയുള്ളത് ഒന്‍‌പത് അംഗങ്ങളാണെന്നും ഇവരെല്ലാം ജോലി ചെയ്യുന്നവരാണെന്നും അവരുടെ ശമ്പളത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ക്യാമ്പ് നടത്തിപ്പിനായി നടത്തുന്നതെന്നും മായ് ലീ പറഞ്ഞു. സേവാലയയില്‍ ഇപ്പോള്‍ നടന്ന ക്യാമ്പിനായി ആര്‍ട്ട് വില്ലേജിലെ ഒന്‍‌പത് അംഗങ്ങളും നാലായിരം ഡോളര്‍ വച്ച് എടുത്തിട്ടുണ്ടെന്നും മായ് ലീ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ ഘാനയിലായിരുന്നു ആര്‍ട്ട് ക്യാമ്പ്. ആര്‍ട്ട് വില്ലേജ് അംഗങ്ങള്‍ക്കൊപ്പം മറ്റ് വളണ്ടിയര്‍മാരും ഈ ക്യാമ്പില്‍ സംബന്ധിച്ചു. ഒരു ക്യാമ്പ് നടത്തിക്കഴിഞ്ഞാല്‍ ആ സ്ഥാപനം ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തെ സഹായിക്കുന്ന രീതിയില്ല ആര്‍ട്ട് വില്ലേജിന്റേത്. തുടങ്ങിവച്ച ഉദ്യമങ്ങള്‍ക്ക് പിന്തുടര്‍ച്ച (ഫോളോ‌അപ്പ്) ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ സേവാലയയില്‍ ഒരു ടീച്ചറെ നിയമിക്കാനുള്ള ധനസഹായം നല്‍‌കിക്കൊണ്ടാണ് ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പാക്കം ഗ്രാമം വിടുക.

പ്രത്യേകമായ സാംസ്കാരിക അന്തരീക്ഷത്തില്‍ വളര്‍ന്നത് കൊണ്ടായിരിക്കണം സേവാലയിലെ കുട്ടികള്‍ ആദ്യമൊക്കെ പരിചയപ്പെടാന്‍ മടി കാണിച്ചുവെന്ന് ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഘാനയില്‍ അതായിരുന്നില്ല അനുഭവം. ആഫ്രിക്കന്‍ കുട്ടികള്‍ ഇന്ത്യന്‍ കുട്ടികളേക്കാള്‍ ഊര്‍ജസ്വലരാണ്. അടുത്തതായി ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പോകുന്നത് ബൊളീവിയയിലേക്കാണ് - തടവില്‍ കഴിയുന്ന അമ്മമാരുടെ കുട്ടികളെ വളര്‍ത്തുന്ന ഓര്‍ഫനേജിലേക്ക്.

വെബ്ദുനിയ വായിക്കുക