പാകിസ്ഥാനിലെ സ്ഫോടന ശബ്ദങ്ങള്‍

തിങ്കള്‍, 30 മാര്‍ച്ച് 2009 (17:52 IST)
PTI
അല്‍-ക്വൊയ്ദയും താലിബാനും സുരക്ഷിത താവളമാക്കിയിരിക്കുന്ന പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും സ്ഫോടനങ്ങള്‍ക്കും ഇപ്പോള്‍ മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. എപ്പോള്‍ വേണമെങ്കിലും എന്ത് വേണമെങ്കിലും നടക്കാം എന്ന സുരക്ഷിതത്വ ബോധമില്ലായ്മ കാരണം ജനങ്ങള്‍ ഓരോ ആക്രമണത്തെയും നിസംഗതയോടെയാവും നേരിടുക.

ഭീകരരെ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത് അസ്ഥിരമായ അവിടുത്തെ ഭരണകൂടങ്ങളാണ്. പാക് ഭരണകൂടത്തില്‍ നിന്ന് പരോക്ഷമായും ഐഎസ്‌ഐയില്‍ നേരിട്ടും സഹായം ലഭിക്കുമ്പോള്‍ അവര്‍ എന്തിന് മറ്റൊരു കേന്ദ്രം താവളമാക്കണം. ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ശക്തിയായി തീവ്രവാദികളെ വളര്‍ത്തിയതും പാകിസ്ഥാന്‍റെ ഈ സമീപനങ്ങളാണ് എന്ന് വേണം കരുതാന്‍.

എന്നാല്‍ അഫ്ഗാനില്‍ തീവ്രവാദം തുരത്താനെന്ന പേരില്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നടപടികളാണ് പാകിസ്ഥാനില്‍ തീവ്രവാദ ക്യാമ്പുകള്‍ ശക്തമാക്കിയതെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ തീവ്രവാദം നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പുതിയ നയം ആവിഷ്കരിച്ചതും അതിന് പാക് സര്‍ക്കാര്‍ പിന്തുണ നല്‍കിയതും തീവ്രവാദികളെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കും എന്നാണ് തിങ്കളാഴ്ച ലാഹോറില്‍ നടന്ന ആക്രമണം നല്‍കുന്ന സൂചന.

ചെറുതും വലുതുമായ നൂറിലധികം ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നടന്നിട്ടുള്ളത്. ആയിരക്കണക്കിന് ജീവന്‍ ഈ ആക്രമണങ്ങളില്‍ ബലിയര്‍പ്പിക്കപ്പെട്ടു. 2007 മുതലുള്ള വലിയ ആക്രമണങ്ങളെ മാത്രം വിലയിരുത്തിയാല്‍ തന്നെ പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങളുടെ ഭീകരതയുടെ ആഴം മനസിലാക്കാവുന്നതേയുള്ളൂ.


2007 ഒക്ടോബര്‍ 18ന് കറാച്ചിയില്‍ നടന്ന സ്ഫോടനം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പാക് മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പങ്കെടുത്ത റാലിക്ക് നേരെയുണ്ടായ ചാവേറാക്രമണം അപഹരിച്ചത് 139 ജീവനുകളാണ്. 400 പേര്‍ക്ക് പരുക്കേറ്റു. മുഷറഫ് ഭരണകൂടം നാടുകടത്തിയ ബേഅസീര്‍ എട്ടു വര്‍ഷത്തിന് ശേഷം ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പാകിസ്ഥാനില്‍ മടങ്ങിയെത്തിയതായിരുന്നു.

ഡിസംബര്‍ 21ന് വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 27ന് റാവല്പിണ്ടിയില്‍ ബേനസീറിന്‍റെ റാലിക്ക് നേരെ നടന്ന വെടിവപ്പിലും സ്ഫോടനത്തിലും ബേനസീര്‍ ഭൂട്ടോ അടക്കം 20 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ എക്കാലത്തേയും മികച്ച പ്രധാനമന്ത്രിമാരിലൊരാളായ ബേനസീറിന്‍റെ ജീവന്‍ അപഹരിക്കപ്പെട്ട ഈ ആക്രമണം പാകിസ്ഥാന്‍റെ ചരിത്രത്തില്‍ എക്കാലത്തേയും വലിയ നഷ്ടമായി എഴുതിച്ചേര്‍ക്കപ്പെട്ടു.

2008 ഫെബ്രുവരി 16ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുട റാലിക്ക് നേരെ പരച്ചിനാര്‍ പട്ടണത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 37 ജീവനുകള്‍ ഭീകരതയ്ക്കിരയായി. അതേ മാസം 29ന് സ്വാത് താഴ്‌വരയിലെ മിംഗോറയിലായിരുന്നു തീവ്രവാദികളുടെ ആക്രമണം. ഇവിടെ 44 പേരെ ഭീകരത വിഴുങ്ങി. ദിവസങ്ങളുടെ അകലം മാത്രമായിരുന്നു ഓരോ ആക്രമണങ്ങള്‍ക്കും ഉണ്ടായിരുന്നത്.

മാര്‍ച്ച് രണ്ടിന് ദാര ആദം ഖേല്‍ പട്ടണത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 43 പേരും പത്തിന് ലാഹോറിലെ ഫെഡറല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഏജന്‍സി കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 26 പേരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇടം തേടി. പലപ്പോഴും സുരക്ഷാ സേനയെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഓഫീസുകളടക്കം ഭീകരര്‍ ആക്രമണത്തിന് വിധേയമാക്കിയത്.

പിന്നീട് മൂന്ന് മാസത്തോളം വലിയ ആക്രമണങ്ങള്‍ ഉണ്ടായില്ലെങ്കിലും ചെറിയ സ്ഫോടനങ്ങള്‍ നിരവധി നടന്നു. റെഡ് മോസ്കില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ജൂലായ് ആറിന് തലസ്ഥാനത്ത് സൈനിക റാലി നടക്കുന്നതിനിടെയായിരുന്നു അടുത്ത ചാവേറാക്രമണം. സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ആഗസ്റ്റ് 21ന് ‘വാ’ പ്രവിശ്യയിലുള്ള ആയുധ ഫാക്ടറിക്ക് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 57 പേര്‍ രക്തസാക്ഷികളായി.

സെപ്തംബര്‍ 20നായിരുന്നു തലസ്ഥാന നഗരിയെ വിറപ്പിച്ച മാരിയറ്റ് ഹോട്ടല്‍ ആക്രമണം. ബോംബ് നിറച്ച ട്രക്ക് ഹോട്ടലിന് നേരെ ഓടിച്ചുകയറ്റുകയായിരുന്നു. 60 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഹോട്ടല്‍ ഏതാണ്ട് പൂര്‍ണമായും അഗ്നിക്കിരയായി. ഈയടുത്താണ് ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.

ഈ വര്‍ഷവും ഭീകരര്‍ സ്വാതിലും മറ്റ് മേഖലകളിലും ആക്രമണം തുടര്‍ന്നു. എന്നാല്‍ മാര്‍ച്ച് ഒന്‍പതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ആക്രമണം പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ആക്രമണത്തില്‍ കളിക്കാരടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പൊലീസുകാരടക്കം എട്ടുപേര്‍ മാത്രമേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുള്ളൂ എങ്കിലും കായിക ലോകത്തിന് മുന്നില്‍ പാക് ആഭ്യന്തര മന്ത്രാലയം നാണംകെട്ട് തലകുനിച്ചു.

അടുത്ത ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാന്‍ വേദികള്‍ ഒഴിവാക്കാന്‍ ഐസിസി തീരുമാനിച്ചത് ഈ ആക്രമണത്തെ തുടര്‍ന്നായിരുന്നു. 27ന് വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ 70 വിശ്വാസികള്‍ കൂടി തീവ്രവാദത്തിന്‍റെ ഇരകളായി. ഏറ്റവും ഒടുവില്‍ ലാഹോറില്‍ പൊലീസ് പരിശീലന കേന്ദ്രം തന്നെ തീവ്രവാദികള്‍ ആക്രമണത്തിനിരയാക്കിയപ്പോള്‍ അസ്ഥിരമായ പാക് സര്‍ക്കാരിന്‍റെ സുരക്ഷാ പാളിച്ച ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുകയായിരുന്നു ഭീകരര്‍.

തീവ്രവാദികള്‍ വേട്ടക്കാരനും ജനങ്ങള്‍ ഇരകളുമാകുന്ന ഈ രക്തരൂക്ഷിത ഗെയിമില്‍ അന്തിമ വിജയം എപ്പോഴും തീവ്രവാദികള്‍ക്കൊപ്പമാണ് എന്നതാണ് പാകിസ്ഥാനിലേയും മറ്റ് ലോക രാഷ്ട്രങ്ങളിലേയും ഭീകരാക്രമണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഒപ്പം ഇനിയൊരു ചെറുത്തുനില്പിന് ശേഷിയില്ലാത്ത വിധം പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിക്കഴിഞ്ഞു എന്ന നഗ്നസത്യവും.

വെബ്ദുനിയ വായിക്കുക